Thursday, January 4, 2024

13 തൊപ്പി വെച്ചത് നേരാ…

തൊപ്പി വെച്ചത് നേരാ… 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-13. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 13

സുധീര്‍ നാഥ്

തൊപ്പി വെച്ചത് നേരാ...

വേഷം കൊണ്ട് ആളുകളെ ഏത് വിഭാഗത്തില്‍ പെട്ടതാണെന്ന് തിരിച്ചറിയാം. തോള്‍ സഞ്ചിയും, ജുബയും, താടിയും വെച്ച ഒരാള്‍. നെറ്റിയില്‍ ഭസ്മം പൂശി ചെവിയില്‍ തുളസിയോ പൂവോ വെയ്ക്കുന്ന ആള്‍. നെറ്റിയില്‍ ചന്ദന കുറിയും ക്കൈയ്യില്‍ നൂലും കെട്ടിയ ആള്‍. തലയില്‍ തൊപ്പിയും, മീശയില്ലാതെ താടി വെച്ചയാള്‍. വെള്ള ഖദര്‍ ഷര്‍ട്ടും, മുണ്ടും ധരിക്കുന്നയാള്‍. വലത്തോട്ടും, ഇടത്തോട്ടും മുണ്ട് ഉടുക്കുന്നവര്‍. ളോഹ അണിഞ്ഞ വ്യക്തി... ഇങ്ങനെ തിരിച്ചറിയാവുന്ന എത്ര എത്ര അയൊളങ്ങളാണ് ഉള്ളത്.

പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന ജോസഫ് ചാഴിക്കാടന്‍ പുലിയന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് ഒന്നും രണ്ടും കേരളാ നിയമസഭയിലേക്കെത്തിയിരുന്നു. കടുത്തുരുത്തി മണ്ഡലത്തില്‍ കേരളാ കോണ്‍ഗ്രസ് പ്രതിനിധിയായിട്ടായിരുന്നു മൂന്നാം കേരളനിയമസഭയില്‍ ജോസഫ് ചാഴിക്കാടന്‍ എത്തിയത്. രണ്ടാം കേരളം നിയമസഭയുടെ ആദ്യഭാഗം പട്ടം താണുപിള്ളയായിരുന്നു മുഖ്യമന്ത്രി. അക്കാലത്ത്  മുസ്ലിംലീഗ് നേതാവ് കെ.എം. സീതി സാഹിബ് ആയിരുന്നു സ്പീക്കര്‍. സ്പീക്കര്‍ ആയിരുന്നിട്ടും കെ.എം. സീതി സാഹിബ് സഭയില്‍ എത്തിയിരുന്നത് എപ്പോഴും തുര്‍ക്കി തൊപ്പിയോ മുസ്ലീം തലേക്കെട്ടോ ധരിച്ചത് കൊണ്ടായിരുന്നു. സ്പീക്കര്‍ തൊപ്പി വെച്ചതുപോലെ രണ്ടാം കേരള നിയമസഭയില്‍ ജോസഫ് ചാഴിക്കാടന്‍ എംഎല്‍എ തുര്‍ക്കി തൊപ്പിയും ധരിച്ച് എത്തി. 

ജോസഫ് ചാഴിക്കാടന്‍ സഭയില്‍ തുര്‍ക്കി തൊപ്പി ധരിച്ച് എത്തിയത് വലിയ വാര്‍ത്തയും ചര്‍ച്ചയുമായി. സഭയെയും, സഭാനാഥനേയും ആക്ഷേപിക്കുന്ന നടപടിയാണ് ജോസഫ് ചാഴിക്കാടന്‍ നടത്തിയതെന്ന വിമര്‍ശനം സ്പീക്കര്‍ അടക്കം ഉന്നയിക്കുകയും ചെയ്തു. കാര്‍ട്ടൂണിസ്റ്റ് മന്ത്രി ഇത് വിഷയമാക്കി ഒരു കാര്‍ട്ടൂണ്‍ അന്നത്തെ പ്രശസ്തമായ തനിനിറത്തില്‍ പ്രസിദ്ധീകരിച്ചു.  തൊപ്പി വെച്ചത് തന്നെ... പക്ഷേ അതിനുമാത്രം നിര്‍ബന്ധിക്കരുത് എന്ന് പറഞ്ഞ് വേവലാതിപ്പെടുന്ന ജോസഫ് ചാഴിക്കാടനാണ് കാര്‍ട്ടൂണില്‍. സുന്നത്ത് നടത്താന്‍ തയ്യാറാക്കി നില്‍ക്കുന്ന സ്പീക്കര്‍ കെ. എം. സീതി സാഹിബാണ് മറ്റൊരു കഥാപാത്രം. 

കാര്‍ട്ടൂണ്‍ സഭയെയും നാഥനെയും അവഹേളിക്കുന്നതാണെന്ന് സ്പീക്കര്‍ കെ.എം. സീതി സാഹിബ് പ്രഖ്യാപിച്ചു. തനിനിറം പത്രാധിപരായ കലാനിലയം കൃഷ്ണന്‍ നായര്‍ സഭയില്‍ വന്നു കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന് മാപ്പ് പറയണമെന്ന് ഉത്തരവും ഉണ്ടായി. തനിനിറം പത്രാധിപരായ കലാനിലയം കൃഷ്ണന്‍ നായര്‍ മാപ്പ് പറയേണ്ട ദിവസം പത്രത്തില്‍ വീണ്ടും ഇതേ കാര്‍ട്ടൂണ്‍ പുനര്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത് വഴി സഭയ്ക്കും സഭാ നാഥനും മാനഹാനി ഉണ്ടായതിനാല്‍ പത്രാധിപനായ താന്‍ കേരള നിയമസഭയില്‍ മാപ്പ് പറയാന്‍ പോകുകയാണെന്ന് ഒന്നാം പേജില്‍ ഒരു വാര്‍ത്തയായി കാര്‍ട്ടൂണിനൊപ്പം കൊടുത്തു. കാര്‍ട്ടൂണ്‍ കാണാത്തവരും കാര്‍ട്ടൂണ്‍ കണ്ടു. കാര്‍ട്ടൂണ്‍ ശ്രദ്ധിക്കാത്തവരും കാര്‍ട്ടൂണ്‍ കണ്ടു. 

കാര്‍ട്ടൂണ്‍ കടപ്പാട്: തനിനിറം

No comments:

Post a Comment