Thursday, January 4, 2024

57 വല്ലതും കഴിച്ചോ…?

വല്ലതും കഴിച്ചോ…? 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-57. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 57

സുധീര്‍ നാഥ്

വല്ലതും കഴിച്ചോ...?

ലോകത്തെ ഞെട്ടിച്ച മഹാമാരിയായിരുന്നു കോവിഡ്. കോവിഡിനെ തുടര്‍ന്ന് ഉണ്ടായ ലോക് ഡൗണ്‍ രാജ്യ വ്യാപകമായി മാത്രമല്ല  ലോകം മുഴുവനും എല്ലാ സ്ഥാപനങ്ങളും അവരുടെ ജീവനക്കാരെ വീട്ടിലിരുന്നു ജോലി ചെയ്യാനായി പ്രേരിപ്പിച്ചു. ജനങ്ങള്‍ പുറത്ത് പോകാതെ വീട്ടിലിരുന്നു. വാഹനങ്ങള്‍ ഓടുന്നില്ല, കടകളും മാളുകളും അടച്ചിട്ടു, തീയേറ്ററുകള്‍ അടച്ചിട്ടു, വിവാഹ ജന്‍മദിന ആഘോഷങ്ങള്‍ നടക്കുന്നില്ല. പക്ഷെ രോഗം പടര്‍ന്ന് കയറുന്നു. ആശുപത്രികള്‍ പോലും സുരക്ഷിത ഇടമല്ലെന്ന് സംസാരമുണ്ടായി. ജനങ്ങള്‍ ജീവനില്‍ ഭയം തോന്നി പലായനം ചെയ്യുന്നു. ലോകത്ത് കോടി കണക്കിന് മനുഷ്യര്‍ക്ക് തൊഴില്‍  നഷ്ടപ്പെട്ടു. ഭക്ഷ്യ വസ്തുക്കള്‍ ലഭിക്കാന്‍ പ്രയാസമായി. ജോലി തുടര്‍ന്നവര്‍ക്ക് ശംമ്പളം വെട്ടി കുറച്ചു. ജനങ്ങള്‍ക്ക് വരുമാനം കുറഞ്ഞു. പട്ടിണി ലോകമെന്നും ഉണ്ടായി. ജനങ്ങള്‍ ഭക്ഷണത്തിനായി വീട്ടിനുള്ളിലിരുന്ന് ക്കൈകള്‍ നീട്ടി.

അര്‍ഹമായ കൈകളിലേക്ക് ഭക്ഷണം കൃത്യമായി എത്തണമെന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാരിന്‍റെ ആഹ്വാന പ്രകാരം കേരളത്തില്‍ എല്ലായിടത്തും കമ്മ്യൂണിറ്റി കിച്ചന്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ക്യാമ്പിലേയ്ക്കും വീടുകളിലേക്കുമായി ദിവസവും ലക്ഷകണക്കിന് ആളുകള്‍ക്കാണ് ഭക്ഷണം വിതരണം ചെയ്യ്തത്. അതിനായി സജ്ജരായ സന്നദ്ധ പ്രവര്‍ത്തകര്‍ നാട്ടില്‍ തന്നെയുണ്ടായി. ദിവസം കഴിയും തോറും ഭക്ഷണ ആവശ്യക്കാരുടെ എണ്ണം വര്‍ദ്ധിച്ചു. കേരളത്തില്‍ കമ്മ്യൂണിറ്റി കിച്ചന്‍ പ്രവര്‍ത്തനം സര്‍ക്കാര്‍ പിന്തുണയില്‍ വന്‍ വിജയമായി. അതിന് ഇടത്പക്ഷ പ്രവര്‍ത്തകരും, കമ്മ്യൂണിസ്റ്റ് യുവജന സംഘടനകളും മുന്‍നിരയില്‍ നിന്നത് ശ്രദ്ധേയമായിരുന്നു. ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ചിലവില്‍ ഭക്ഷ്യകിറ്റുകള്‍ സൗജന്യമായി വിതരണം ചെയ്തു. 

മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടാം വട്ടവും ജനവിധി തേടിയത് ഈ സാഹചര്യത്തിലായിരുന്നു. 2021 ല്‍ കേവിഡ് കാലത്ത് നടന്ന 15 ാം കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി 140ല്‍ 99 സീറ്റുകള്‍ നേടി വിജയിച്ചതിന് പിന്നില്‍ കോവിഡ് കാലത്തെ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ആരോഗ്യ പരിപാലന രംഗത്തും ഭക്ഷ്യ രംഗത്തും കേരള സര്‍ക്കാരിന്‍റെ ഇടപെടല്‍ ശ്ലാകനീയമായിരുന്നു. ലോക ശ്രദ്ധ വരെ നേടിയ പ്രവര്‍ത്തനമായിരുന്നു കേരള സര്‍ക്കാരിന്‍റേത് എന്ന കാര്യത്തില്‍ ലോക മാധ്യമങ്ങള്‍ തന്നെ സാക്ഷ്യം. തിരഞ്ഞെടുപ്പ് വിശകലനത്തിന് അതുകൊണ്ട് ഏറെ സമയം രാഷ്ട്രീയ നിരീക്ഷകര്‍ക്ക് വേണ്ടി വന്നില്ല.

തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാനും മാതൃഭൂമിയിലെ ചീഫ് റിപ്പോര്‍ട്ടറുമായ കെ. ഉണ്ണികൃഷ്ണന്‍ വരച്ച കാര്‍ട്ടൂണുണ്ട്. നീണ്ട ആരോപണ ലിസ്റ്റുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണ് ഒന്നാം കോളത്തില്‍. സ്വപ്ന, കടല്‍, സ്പീക്കര്‍, ജലീല്‍, പിന്‍ വാതില്‍ തുടങ്ങിയ ആരോപണങ്ങള്‍ ചെന്നിത്തല വിളിച്ചു പറയുന്നു. രണ്ടാം കോളത്തില്‍ വല്ലതും കിച്ചോ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വോട്ടര്‍മാരോട് ചോദിക്കുന്നു. മൂന്നാം കോളത്തില്‍ വോട്ടുമായി വോട്ടര്‍മാരോടൊപ്പം പിണറായി നീങ്ങുന്നു. തിരഞ്ഞെടുപ്പിന്‍റെ വിജയ വിശകലനമായി കാര്‍ട്ടൂണ്‍. ആയിരം വാക്കുകള്‍ക്ക് പറയുവാന്‍ കഴിയുന്നതിന് പകരമാണ് ഒരു കാര്‍ട്ടൂണ്‍ എന്നതിന് ലക്ഷണമൊത്ത ഉദാഹരണമായിരുന്നു ഈ കാര്‍ട്ടൂണ്‍. കാര്‍ട്ടൂണ്‍ ഏറ്റവും കൂടുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യപ്പെട്ടു. ഒട്ടേറെ അവാര്‍ഡുകളും ലഭിച്ചു. മാതൃഭൂമിയുടെ ഒന്നാം പേജില്‍ വരേണ്ടതായിരുന്നു ഈ കാര്‍ട്ടൂണെന്നും അകത്തെ പേജില്‍ വന്നത് തെറ്റായ തീരുമാനമായിരുന്നെന്നും പത്രാധിപരായ മനോജ് കെ ദാസ് ലേഖകനോട് പറഞ്ഞിട്ടുണ്ട്.

കാര്‍ട്ടൂണ്‍ കടപ്പാട്: മാതൃഭൂമി

No comments:

Post a Comment