Thursday, January 4, 2024

45 അടിയന്തിരാവസ്ഥയുടെ പ്രതിരൂപമായ കാര്‍ട്ടൂണ്‍

അടിയന്തിരാവസ്ഥയുടെ പ്രതിരൂപമായ കാര്‍ട്ടൂണ്‍ 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-45. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 45

സുധീര്‍ നാഥ്

അടിയന്തിരാവസ്ഥയുടെ പ്രതിരൂപമായ കാര്‍ട്ടൂണ്‍

ഇന്ദിരാ ഗാന്ധിയുടെ പാര്‍ട്ടിയായ കോണ്‍ഗ്രസ് 1971-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ പരക്കെ തിരഞ്ഞെടുപ്പു കൃത്രിമം കാട്ടി എന്ന് ഇന്ദിരയുടെ എതിരാളികള്‍ ആരോപിച്ചിരുന്നു. ഇന്ദിരാഗാന്ധിയോട് ലോകസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട രാജ നാരായണന്‍ തിരഞ്ഞെടുപ്പ് കൃത്രിമം, സര്‍ക്കാര്‍ വസ്തുവകകള്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിക്കല്‍ എന്നീ കുറ്റങ്ങള്‍ ആരോപിച്ച് ഇന്ദിരയ്ക്കെതിരായി അലഹബാദ് ഹൈക്കോടതിയില്‍ കേസുകൊടുത്തു. 1975 ജൂണ്‍ 12-നു ജസ്റ്റിസ് ജഗ്മോഹന്‍ലാല്‍ സിന്‍ഹ ഇന്ദിരാഗാന്ധിയെ ഭരണകൂടത്തിന്‍റെ വസ്തുവകകള്‍ തിരഞ്ഞെടുപ്പു പ്രചരണത്തിനായി വിനിയോഗിച്ചു എന്ന കുറ്റത്തിന് കുറ്റക്കാരിയായി വിധിച്ചു. ഇന്ദിരയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കുകയും ലോകസഭാ സീറ്റ് റദ്ദാക്കുകയും ചെയ്യുകയും അടുത്ത ആറു വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി മത്സരിക്കുന്നതില്‍ അയോഗ്യതയുമാക്കി. വിധി വരുന്നതറിഞ്ഞ പ്രധാനമന്ത്രി ഇന്ദിരാ ഗാദ്ധി രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.

ആയിരത്തി തൊള്ളായിരത്തി എഴുപത്തി അഞ്ച് മുതല്‍ എുപത്തി ഏഴ് വരെ ഇന്ത്യയില്‍ അടിയന്തരാവസ്ഥ ആയിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വിവാദപൂര്‍ണ്ണമായ ഇരുപത്തി ഒന്ന് മാസങ്ങള്‍ ആയിരുന്നു അത്. ഇന്ത്യയുടെ രാഷ്ട്രപതി ആയിരുന്ന ഫക്രുദ്ദീന്‍ അലി അഹമ്മദ് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ ഉപദേശാനുസരണം ഇന്ത്യന്‍ ഭരണഘടനയിലെ 352-ആം വകുപ്പ് അനുസരിച്ച് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ചരിത്രമാണ്. ഇപ്പോള്‍ രാജ്യത്ത് എല്ലാ വര്‍ഷവും അടിയന്തിരാവസ്ഥയെ ഓര്‍മ്മിപ്പിച്ച് പല ചടങ്ങുകളും നടക്കുന്നു. അപ്രഖ്യാപിത അടിയന്തിരാവസ്ഥയുടെ നാളുകളിലൂടെയാണ് നീങ്ങുന്നതെന്ന് പരിഭവിക്കുന്നു. ഇന്ദിരയ്ക്ക് ഉത്തരവുകള്‍ പുറപ്പെടുവിച്ച് ഭരിക്കുവാനും തിരഞ്ഞെടുപ്പുകള്‍ റദ്ദാക്കുവാനും പൗരാവകാശങ്ങള്‍ റദ്ദാക്കുവാനും പരിമിതപ്പെടുത്തുവാനും ഉള്ള അധികാരം അടിയന്തിരാവസ്ഥ നല്‍കി. 

കാര്‍ട്ടൂണിസ്റ്റ് അബു എബ്രഹാം ദി ഇന്ത്യന്‍ എക്സ്പ്രസില്‍ കാര്‍ട്ടൂണിസ്റ്റും, രാജ്യസഭാ അംഗവുമായിരുന്നു. അബു എബ്രഹാം അടിയന്തിരാവസ്ഥ കാലത്ത് വരച്ചതാണ് പ്രശസ്തമായ ബാത്ത് ടബ് കാര്‍ട്ടൂണ്‍. ഇന്നും അടിയന്തിരാവസ്ഥയെ കുറിച്ച് പരാമര്‍ശിക്കുന്ന സമയത്ത് അടിയന്തിരാവസ്ഥയുടെ പ്രതീകമായി ഈ കാര്‍ട്ടൂണ്‍ ഉപയോഗിക്കാറുണ്ട്. അടിയന്തിരാവസ്ഥ കാലത്ത് ഇന്ത്യന്‍ രാഷ്ട്രപതിയായിരുന്ന ഫക്രുദ്ദീന്‍ അലി അഹമ്മദ് രാഷ്ട്രപതി ഭവനിലെ ബാത്ത് ടബില്‍ കിടന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി കൊടുത്തു വിടുന്ന എല്ലാ ഓര്‍ഡിനന്‍സിലും ഒപ്പ് വെയ്ക്കുന്നതായിരുന്നു കാര്‍ട്ടൂണ്‍. ഇനി എന്തെങ്കിലും ഓര്‍ഡിനന്‍സ് ഒപ്പിടാനുണ്ടോ എന്ന് രാഷ്ട്രപതി ചോദിക്കുന്നുമുണ്ട്. ഇന്ദിരയുടെ പാവയാണ് രാഷ്ട്രപതിയായ ഫക്രുദ്ദീന്‍ അഹമ്മദ് എന്ന ആക്ഷേപം ശക്തമായിരുന്ന സമയത്താണ് അബു എബ്രഹാം ഇങ്ങനെ ഒരു കാര്‍ട്ടൂണ്‍ വരച്ചത്. ഈ കാര്‍ട്ടൂണ്‍ ഇന്നും പുതു തലമുറയ്ക്ക് പോലും പരിചിതമാണ്.

കാര്‍ട്ടൂണ്‍ കടപ്പാട്: ദി ഇന്ത്യന്‍ എക്സ്പ്രസ്

No comments:

Post a Comment