Thursday, January 4, 2024

15 - 1960 ലെ ഇഎംഎസ്സിന്റെ ഒറ്റയ്ക്കുള്ള പോരാട്ടം

1960 ലെ ഇഎംഎസ്സിന്റെ ഒറ്റയ്ക്കുള്ള പോരാട്ടം 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-15. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയവും കാര്‍ട്ടൂണും

സുധീര്‍ നാഥ്

1960ലെ ഇഎംഎസ്സിന്‍റെ ഒറ്റയ്ക്കുള്ള പോരാട്ടം. 

നമ്മുടെ സംഗീത സാഗരത്തില്‍ വാദ്യങ്ങള്‍ വിശേഷപ്പെട്ടതാണ്. തന്ത്രി വാദ്യങ്ങള്‍, കാറ്റുവാദ്യങ്ങള്‍ (സുഷിരവാദ്യങ്ങള്‍), തോലുവാദ്യങ്ങള്‍ ഇങ്ങനെ വാദ്യങ്ങള്‍ തന്നെ വേര്‍തിരിക്കാം. ഈ വാദ്യങ്ങള്‍ സമന്വയിപ്പിച്ച് കച്ചേരികളും നടക്കാറുണ്ട്. ഓരോ വാദ്യോപകരണങ്ങള്‍ അതാതു മേഖലയില്‍ പ്രഗത്ഭരായവര്‍ ഒരേ സമയം അവതരിപ്പിച്ച് ഒരു കച്ചേരി അവതരിപ്പിക്കുന്നു എന്ന് കരുതുക. അത് ആസ്വദിക്കാന്‍ സമൂഹത്തിന് വലിയ താത്പര്യവുമാണ്. താളത്തിന്‍റേയും നാദത്തിന്‍റേയും നാടാണല്ലോ കേരളം. 

1956ല്‍ ഐക്യ കേരളം രൂപം കൊണ്ടു. 1957ല്‍ ബാലറ്റിലൂടെ ആദ്യ സര്‍ക്കാര്‍ കേരളത്തില്‍ അധികാരമേറ്റു. അത് കമ്മ്യൂണിസ്റ്റ് സര്‍ക്കാരായിരുന്നു. ഇ.എം.എസ്. നമ്പൂതിരിപ്പാടായിരുന്നു മുഖ്യമന്ത്രി. കേരളത്തിലെ ക്രിസ്ത്യാനികളേയും, നായന്‍മാരേയും സംഘടിപ്പിച്ച് വിമോചന സമരം പ്രഖ്യാപിച്ച് ഇ.എം.എസ്. സര്‍ക്കാരിനെതിരെ വലിയ പ്രക്ഷോഭം തന്നെ കോണ്‍ഗ്രസ് നടത്തി. അത് വിജയിച്ചു. ഇ.എം.എസ്. സര്‍ക്കാരിനെ പിരിച്ച് വിട്ട് 1959ല്‍ രാഷ്ട്രപതി ഭരണം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 

1960ല്‍ നടന്ന കേരളത്തിലെ രണ്ടാം നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇ.എം.എസിന്‍റെ നേത്യത്ത്വത്തില്‍ സി.പി.ഐ ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചു. ഈ ഒരു സാഹചര്യത്തില്‍ സരസന്‍ കാര്‍ട്ടൂണ്‍ ഹാസ്യ മാസികയുടെ കവര്‍ കാര്‍ട്ടൂണിസ്റ്റ് കെ.എസ്. പിള്ള വരച്ചത് ശ്രദ്ധേയമായിരുന്നു. വ്യത്യസ്ഥ വാദ്യ ഉപകരണങ്ങള്‍ ഇ.എം.എസ്. ഒറ്റയ്ക്ക് ക്കൈകാര്യം ചെയ്യുന്നതാണ് കാട്ടൂണ്‍. സരസന്‍റെ ഈ ലക്കം വ്യാപകമായി വിറ്റു പോകാന്‍ കവറില്‍ വന്ന കാര്‍ട്ടൂണ്‍ കാരണമായി. നാടു നീളെ സരസന്‍റെ കവര്‍ പോസ്റ്ററുകളായി ഉപയോഗിക്കുകയുണ്ടായി. 

കാര്‍ട്ടൂണ്‍ കടപ്പാട്: സരസന്‍ 

No comments:

Post a Comment