Thursday, January 4, 2024

65 ക്രിസ്തുമസ് അപ്പൂപ്പന്‍ കാര്‍ട്ടൂണുകളില്‍…

ക്രിസ്തുമസ് അപ്പൂപ്പന്‍ കാര്‍ട്ടൂണുകളില്‍… 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-65. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.

രാഷ്ട്രീയ ഇടവഴി 65

സുധീര്‍ നാഥ്

ക്രിസ്തുമസ് അപ്പൂപ്പന്‍ കാര്‍ട്ടൂണുകളില്‍...

കാര്‍ട്ടൂണുകളില്‍ പുരാണ കഥാപാത്രങ്ങളെയും പഴങ്കഥകളെയും അനുസ്മരിപ്പിക്കുന്ന വിഷയങ്ങള്‍ സമകാലീന വിഷയവുമായി ചേര്‍ത്ത് കാര്‍ട്ടൂണുകള്‍ വരാറുണ്ട്. ഓണക്കാലത്ത് രാഷ്ട്രീയ നേതാക്കളെ മഹാബലിയാക്കിയും, ഉയില്‍ത്തെുന്നേല്‍പ്പിന് നേതാക്കളെ ക്രിസ്തുവാക്കിയും എത്രയോ കാര്‍ട്ടൂണുകള്‍ വന്നിരിക്കുന്നു. കാര്‍ട്ടൂണുകളില്‍ ശാകുന്തളയും, കാലനും, മാര്‍ക്കണ്ഡേയനും മറ്റും സമകാലീന രാഷ്ട്രീയ നേതാക്കളായി ചിത്രീകരിച്ച എത്രയോ കാര്‍ട്ടൂണുകളാണ് വന്നിട്ടുള്ളത്. ക്രിസ്തുമസ് കാലത്ത് സാന്താക്ലോസിനെ വരയ്ക്കുക എന്നത് കാര്‍ട്ടൂണിസ്റ്റുകള്‍ കാലങ്ങളായി തുടര്‍ന്നുവരുന്ന ഒരു പ്രക്രിയയാണ്. ഇത്തരത്തില്‍ സമകാലീന രാഷ്ട്രീയവും അക്കാലത്ത് രാഷ്ട്രീയ നേതാക്കളും പലപ്പോഴും ഇത്തരം കാര്‍ട്ടൂണുകളില്‍ കഥാപാത്രമായി വരാറുണ്ട്. ജവഹര്‍ലാല്‍ നെഹ്റുവും ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും മന്‍മോഹന്‍സിങ്ങും എന്തിനേറെ കേരളത്തിലെ ഒട്ടുമിക്ക പ്രമുഖ രാഷ്ട്രീയ നേതാക്കളും സാന്താക്ലോസിന്‍റെ കുപ്പായമണിയിച്ച് കാര്‍ട്ടൂണിസ്റ്റുകള്‍ വരച്ചിട്ടുണ്ട്.

ക്രിസ്തുമസുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യ-ഐതിഹാസിക വ്യക്തിയാണ് സെന്‍റ് നിക്കോളാസ്, ഫാദര്‍ ക്രിസ്തുമസ്, ക്രിസ്തുമസ് പാപ്പ എന്നീ പേരുകളിലറിയപ്പെടുന്ന സാന്‍റാക്ലോസ്. ക്രിസ്തുമസ് സന്ധ്യയുടെ (ഡിസംബര്‍ 24) അര്‍ദ്ധരാത്രിയോടടുത്ത സമയത്തും വിശുദ്ധ നിക്കോളാസ് ദിനത്തിലും (ഡിസംബര്‍ 6) ഇദ്ദേഹം കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുവാന്‍ എത്തും എന്നാണ് വിശ്വാസം. ഇതിഹാസത്തിന്‍റെ അംശങ്ങള്‍ ചരിത്രപുരുഷനായ വിശുദ്ധ നിക്കോളാസുമായി ബന്ധപ്പെട്ട കഥകളില്‍ അടിസ്ഥാനപ്പെട്ടതാണ്. രാഷ്ട്രീയ കാര്‍ട്ടൂണിസ്റ്റായ തോമസ് നാസ്റ്റാണ് സാന്‍റാക്ലോസിന്‍റെ ഇപ്പോത്തെ രൂപം ചിത്രീകരിച്ചത്. ചുവന്ന കോട്ടും വെളുത്ത കോളറും കഫും ചുവന്ന ട്രൗസറും കറുത്ത തുകല്‍ ബെല്‍റ്റും ബൂട്ടും ധരിച്ച, തടിച്ച്, വെള്ളത്താടിയുള്ള സന്തോഷവാനായ രൂപമാണ് സാന്‍റാക്ലോസിന്‍റേത്. 

കാര്‍ട്ടൂണിസ്റ്റ് സുഭാഷ് കല്ലൂര്‍ വിഎസിനെയാണ് തന്‍റെ ഒരു കാര്‍ട്ടൂണില്‍ സാന്താക്ലോസ് എന്ന കഥാപാത്രമായി ചിത്രീകരിച്ചിരിക്കുന്നത്. വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കുന്ന അവസരത്തില്‍ ആയിരുന്നു അത്. ഒരു ക്രിസ്മസ് കാലത്ത് സുഭാഷ് വരച്ചതാണ് ഈ കാര്‍ട്ടൂണ്‍. സാന്താക്ലോസിന്‍റെ വേഷം അണിഞ്ഞിരിക്കുന്ന വിഎസ് അച്യുതാനന്ദന്‍ അന്ന് മുഖ്യമന്ത്രിയാണ്. അന്ന് പാര്‍ട്ടിയെ നയിച്ച പിണറായി വിജയനും, കൊടിയേരി ബാലകൃഷ്ണനും, സിപിഐയുടെ വെളിയന്‍ ഭാര്‍ഗ്ഗവന്‍, എം എ ബേബിയും വിഎസിന് പിന്നില്‍ താളം പിടിച്ച് ഓടുന്നത് കാര്‍ട്ടൂണില്‍ കാണാം. സിപിഐയും, സിപിഎമ്മും അടങ്ങുന്ന എല്‍ഡിഎഫ് മുന്നണി ഒത്തൊരുമയോടെ മുന്നോട്ടുപോകുന്നു എന്നാണ് കാര്‍ട്ടൂണ്‍ പറയുന്നത്. അതിന് കൂടുതല്‍ അര്‍ത്ഥം വരുന്ന രീതിയില്‍ സന്തോഷ സൂചകമായി തന്നതിന് സ്വീകരിച്ച് ഞങ്ങള്‍ ഇതാ പോകുന്നു എന്ന് ഒരുമിച്ച് പാടി ഇവര്‍ പോകുമ്പോള്‍ പുറകില്‍ ഒരു നായ കുരയ്ക്കുന്നതായി കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിരിക്കുന്നു. 

കാര്‍ട്ടൂണ്‍ കടപ്പാട്: ഹാസ്യകൈരളി

No comments:

Post a Comment