Friday, January 19, 2024

81 പുതുവത്സര കാര്‍ട്ടൂണ്‍

പുതുവത്സര കാര്‍ട്ടൂണ്‍

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-81. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.

രാഷ്ട്രീയ ഇടവഴി 81
സുധീര്‍ നാഥ്

പുതുവത്സര കാര്‍ട്ടൂണ്‍

ഇന്ത്യയില്‍ മാധ്യമങ്ങളില്‍ കാര്‍ട്ടൂണുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത് 1850 മുതലാണ് എന്ന് സസക്സ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറും കലാ ചരിത്ര ഗവേഷകനുമായ പാര്‍ത്ഥാ മിറ്റര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കാര്‍ട്ടൂണുകള്‍ ആദ്യമായി പ്രസിദ്ധീകരിച്ചത് ഡല്‍ഹി സ്കെച്ച് ബുക്കിലാണെന്ന് അവകാശപ്പെടുന്നു. ഇന്ത്യയിലെ കാര്‍ട്ടൂണ്‍ ചരിത്രം വടക്കേ ഇന്ത്യയില്‍ നിന്നാണ് ആരംഭിക്കുന്നത്. ഉറുദു ഹാസ്യസാഹിത്യ ക്യതികള്‍ക്ക് ഹാസ്യ ചിത്രീകരണം നടത്തിയാണ് ഇതിന് തുടക്കമായത്. പിന്നീട് കാര്‍ട്ടൂണ്‍ സ്വതന്ത്രമായി മാറുകയായിരുന്നു. ബ്രിട്ടീഷുകാരാണ് കാര്‍ട്ടൂണ്‍ കലയെ ഇന്ത്യയ്ക്ക് പരിചയപ്പെുത്തി കൊടുത്തത്. പഞ്ച് മാസികയിലൂടെ ഇന്ത്യയില്‍ അവര്‍ ഹാസ്യ ചിത്രങ്ങളെ പരിചയപ്പെടുത്തി. വടക്കേ ഇന്ത്യയില്‍ പഞ്ചിന്‍റെ ചുവട് പിടിച്ചാണ് ഹാസ്യ ചിത്രരചന നടന്നിരുന്നത്.

എല്ലാ പുതുവര്‍ഷത്തിലും കാര്‍ട്ടൂണുകള്‍ വരയ്ക്കുകയും അത് പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്യുന്നത് ഒരു പതിവ് ശൈലിയായി മാറിയിരിക്കുന്നു. ബഡ്ജറ്റ് അവതരിപ്പിക്കുന്ന കാലത്ത് ബഡ്ജറ്റ് കാര്‍ട്ടൂണുകള്‍ വ്യാപകമായി വരയ്ക്കപ്പെടുന്നത് പോലെ തന്നെയാണ് പുതുവത്സര ദിനത്തില്‍ പുതുവത്സര കാര്‍ട്ടൂണുകള്‍ വരയ്ക്കപ്പെടുന്നത്. ഇന്ത്യയില്‍ കാര്‍ട്ടൂണ്‍ രചന വ്യാപകമായി തുടങ്ങിയ കാലം മുതല്‍ തന്നെ പുതുവത്സര കാര്‍ട്ടൂണുകള്‍ വരയ്ക്കപ്പെടുന്നുണ്ട്. ഇന്ത്യയുടെ പ്രതീകമായ ഭാരതാംബയെ പ്രതിനിധീകരിച്ച് ഒരു സ്ത്രീ രൂപമാണ് കാലങ്ങളായി കാര്‍ട്ടൂണിസ്റ്റുകള്‍ വരയ്ക്കുന്നത്. ഓരോ പുതുവര്‍ഷവും ഒരു കുട്ടിയെ ആയിരിക്കും പുതുവര്‍ഷത്തിന്‍റെ പ്രതീകമായി ചിത്രീകരിക്കുന്നതും. ഈ പതിവ് ശൈലി തന്നെയാണ് നമ്മുടെ എല്ലാ കാര്‍ട്ടൂണിസ്റ്റുകളും പുതുവത്സര കാര്‍ട്ടൂണുകളില്‍ വരയ്ക്കുന്നത്. 

ഇന്ത്യയില്‍ ആദ്യമായി കാര്‍ട്ടൂണുകള്‍ വരയ്ക്കപ്പെട്ടത് ബ്രിട്ടീഷ്  ഭരണകാലത്താണ് എന്ന് ചരിത്രം പറയുന്നു. ബ്രിട്ടീഷ് കാര്‍ട്ടൂണ്‍ ശൈലിയില്‍ തന്നെയാണ് ഇന്ത്യന്‍ കാര്‍ട്ടൂണിസ്റ്റുകള്‍ ആദ്യകാലങ്ങളില്‍ കാര്‍ട്ടൂണുകള്‍ വരച്ചിരുന്നത്. പഞ്ച് മാസികയുടെ വലിയ സ്വാധീനം കാര്‍ട്ടൂണ്‍ വരച്ചിരുന്നവര്‍ക്ക് സ്വാഭാവികമായും ഉണ്ടാകുമല്ലോ. ആദ്യകാലത്തെ ഒരു പുതുവത്സര കാര്‍ട്ടൂണാണ് ഇവിടെ കൊടുക്കുന്നത്. 1898 ജനുവരി മാസം ആറാം തീയതി പ്രസിദ്ധീകരിച്ച ഒരു കാര്‍ട്ടൂണാണിത്. ഭാരതാംബ പുതിയ വര്‍ഷത്തെ ഒരു സൈക്കിളില്‍ ഇരുത്തി കൊണ്ടുപോകുന്നതാണ് കാര്‍ട്ടൂണ്‍. ഫീഡം ഓഫ് സ്പീച്ച് ആന്‍ഡ് എക്സ്പ്രഷന്‍ ബില്ലിന്‍റെ ഡ്രാഫ്റ്റ് ആണ് സൈക്കിള്‍. ഈ സൈക്കിളില്‍ ആണ് പുതുവര്‍ഷം ഇരിക്കുന്നതും ഭാരതാംബ തള്ളിക്കുണ്ട് പോകുന്നതും. ഇത്തരത്തില്‍ ഓരോ വര്‍ഷവും വ്യത്യസ്ത ആശയങ്ങള്‍ പുതുവത്സര കാര്‍ട്ടൂണുകളിലൂടെ കാര്‍ട്ടൂണിസ്റ്റുകള്‍ പ്രകടിപ്പിക്കാറുണ്ട്.

No comments:

Post a Comment