Friday, January 5, 2024

77 നരസിംഹ റാവു മൗനിയായി, മസ്ജിദ് തകര്‍ക്കപ്പെട്ടു

നരസിംഹ റാവു മൗനിയായി, മസ്ജിദ് തകര്‍ക്കപ്പെട്ടു 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-77. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.

രാഷ്ട്രീയ ഇടവഴി 77

സുധീര്‍ നാഥ്

നരസിംഹ റാവു മൗനിയായി. മസ്ജീദ് തകര്‍ക്കപ്പെട്ടു.

1992 ഡിസംബര്‍ 6 ന് ബാബറി മസ്ജീദിന്‍റെ മൂന്ന് താഴികകുടങ്ങള്‍ തകര്‍ക്കപ്പെട്ടു. മസ്ജിദ് തകര്‍ക്കുന്ന സമയത്ത് നിശ്ശബ്ദത പാലിക്കുന്ന ബ്യൂറോക്രാറ്റുകളേയും പോലീസ് ഓഫീസര്‍മാരേയും അയോധ്യയിലേക്ക് നിയമിച്ചതായി ആരോപണമുണ്ടായി. മൂന്ന് താഴിക കുടങ്ങള്‍ തകരുമ്പോള്‍ അവിടെ ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ മാറി നിന്നു എന്നതായിരുന്നു യാഥാര്‍ത്ഥ്യം. ഇതിന് പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവുവും, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന കല്ല്യാണ്‍ സിംഗും ഒരുപോലെ കുറ്റക്കാരാണ്. 1940ന് മുമ്പ് 'മസ്ജിദ്-ഇ-ജന്മസ്ഥാന്‍' എന്നാണ് അയോധ്യയിലെ തര്‍ക്കഭൂമി അറിയപ്പെട്ടിരുന്നത്. മസ്ജീദ് തകര്‍ക്കപ്പെടുന്നതിന് മുന്‍പ്, ഉത്തരപ്രദേശിലെ ഏറ്റവും വലിയ പള്ളികളിലൊന്നായിരുന്നു. ബാബറുടെ നിര്‍ദ്ദേശപ്രകാരം ഒരു രാമക്ഷേത്രം തകര്‍ത്താണ് 'മിര്‍ ബകി' നിര്‍മ്മിച്ചത് എന്ന് ബ്രിട്ടീഷ് ഓഫീസര്‍ എച്ച്.ആര്‍.നെവില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അതോടൊപ്പം രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഇത്തരം വാദങ്ങള്‍ കെട്ടിച്ചമച്ചത് ആണെന്നും പറയപ്പെടുന്നു. 

അന്നത്തെ പ്രധാനമന്ത്രി പി വി നരസിംഹ റാവു ബാബറി മസ്ജീദ് തകര്‍ത്ത സാഹചര്യത്തില്‍ മൗനമായി ഇരുന്നതിന്‍റെ പേരില്‍ എപ്പോഴും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. 1992 ഡിസംബര്‍ 7ന് ബാബരി മസ്ജിദ് അതേ സ്ഥാനത്ത് പുനസ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരസിംഹ റാവു പ്രഖ്യാപനം നടത്തിയിരുന്നു. തന്‍റെ അയോധ്യ എന്ന പുസ്തകത്തില്‍ റാവു എഴുതിയത്, മസ്ജിദ് സംരക്ഷിക്കുമെന്ന് കോണ്‍ഗ്രസ് സര്‍ക്കാരിന് ആവര്‍ത്തിച്ച് ഉറപ്പുനല്‍കിയ അന്നത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കല്യാണ്‍ സിംഗ് വഞ്ചന കാണിച്ചു എന്നാണ്. കോണ്‍ഗ്രസിന്‍റെ പതനവും, ബി.ജെ.പിയുടെ വളര്‍ച്ചയും തുടങ്ങിയത് അവിടെ നിന്നാണ് എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്. 

അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്തതില്‍ പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവുവിന് ചെറുതല്ലാത്ത പങ്ക് ഉണ്ടെന്നുള്ള വലിയ ആക്ഷേപം ഇന്നും നിലനില്‍ക്കുന്നു. രാജ്യത്തിന്‍റെ വികസനത്തിന് നരസിംഹറാവു നല്‍കിയ സേവനം വലിയ പ്രാധാന്യമുള്ളതാണെന്ന് ചരിത്രം വിലയിരുത്തുന്നത്. അതേസമയം അയോധ്യയിലെ ബാബറി മസ്ജീദ് തകര്‍ത്തപ്പോള്‍ ഉണ്ടായ മൗനം കറുത്ത ഏടായി തന്നെ ഇപ്പോഴും തുടരുന്നു. മസ്ജിദ് തകര്‍ക്കപ്പെട്ടതിന്‍റെ പിറ്റേദിവസം 1992 ഡിസംബര്‍ ഏഴിന് ദ ഹിന്ദു പത്രത്തില്‍ മുതിര്‍ന്ന കാര്‍ട്ടൂണിസ്റ്റ് കേശവ് വരച്ച ഒരു കാര്‍ട്ടൂണ്‍ നിലപാടുകളെ വളരെ വ്യക്തമായി ചിത്രീകരിക്കുന്ന ഒന്നായിരുന്നു. പ്രധാനമന്ത്രിയുടെ മേശയ്ക്ക് മുകളില്‍ ഫയലുകള്‍ക്ക് പകരം കര്‍സേവകര്‍ ഉപയോഗിച്ച ആയുധങ്ങളാണ് കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിരിക്കുന്നത്.

കാര്‍ട്ടൂണ്‍ കടപ്പാട് : ദി ഹിന്ദു

No comments:

Post a Comment