Thursday, January 4, 2024

37 മലയാളത്തിന് കേരള സംസ്ഥാനം

മലയാളത്തിന് കേരള സംസ്ഥാനം 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-37. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 37

സുധീര്‍ നാഥ്

മലയാളത്തിന് കേരള സംസ്ഥാനം.

ഭാഷാ അടിസ്ഥാനത്തില്‍ സംസ്ഥാനം രൂപീകരിക്കാന്‍ സംസ്ഥാന പുനഃസംഘടന കമ്മീഷന്‍ കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. 1955 സെപ്റ്റംബര്‍ 30 നു സംസ്ഥാന പുനഃസംഘടന കമ്മീഷന്‍ കേന്ദ്രസര്‍ക്കാരില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പിന്നീട് ബില് നിയമസഭയില്‍ അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്തു. ഇന്ത്യയൊട്ടാകെ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങള്‍ രൂപീകരിക്കുന്നതിനായി രൂപീകരിച്ച സയ്യിദ് ഫസല്‍ അലിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന പുനഃസംഘടനാ കമ്മീഷന്‍ തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ മേഖലകള്‍ ഉള്‍പ്പെടുത്തി ഒരു സംസ്ഥാനം രൂപീകരിക്കാന്‍ ശുപാര്‍ശ ചെയ്തു. തിരുവിതാംകൂര്‍-കൊച്ചിയിലെ മലയാളം സംസാരിക്കുന്ന പ്രദേശങ്ങളും, മലബാര്‍ ജില്ലയും (ലാക്കാഡീവ് & മിനിക്കോയ് ദ്വീപുകള്‍ ഒഴികെ) മദ്രാസ് സംസ്ഥാനത്തെ സൗത്ത് കാനറ ജില്ലയിലെ കാസര്‍ഗോഡ് താലൂക്കും ലയിപ്പിച്ച് 1956 നവംബര്‍ 1-ന് സംസ്ഥാന പുനഃസംഘടന നിയമം അനുസരിച്ച് ആധുനിക കേരള സംസ്ഥാനം രൂപീകരിച്ചുകൊണ്ട് ഇന്ത്യാ ഗവണ്‍മെന്‍റ് നിയമം പാസാക്കി.

കേരള സംസ്ഥാനം രൂപീകരിച്ചത് തന്നെ വലിയ ആഘോഷമായിട്ടാണ് ജനങ്ങള്‍ കൊണ്ടാടിയത്. ആഘോഷം കെങ്കേമമായപ്പോള്‍ ദേശബന്ധു ദിനപത്രത്തില്‍ 1956 നവംബര്‍ 1 ന് കെ.എസ്. പിള്ള വരച്ച ഒരു കാര്‍ട്ടൂണ്‍ ശ്രദ്ധേയമായി. കേരളമെന്നത് ഒരത്ഭുത ശിശുവാണെന്ന് ബാനറെഴുതി വെച്ച്,  ശിശുവിനെ കാണുവാന്‍ സര്‍ക്കസ് കൂടാരം പോലെയുള്ള കൂടാരത്തിലേക്ക് ജനങ്ങളെ ടിക്കറ്റ് എടുത്ത് കയറ്റുന്നതാണ് കാര്‍ട്ടൂണ്‍. കേരളത്തിലെ അക്കാലത്തെ പ്രമുഖരായ കമ്മ്യുണിസ്റ്റ് നേതാക്കളെല്ലാം തന്നെ അത്ഭുത ശിശുവിനെ കാണുവാനായി ജനങ്ങളെ ക്ഷണിക്കുന്നു എന്നുള്ളതാണ് പ്രത്യേകത. നാലണയാണ് ടിക്കറ്റ് നിരക്ക്. തലയും കാലും ഇല്ലാത്ത അത്ഭുത ശിശുവിന് വായയുണ്ട് വയറുണ്ട് വിശപ്പിന്‍റെ വിളിയും ഉണ്ട്... നാലെണ മാത്രം എന്നാണ് നേതാക്കള്‍ വിളിച്ച് പറയുന്നത്.

കാര്‍ട്ടൂണ്‍ കടപ്പാട് : ദേശബന്ധു

No comments:

Post a Comment