Thursday, January 4, 2024

49 രാഘവീയ ചരിതം

രാഘവീയ ചരിതം 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-49. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.

രാഷ്ട്രീയ ഇടവഴി 49

സുധീര്‍ നാഥ്

രാഘവീയ ചരിതം

ജാതിമത ശക്തികളുമായി സി.പി.എമ്മിന് ഒരുവിധ സഖ്യവും പാടില്ലെന്ന പതിനൊന്നാം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയ പ്രമേയത്തെ ചോദ്യം ചെയ്യുകയും, കോണ്‍ഗ്രസാണ് മുഖ്യ ശത്രുവെന്നും, മുസ്ലീം ലീഗും, കേരള കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പ് സഖ്യം വേണമെന്നും വാദിക്കുന്നതായിരുന്നു ബദല്‍ രേഖ. സി.പി.എമ്മിന്‍റെ അംഗീകൃത നയത്തെ ചോദ്യം ചെയ്യുന്ന ബദല്‍ രേഖയില്‍ എം.വി.ആര്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ ഒപ്പിട്ടു. പി.വി. കുഞ്ഞിക്കണ്ണന്‍, പുത്തലത്ത് നാരായണന്‍, ടി. ശിവദാസമേനോന്‍, വി.വി. ദക്ഷിണാമൂര്‍ത്തി, സി.കെ. ചക്രപാണി, സി.പി. മൂസാന്‍ കുട്ടി, ഇ.കെ. ഇമ്പിച്ചിബാവ, പാട്യം രാജന്‍. ബദല്‍ രേഖ തയാറാക്കുന്നതിന് രാഘവന് എല്ലാ സഹായങ്ങളും ചെയ്ത് കൊടുത്ത ഇ.കെ.നായനാര്‍ പക്ഷേ രേഖയില്‍ ഒപ്പിട്ടില്ല. ബദല്‍ രേഖയ്ക്ക് നേത്യത്ത്വം കൊടുത്ത എം.വി. രാഘവനെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പുറത്താക്കി. ബദല്‍ രേഖ ഉണ്ടാക്കാന്‍ കൂടെ നിന്ന പുത്തലത്ത് നാരായണന്‍, പി.വി. കുഞ്ഞികണ്ണന്‍, ഇ.കെ. നായനാര്‍ എന്നിവര്‍ മറുകണ്ടം ചാടി എന്നാണ് എം.വി.ആറിന്‍റെ ആരോപണം. എ.കെ.ജി യുടെ നയങ്ങള്‍ക്കൊപ്പം നിന്നതുകൊണ്ടും, ഇ.എം.എസിനെ വിമര്‍ശിച്ചതുകൊണ്ടുമാണ് താന്‍ പുറത്താക്കപ്പെട്ടത് എന്ന് എം.വി.ആര്‍ വിശ്വസിച്ചു പോന്നു.

കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ നിയോജക മണ്ഡലങ്ങളെ പ്രതിനിധീകരിച്ച വ്യക്തിയാണ് എം.വി.രാഘവന്‍. മാടായി 1970 (സി.പി.എം), തളിപ്പറമ്പ് 1977 (സി.പി.എം), കൂത്ത്പറമ്പ് 1980 (സി.പി.എം), പയ്യന്നൂര്‍ 1982 (സി.പി.എം), അഴീക്കോട് 1987 (സി.എം.പി), കഴക്കൂട്ടം 1991 (സി.എം.പി), തിരുവനന്തപുരം വെസ്റ്റ് 2001 (സി.എം.പി). 

1986 ജൂലൈ 26ന് സി.എം.പി എന്ന പേരില്‍ എം.വി.ആര്‍ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കി. കോണ്‍ഗ്രസാണ് മുഖ്യ ശത്രുവെന്നും, കോണ്‍ഗ്രസിനെതിരെ ലീഗും, കേരള കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കണമെന്നും വാദിച്ച എം.വി.ആര്‍ 1987ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫുമായി സഖ്യമുണ്ടാക്കി. 1991 1995ലെ കരുണാകരന്‍ മന്ത്രിസഭയിലെ സഹകരണ വകുപ്പ് മന്ത്രിയായും, 2001 2004ലെ എ.കെ. ആന്‍റണി മന്ത്രിസഭയിലെ സഹകരണതുറമുഖ വകുപ്പ് മന്ത്രിയായും പ്രവര്‍ത്തിച്ചു.

യു.ഡി.എഫിനൊപ്പം എം.വി.ആര്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ അവസരത്തില്‍ ദേശാഭിമാനിയില്‍ മലയാറ്റൂര്‍ രാമക്യഷ്ണന്‍ വരച്ച ഒരു കാര്‍ട്ടൂണുണ്ട്. എത്ര നല്ല തണല്‍, സുഖശീതളം, വിപ്ലവാത്മകം... എന്ന് പറഞ്ഞ് കോണ്‍ഗ്രസ്, ലീഗ് കൂണുകള്‍ക്ക് കീഴില്‍ നിന്ന് സി.എം.പി എന്ന തവള ആശ്വാസം കൊള്ളുന്നതാണ് കാര്‍ട്ടൂണ്‍. 

കാര്‍ട്ടൂണ്‍ കടപ്പാട്: ദേശാഭിമാനി


No comments:

Post a Comment