Thursday, January 4, 2024

29 എ.ഡി.ബി. തകരാറാണ്

എ.ഡി.ബി. തകരാറാണ് 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-29. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 29

സുധീര്‍ നാഥ്

എ.ഡി.ബി. തകരാറാണ്

വി.എസ് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കേരളം എ.ഡി.ബി. ബാങ്ക് വായ്പ സ്വീകരിക്കുന്നത്. ഏഷ്യന്‍ ഡെവലപ്മെന്‍റ് ബാങ്കാണ് എ.ഡി.ബി. എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്നത്. എ.ഡി.ബി. വായ്പ സ്വീകരിക്കുന്നത് സംബന്ധിച്ച് വലിയ വിവാദമാണ് അക്കാലത്ത് ഉണ്ടായത്. ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിസഭ എ.ഡി.ബി. വായ്പ വാങ്ങുന്നതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ ഒട്ടേറെ വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു. വി.എസ് പക്ഷം എ.ഡി.ബി. വായ്പ എടുക്കുന്നതിന് എതിര്‍ത്തപ്പോള്‍ ധനമന്ത്രിയായിരുന്ന തോമസ് ഐസക് എ.ഡി.ബി. വായ്പ സ്വീകരിക്കുന്നതിനുള്ള നടപടിക്രമങ്ങളും ആയി മുന്നോട്ടുപോയി. 

2006-2011 വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്‍റെ തുടക്ക കാലത്ത് സംസ്ഥാനത്തെ പൊതുവെയുള്ള സാമ്പത്തിക സ്ഥിതി വളരെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. ദൈനംദിന ചെലവുകള്‍ക്ക് വരെ പ്രയാസത്തിലായിരുന്നു സര്‍ക്കാര്‍. എ.ഡി.ബിയില്‍ നിന്നും വികസനത്തിനും സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് വായ്പയെടുക്കുന്നത് ആത്മഹത്യാപരമാണെന്നും നികുതി പിരിവ് ഊര്‍ജിതപ്പെടുത്തിയും കേന്ദ്ര വിഹിതം വാങ്ങിയെടുത്തും ജനങ്ങളില്‍ നിന്നും നിക്ഷേപം സ്വീകരിച്ച് പ്രതിസന്ധി പരിഹരിക്കാമെന്നും, വിദേശ മലയാളികളില്‍ നിന്നും നിക്ഷേപം സ്വീകരിച്ചും സാമ്പത്തിക പ്രയാസങ്ങള്‍ മറികടക്കാമെന്നുമായിരുന്നു വി.എസിന്‍റെ നിലപാട്.  മുഖ്യമന്ത്രിതന്നെ ഇത്തരത്തില്‍ പരസ്യ പ്രസ്താവന നടത്തുന്നത്, കൂട്ടത്തരവാദിത്തമില്ലാത്ത പ്രതീതി സൃഷ്ടക്കുമെന്നും സര്‍ക്കാരിന്‍റെ വിശ്വാസത നഷ്ടപ്പെടുത്തുമെന്നും പ്രകാശ് കാരാട്ട് താക്കീത് ചെയ്തിരുന്നു.

2001 ലെ യു.ഡി.എഫ്. സര്‍ക്കാര്‍ എ.ഡി.ബി. വായ്പ വാങ്ങാന്‍ കരാറുകള്‍ ഉണ്ടാക്കിയപ്പോള്‍ തന്നെ പ്രതിപക്ഷ നേതാവായ വി.എസ്. അതിന് എതിരെ രംഗത്ത് വന്നിരുന്നു. എല്‍.ഡി.എഫ്. ഗവണ്‍മെന്‍റ് അധികാരത്തില്‍ വന്നാല്‍ എ.ഡി.ബി. ലോണ്‍ തിരിച്ചടയ്ക്കില്ലെന്ന് വി.എസ് പ്രസ്താവന നടത്തുന്നത് സംസ്ഥാനത്തിന്‍റെ താത്പര്യങള്‍ക്ക്  ഭൂഷണമാണോയെന്ന് യുഡിഎഫ് നേതാക്കള്‍ ചോദിച്ചിരുന്നു.

സാഹചര്യങ്ങള്‍ അങ്ങനെയിരിക്കെ വിഎസ് മുഖ്യമന്ത്രിയായ സര്‍ക്കാരില്‍ ധനമന്ത്രിയായ തോമസ് ഐസക്ക് എ.ഡി.ബി. ലോണ്‍ എടുക്കുവാനുള്ള തീരുമാനം സ്വീകരിച്ചു. ഇതിനെതിരെ പരസ്യമായി രംഗത്ത് വന്ന വി.എസ് അച്യുതാനന്ദനെ കഥാപാത്രമാക്കിക്കൊണ്ട് മലയാള മനോരമയില്‍ ബൈജു പൗലോസ് ഒരു കാര്‍ട്ടൂണ്‍ വരച്ചു. എ.ഡി.ബി. കരാര്‍ എന്ന് തോമസ് ഐസക്കും പാലോളി മുഹമ്മദ് കുട്ടിയും ചുമരില്‍ എഴുതുമ്പോള്‍ കരാറിനു മുമ്പില്‍ ത എന്ന് എുതിചേര്‍ത്ത് തകരാര്‍ എന്നാക്കുകയാണ് മുഖ്യമന്ത്രി വി.എസ്. കാര്‍ട്ടൂണില്‍. അന്ന് സിപിഎമ്മിന്‍റെ ദേശീയ ജനറല്‍ സെക്രട്ടറിയായ പ്രകാശ് കാരാട്ട് വി.എസിനെ താക്കീത് നല്‍കുന്നതും കാര്‍ട്ടൂണില്‍ കാണാം. ഈ കാര്‍ട്ടൂണ്‍ ബൈജു പൗലോസിന് ദേശീയ തലത്തിലും മറ്റനേകം തലങ്ങളിലും അവാര്‍ഡുകള്‍ സമ്മാനിക്കുകയുണ്ടായി.

കാര്‍ട്ടൂണ്‍ കടപ്പാട്: മലയാള മനോരമ

No comments:

Post a Comment