Thursday, January 4, 2024

35 ദക്ഷിണ സംസ്ഥാനം നടക്കാതെ പോയി…

ദക്ഷിണ സംസ്ഥാനം നടക്കാതെ പോയി…

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-35. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 35

സുധീര്‍ നാഥ്

ദക്ഷിണ സംസ്ഥാനം നടക്കാതെ പോയി...  

ഇന്ത്യയുടെ തെക്കുഭാഗത്തുള്ള ദ്രാവിഡ സംസ്ഥാനങ്ങളേയും കേന്ദ്രഭരണ പ്രദേശങ്ങളേയും പൊതുവായി വിശേഷിപ്പിക്കുന്ന പേരാണ് ദക്ഷിണേന്ത്യ (തെക്കേയിന്ത്യ). കര്‍ണാടകം, തമിഴ്നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളും പോണ്ടിച്ചേരി, ലക്ഷദ്വീപ് കേന്ദ്രഭരണ പ്രദേശങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ദക്ഷിണ സംസ്ഥാനം എന്ന ആശയം ഒരുകാലത്ത് ഉയര്‍ന്ന് വന്നിരുന്നു. അത് ചരിത്രത്തിന്‍റെ ഭാഗമാണ്.  

ഐക്യ കേരളം രൂപം കൊള്ളുന്നതിനു മുമ്പ് തിരുവിതാംകൂറും കൊച്ചിയും സംയോജിക്കുകയുണ്ടായി. തിരു കൊച്ചി സംയോജനം എന്നാണ് അതിനെ പറഞ്ഞിരുന്നത്. തിരുകൊച്ചിയെ മലബാറുമായി വേര്‍തിരിക്കുന്ന പ്രദേശങ്ങളില്‍ അതിര്‍ത്തി കല്ലുകള്‍ ഇട്ടിരുന്നു. കൊതിക്കല്ല് എന്നാണ് അതിനെ പറഞ്ഞിരുന്നത്. കൊച്ചിയുടെ കോയും തിരുവതാംകൂറിന്‍റെ തീയും ചേര്‍ന്നാണ് കൊതിക്കല്ല് എന്ന പേര് ഉണ്ടായതെന്ന് ചരിത്രം. ഇന്നും കേരളത്തിന്‍റെ പല ഭാഗങ്ങളിലും കൊതിക്കല്ലിന്‍റെ തെളിവുകളായ കല്ലുകള്‍ കാണാവുന്നതാണ്. തിരുകൊച്ചിയാണ് പിന്നീട് മലബാറുമായി ലയിക്കുന്നത്. അങ്ങനെ കേരളം എന്ന സംസ്ഥാനം രൂപം കൊണ്ടു. ദക്ഷിണ സംസ്ഥാനം എന്നൊന്ന് രൂപീകരിക്കണം എന്ന ആശയത്തിന് കേരളം രൂപം കൊടുത്തതോടുകൂടി ചര്‍ച്ച അവസാനിക്കുകയാണ് ഉണ്ടായത്. 

ദേശബന്ധു പത്രത്തില്‍ കാര്‍ട്ടൂണിസ്റ്റ് കെ.എസ്. പിള്ള ഈ സംഭവ വികാസങ്ങള്‍ വളരെ ലളിതമായി കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിരിക്കുന്നു. തിരുവിതാംകൂര്‍ ആകുന്ന തവള കൊച്ചിയാകുന്ന തുമ്പിയെ നാക്ക് നീട്ടിപ്പിടിച്ച് അകത്താക്കുന്നതാണ് കാര്‍ട്ടൂണിലെ ആദ്യഭാഗം. പാമ്പായ മലബാര്‍ തിരുകെച്ചിയായ തവളയെ വിഴുങ്ങി കേരള സംസ്ഥാനം രൂപീകൃതമാകുന്നതാണ് രണ്ടാമത്തെ കോളം. കേരളമാകുന്ന ഭയങ്കര വലിയ സര്‍പ്പത്തെ കണ്ട് പേടിച്ചോടുന്ന ദക്ഷിണ സംസ്ഥാനം എന്ന ആശയവുമായി എത്തിയ കീരിയാണ് മൂന്നാമത്തെ കോളം. അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വളരെ ലളിതമായി കാര്‍ട്ടൂണിലൂടെ അവതരിപ്പിച്ചത് ഗംഭീരമായി.

കാര്‍ട്ടൂണ്‍ കടപ്പാട് : ദേശബന്ധു

No comments:

Post a Comment