Thursday, January 4, 2024

07 ‘എന്തെടി പെണ്ണേ മാസം മൂന്നായിട്ടും വിചേഴമൊന്നുമില്ലേ…?’

‘എന്തെടി പെണ്ണേ മാസം മൂന്നായിട്ടും വിചേഴമൊന്നുമില്ലേ…?’

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-7. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 07

സുധീര്‍ നാഥ്

വിശേഷമൊന്നും ആയില്ലേ...?

സര്‍ക്കാര്‍ സര്‍വ്വീസില്‍ ഉള്ളവര്‍ക്ക്, അവരുടെ സര്‍ഗ്ഗവാസന പരസ്യപ്പെടുത്തുന്നതിന് ചില തടസ്സങ്ങള്‍ ഉണ്ട്. സര്‍ക്കാര്‍ ജോലിയില്‍ ഉള്ളവര്‍ കഥ കവിത ചിത്രം അഭിനയം തുടങ്ങിയവ പരസ്യപ്പെടുത്തുന്നതിന് മുമ്പ് സര്‍ക്കാര്‍ അനുമതി വാങ്ങണം എന്നുണ്ട്. അഭിനയരംഗത്ത് ആണെങ്കിലും രചനാരംഗത്ത് ആണെങ്കിലും കര്‍ശനമായി മേല്‍ ഉദ്യേഗ്രസ്ഥന്‍റെ അനുമതി ലഭിച്ച ശേഷമേ സര്‍ഗ്ഗവാസനകളില്‍ ഏര്‍പ്പെടാവൂ. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സമ്മതം ലഭിച്ചാല്‍ പോലും സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഒരു നടപടിയും സ്വീകരിക്കാന്‍ പാടില്ല എന്നുള്ള ഉടമ്പടിയും ഉണ്ട്. പലരും സമ്മതം വാങ്ങിയതിനു ശേഷം സര്‍ഗ്ഗവാസനയില്‍ ഏര്‍പ്പെടുന്നു. ചിലര്‍ തൂലികാനാമത്തിലൂടെ സര്‍ഗ്ഗവാസനയില്‍ ഏര്‍പ്പെടുന്നു. സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഒരു കലാരൂപം ആകുമ്പോള്‍ അച്ചടക്ക നടപടി ഒഴിവാക്കുവാനായി സ്വന്തം പേരോ, തൂലികാ നാമമോ  ചിലര്‍ ഉപയോഗിക്കാറുമില്ല. മുനി എന്ന പേരിലാണ് സുകുമാര്‍ കാര്‍ട്ടൂണുകള്‍ വരച്ചിരുന്നത്. അദ്ദേഹം കേരള സര്‍ക്കാരിന് കീഴില്‍ പോലീസ് വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു. എന്നാര്‍ സുകുമാറിന്‍റെ രചനാ ശൈലി കൊണ്ട് തന്നെ വരയില്‍ അറിവുള്ളവര്‍ക്ക് ആരാണ് വരച്ചിരിക്കുന്നത് എന്ന് വ്യക്തമായി മനസ്സിലാക്കുവാന്‍ സാധിക്കും. സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് റിട്ടയറായ ശേഷമാണ് സുകുമാര്‍ സ്വന്തം പേര് ഹാസ്യ ലേഖനങ്ങള്‍ക്കും കാര്‍ട്ടൂണിലും ഉപയോഗിച്ച് തുടങ്ങിയത്. 

പാക്കനാര്‍ എന്ന പേരില്‍ വെട്ടൂര്‍ രാമന്‍ നായരുടെ പത്രാധിപത്യത്തില്‍ ഒരു കാര്‍ട്ടൂണ്‍, ഹാസ്യമാസിക ഇറങ്ങിയിരുന്നു. 1987 ല്‍ പാക്കനാര്‍ എന്ന ഹാസ്യമാസികയുടെ കവര്‍ ചിത്രം പ്രമുഖ കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍ വരച്ചിരിക്കുന്നത്  ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ്. സര്‍ക്കാരിനെ വിമര്‍ശിക്കുന്ന കാര്‍ട്ടൂണ്‍ ആണ് അദ്ദേഹം വരച്ചിരിക്കുന്നത്. റിട്ടയറായത് കൊണ്ട് സു എന്ന തന്‍റെ ഒപ്പും കാര്‍ട്ടൂണില്‍ കാണാം. സുകുമാരന്‍ പോറ്റി എന്ന കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍ തന്‍റെ കാര്‍ട്ടൂണുകളില്‍ 'സു' എന്ന് മാത്രമാണ് എഴുതിയിരുന്നത്. 'സു' എന്ന ഒറ്റ വാക്കുകൊണ്ട് മലയാളികള്‍ കാര്‍ട്ടൂണിസ്റ്റ് സുകുമാറിനെ തിരിച്ചറിയുമായിരുന്നു.

1987ല്‍ ഇ.കെ. നായനാര്‍ മന്ത്രിസഭ അധികാരം ഏറ്റിട്ടും കാര്യമായ ഭരണ നടപടികള്‍ ഒന്നും ഉണ്ടായില്ല എന്ന വിമര്‍ശനം ശക്തമായ സമയത്താണ് പാക്കനാരില്‍ മുഖചിത്രമായി ഇങ്ങനെ ഒരു കാര്‍ട്ടൂണ്‍ വന്നത്. തകര്‍ന്ന് തരിപ്പണമായി എന്ന് കൊട്ടിഘോഷിച്ച ഇടത്പക്ഷം വന്‍ വിജയം കൊയ്ത തിരഞ്ഞെടുപ്പായിരുന്നു 1987ലേത്. ഒട്ടേറെ ആരോപണങ്ങള്‍ മുന്‍ മുഖ്യമന്ത്രിയായ കെ. കരുണാകരനെതിരെ പ്രതിപക്ഷത്തായിരുന്ന ഇടത് പക്ഷം കൊണ്ടു വന്നത് വിജയത്തെ കാര്യമായി തന്നെ സ്വാധീനിച്ചിരുന്നു. ഇടത്പക്ഷത്തിന്‍റെ പ്രചരണത്തിന് ശക്തി പകരാന്‍ പാകത്തിനുള്ള ഒട്ടേറെ വിഷയങ്ങള്‍ അന്ന് ഉയര്‍ന്ന് വന്നിരുന്നു. കേരം തിങ്ങും കേരള നാട്ടില്‍ കെ.ആര്‍. ഗൗരി ഭരിചീടും എന്ന പ്രശസ്ത മുദ്രാവാക്യവും ഈ കാലത്താണ് ഉയര്‍ന്നത്. പക്ഷെ അവര്‍ മുഖ്യമന്ത്രിയായില്ല. ഇടത്പക്ഷത്തിന് ഭൂരിപക്ഷം ലഭിക്കുകയും, ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായെങ്കിലും പല അഭ്യന്തിര പ്രശ്നങ്ങളും ഭരണത്തെ ബാധിച്ചിരുന്നു. ഭരണം അട്ടിമറിയിലൂടെ ലഭിക്കുമോ എന്ന് പ്രതിപക്ഷ നേതാവായ കെ. കരുണാകരന്‍ ശ്രമിക്കാതെയും ഇരുന്നില്ല. തുടക്കത്തില്‍ ഭരണത്തെ കാര്യമായി ഇതൊക്കെ ബാധിച്ചു എന്നാണ് പൊതുവെ വിലയിരുത്തപ്പെട്ടത്.

സാധാരണ നാട്ടിന്‍പുറങ്ങളില്‍ വിവാഹം കഴിഞ്ഞ നവവധൂവരന്‍മാരോട് നാട്ടിലെ കാരണവര്‍മാര്‍ അല്ലെങ്കില്‍ കാരണവത്തിമാര്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. വിശേഷം ഒന്നും ആയില്ലേ എന്ന്. അതു തന്നെയാണ് സുകുമാര്‍ അന്നത്തെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് വരച്ചത്. ഭരണം നഷ്ടപ്പെട്ട മുന്‍ മുഖ്യമന്ത്രി കരുണാകരന്‍ പ്രതീക്ഷകളോടെ മതിലിന് പുറത്ത് കാത്തിരിക്കുന്ന രംഗം ചിരി ഉണര്‍ത്തുന്നതാണ്. മുഖ്യമന്ത്രിയായി ഇ. കെ നായനാര്‍ ചാരുകസേരയില്‍ വിശ്രമിക്കുന്നതാണ് കാര്‍ട്ടൂണിലെ മറ്റൊരു രംഗം. കേരള ഭരണത്തോട് ഒരു മുത്തശ്ശി ചോദിക്കുകയാണ് 'എന്തെടി പെണ്ണേ മാസം മൂന്നായിട്ടും വിചേഴമൊന്നുമില്ല ...?. പുതിയ സമ്മന്തം എന്ന അടിക്കുറുപ്പും സുകുമാര്‍ വരച്ച കാര്‍ട്ടൂണിലുണ്ട്.

കാര്‍ട്ടൂണ്‍ കടപ്പാട്: പാക്കനാര്‍

No comments:

Post a Comment