Thursday, January 4, 2024

30 എന്തതിശയമേ ദൈവത്തിന്‍ സ്‌തോത്രം…

എന്തതിശയമേ ദൈവത്തിന്‍ സ്‌തോത്രം… 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-30. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 30

സുധീര്‍ നാഥ്

എന്തതിശയയേ ദൈവത്തിന്‍ സോത്രം...

കാര്‍ട്ടൂണില്‍ ഒരു മനുഷ്യനെ ഏത് രൂപത്തില്‍ വേണമെങ്കിലും മാറ്റിയെടുക്കുവാന്‍ സാധിക്കും എന്നുള്ളതാണ് ഏറ്റവും പ്രത്യേകത. കാര്‍ട്ടൂണില്‍ ചില നേതാക്കള്‍ മൃഗങ്ങളായും, വാഹനങ്ങളായും, വ്യക്ഷങ്ങളായും, ആണ് പെണ്ണായും, പെണ്ണ് ആണായും, ദേവനായും, ദേവിയായും മറ്റും മാറാറുണ്ട്.  മൃഗങ്ങളുടെ ശരീരവും നേതാവിന്‍റെ മുഖവുമായി ചേര്‍ത്ത് എത്രയോ കാര്‍ട്ടൂണുകള്‍ ഇറങ്ങിയിരിക്കുന്നു. ഇപ്പോള്‍ അതൊക്കെ സഹിക്കാന്‍ നേതാക്കള്‍ക്ക് കഴിയുമോ എന്ന ആശങ്കയുണ്ട്. കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ മുതല്‍ ഇങ്ങോട്ടുള്ള ഒട്ടുമിക്ക കാര്‍ട്ടൂണിസ്റ്റുകളും പുരുഷ നേതാക്കന്മാരെ സ്ത്രീകളുടെ രൂപത്തില്‍ വരച്ചിരിക്കുന്നത് കാണാം. അങ്ങനെയുള്ള കാര്‍ട്ടൂണുകളില്‍ ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നു എന്നുള്ളതാണ് മറ്റൊരു വിശേഷണം. ഇത്തരത്തില്‍ ഇഎംഎസും നായനാരും കരുണാകരനും ആന്‍റണിയും ഒക്കെ തന്നെ സ്ത്രീ രൂപത്തില്‍ ആയി കാര്‍ട്ടൂണുകളില്‍ വന്നിട്ടുണ്ട്.

കേരളത്തില്‍ ക്രിസ്ത്യന്‍ വോട്ടുകളും, മുസ്ലീം വോട്ടുകളും നല്ലൊരു ശതമാനം ഉണ്ട് എന്നുള്ള കാര്യത്തില്‍ ഒരു സംശയവുമില്ല. ഇവരുടെ വോട്ടുകള്‍ തങ്ങളുടെ പക്ഷത്തില്‍ ആക്കണമെന്ന് എല്ലാം മുന്നണികളും എല്ലാ തെരഞ്ഞെടുപ്പ് കാലത്തും ആഗ്രഹിക്കുന്ന ഒന്നാണ്. തിരഞ്ഞെടുപ്പില്‍ സമുദായ വോട്ടുകള്‍ ലഭിക്കുന്നതിന് ക്രിസ്തീയ സഭകളുടെ പിന്തുണ കൂടുതലുള്ള കേരള കോണ്‍ഗ്രസും, മുസ്ലിം സമുദായത്തിന്‍റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന മുസ്ലീം ലീഗും എടുക്കുന്ന തീരുമാനങ്ങള്‍ക്ക് വലിയ പ്രാധാന്യം ഉണ്ടായിരുന്നു.

മുന്‍പ് അങ്ങനെയൊക്കെ ആയിരുന്നെങ്കിലും ഇന്ന് ഓരോ പക്ഷത്തിന്‍റെ കൂടെയും എല്ലാ സമുദായത്തിന്‍റെ പിന്തുണയുള്ള രാഷ്ട്രീയകക്ഷികള്‍ കൂട്ടായി ഉണ്ട്. കൊടിയേരി ബാലകൃഷ്ണന്‍ സി.പി.എമ്മിന്‍റെ ജനറല്‍ സെക്രട്ടറിയായിരിക്കുന്ന സമയം. ക്രിസ്തീയ വോട്ടുകള്‍ കരസ്ഥമാക്കുന്നതിനായി കേരള കോണ്‍ഗ്രസിനെ ഒപ്പം നിര്‍ത്താന്‍ ഇടതുപക്ഷം ഒരു ശ്രമം നടത്തിയിരുന്നു. അന്ന് യു.ഡി.എഫിനോടൊപ്പം ഉണ്ടായിരുന്ന കെ എം മാണിയുടെ നേതൃത്ത്വത്തിലുള്ള കേരള കോണ്‍ഗ്രസിനെ ഒപ്പം കൂട്ടുവാന്‍ എല്‍.ഡി.എഫ്. ശ്രമിച്ചിരുന്നു എന്ന വാര്‍ത്ത വ്യാപകമായ സമയം. മുതിര്‍ന്ന കാര്‍ട്ടൂണിസ്റ്റും പി.വി. കൃഷ്ണന്‍ ഒരു കാര്‍ട്ടൂണ്‍ വരച്ചത് വളരെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു. ക്രിസ്തീയ സ്ത്രീകളുടെ  വേഷമായ ചട്ടയും മുണ്ടും ധരിച്ച കെ.എം. മാണിയെ കാര്‍ട്ടൂണിസ്റ്റ് പി.വി. ക്യഷ്ണന്‍ അതി മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. ക്രിസ്തീയ വേഷം ധരിച്ച മാണിയെ സ്വാധീനിക്കാന്‍ സി.പി.എം. ജനറല്‍ സെക്രട്ടറി കൊടിയേരി ബാലക്യഷ്ണന്‍ കൊന്ത കഴുത്തിലിട്ട് നടത്തുന്ന ശ്രമമാണ് കാര്‍ട്ടൂണില്‍. എന്തതിശയമേ ദൈവത്തിന്‍ സോത്രം... കാലം ഏറെ കഴിഞ്ഞാണെങ്കിലും മാണിയുടെ കേരള കോണ്‍ഗ്രസ് എല്‍.ഡി.എഫിന്‍റെ ഭാഗമായി...

No comments:

Post a Comment