Showing posts with label Unnikrishnan K. Show all posts
Showing posts with label Unnikrishnan K. Show all posts

Thursday, March 28, 2024

127 - രാഷ്ട്രീയ നേതാക്കള്‍ സാംസ്‌കാരിക നായകന്മാരാകുമ്പോള്‍

രാഷ്ട്രീയ നേതാക്കള്‍ സാംസ്‌കാരിക നായകന്മാരാകുമ്പോള്‍ 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-127. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 127

സുധീര്‍ നാഥ്

രാഷ്ട്രീയ നേതാക്കള്‍ സാംസ്കാരിക നേതാക്കളാകുമ്പോള്‍ 

ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ സമൂഹത്തില്‍ വലിയ വിലയുള്ള വ്യക്തിയല്ല എന്നുള്ള ധാരണ വന്നതുകൊണ്ടാണോ എന്നറിയില്ല ഇപ്പോള്‍ എല്ലാ നേതാക്കളും സാംസ്കാരിക നായകരാകുവാന്‍ കൂടി ശ്രമിക്കുന്നതായി കാണാം. രാഷ്ട്രീയത്തിലെ പ്രമുഖര്‍ എല്ലാം തന്നെ വിശേഷിച്ച് കേരള രാഷ്ട്രീയത്തിലെ നേതാക്കള്‍ ആത്മകഥയേ,ാ ഓര്‍മ്മക്കുറിപ്പുകളോ, കഥകളോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും വിഷയത്തിലോ ഒരു പുസ്തകം എഴുതുന്ന തിരക്കിലാണ്. ചില നേതാക്കള്‍ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ചിലര്‍ നാടകങ്ങളില്‍ വേഷമിടുന്നു. ഒരു സാംസ്കാരിക നായകനായാല്‍ സമൂഹത്തില്‍ കൂടുതല്‍ വില കിട്ടും എന്നുള്ള ധാരണ കൊണ്ടാണ് രാഷ്ട്രീയ നേതാക്കള്‍ക്ക് ഇത്തരത്തിലുള്ള ഒരു പ്രവണത കേരളത്തില്‍ വ്യാപകമായത് എന്നാണ് പറയപ്പെടുന്നത്. 

സമൂഹത്തിലും, മാധ്യമങ്ങളിലും ആവര്‍ത്തിക്കപ്പെടുന്ന വാക്കുകളിലൊന്നാണ് സാംസ്കാരിക നായകര്‍ എന്നത്. ഇതിന്‍റെ ഏകവചനമാണ് സാംസ്കാരിക നായകന്‍ എന്നത്. എങ്കിലും ബഹുവചനമായ സാംസ്കാരിക നായകര്‍ക്കാണ് ഏറെ പ്രചാരം. ഈ ഗണത്തിലെത്താനാണ് കേരളത്തിലെ രാഷ്ട്രീയ നേതാക്കളുടെ ശ്രമം എന്ന് കാണാം. സാഹിത്യം, സിനിമ, നാടകം, സംഗീതം, സാമൂഹ്യം, ചിത്രകല, സാമ്പത്തിക-രാഷ്ട്രീയ വിശകലനം തുടങ്ങിയ പല മേഖലകളിലെ നായകര്‍ ചേര്‍ന്നാണ് സാംസ്കാരിക നായകര്‍ എന്ന് അറിയപ്പെടുന്നത്. പൊതുസമൂഹം ഏറെ ബഹുമാനിക്കുന്നവരാണ് സാംസ്കാരിക നായകര്‍ എന്ന കാര്യത്തില്‍ തര്‍ക്കമില്ല. കാരണം നാടിനെയും നാട്ടുകാരെയും ദോഷകരമായി ബാധിക്കുന്ന വിഷയങ്ങളിലും പ്രമാദമാകുന്ന സംഭവങ്ങളിലും ഇവര്‍ ഇടപെടുകയും പ്രതികരിക്കുകയും ചെയ്യും. അതുവഴി ഭരണകൂടത്തിന്‍റെ ശ്രദ്ധ ആ വിഷയങ്ങളില്‍ പതിയുകയും ചെയ്യും. സാംസ്കാരിക നായകര്‍ നാടിന്‍റെ പൊതു സ്വത്താണ് എന്നാണ് സങ്കല്‍പ്പം. മതം, ജാതി, വര്‍ഗം, കക്ഷിരാഷ്ട്രീയം എന്നിവയ്ക്കെല്ലാം അതീതമായി അവര്‍ നാടിന്‍റെയും നാട്ടുകാരുടെയും പ്രശ്നങ്ങളില്‍ ഇടപെടണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് രാഷ്ട്രീയ നേതാക്കള്‍ സാംസ്കാരിക നേതാക്കള്‍ കൂടി ആകുവാന്‍ ശ്രമിക്കുന്നത്.

വര്‍ഷങ്ങള്‍ക്കു മുമ്പ് ഇ കെ നായനാര്‍ മുഖ്യമന്ത്രിയും വി എസ് അച്യുതാനന്ദന്‍ പാര്‍ട്ടി സെക്രട്ടറിയുമായിരുന്ന കാലത്ത് കാര്‍ട്ടൂണിസ്റ്റ് കെ ഉണ്ണികൃഷ്ണന്‍ വരച്ച ഒരു കാര്‍ട്ടൂണ്‍ ശ്രദ്ധേയമാണ്. ഒരു ഓണക്കാലത്ത് ആയിരിക്കും ഈ കാര്‍ട്ടൂണ്‍ വന്നിട്ടുണ്ടാവുക. മഹാബലി തമ്പുരാനും കാര്‍ട്ടൂണില്‍ കഥാപാത്രമാണ്. ഓലക്കുടയും ചൂടി ആഭരണ വിഭൂഷിതനായി മഹാബലി തമ്പുരാന്‍ നടന്നുപോകുന്നു. കണ്ടിട്ട് ഒരു സാംസ്കാരിക നായകന്‍റെ ഗറ്റപ്പുണ്ട്. പിടിച്ച് സ്ഥാനാര്‍ത്ഥിയാക്കിയാലോ... എന്ന് ഇ കെ നായനാര്‍ സിപിഎം പാര്‍ട്ടി സെക്രട്ടറി വി എസ് അച്യുതാനന്ദനോട് പറയുന്നത്. അന്ന് അത്ര ഗൗരവമായി കാണാത്ത ഒരു വിഷയമാണ്. ഇന്ന് കേരളത്തില്‍ രാഷ്ട്രീയ നേതാക്കള്‍ വലിയ ഗൗരവമായി തന്നെ സാംസ്കാരിക ലോകവുമായി ബന്ധപ്പെടുത്തിയാണ് കാണുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് വരച്ച ഈ കാര്‍ട്ടൂണ്‍ ഇന്നും രാഷ്ട്രീയപരമായി ഏറെ പ്രസക്തമാണ്.

കാര്‍ട്ടൂണ്‍ കടപ്പാട്: കെ ഉണ്ണികൃഷ്ണന്‍

Wednesday, March 6, 2024

119 - തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള് 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-119. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 119

സുധീര്‍ നാഥ്

തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍

ഏതൊരു തിരഞ്ഞെടുപ്പ് ആയാലും വാഗ്ദാനങ്ങള്‍ കൊണ്ട് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വോട്ടര്‍മാര്‍ക്ക് മുന്നില്‍ എത്തുക പതിവുള്ള കാഴ്ചയാണ്. ഒരു തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ശ്രമിക്കുന്ന ഒരു സ്ഥാനാര്‍ത്ഥി അല്ലെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടി പൊതുജനങ്ങള്‍ക്ക് നല്‍കുന്ന വാഗ്ദാനമോ ഉറപ്പോ ആണ് തിരഞ്ഞെടുപ്പ് വാഗ്ദാനം. തേനും പാലും ഒഴുക്കും എന്നുള്ള ആദ്യകാലങ്ങളില്‍ നല്‍കിയിരുന്ന വാഗ്ദാനങ്ങള്‍ ഒന്നും ഇന്ന് പ്രായോഗികമല്ല. അത്തരം വാഗ്ദാനങ്ങള്‍ ആക്ഷേപഹാസ്യമായി പോലും മലയാള സിനിമയില്‍ വന്നിട്ടുണ്ട് എന്നുള്ളത് ശ്രദ്ധേയമാണ്. ഇന്ന് സൗജന്യങ്ങളുടെ പെരുമ തന്നെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായി വരുന്നത് കാണാം.

ചിരിക്കുന്ന മുഖത്തോടു കൂടി വോട്ടര്‍മാരെ സമീപിക്കുന്ന ഗൗരവക്കാരായ രാഷ്ട്രീയക്കാരെ എത്രയോ കാര്‍ട്ടൂണിസ്റ്റുകള്‍ ചിത്രീകരിച്ചിരിക്കുന്നു. നരേന്ദ്രമോദി ഒരു വികസന നായകനായിട്ടാണ് ആദ്യം ജനങ്ങളിലേക്ക് എത്തിയത് വളരെ കൗതുകത്തോടെ കൂടി ജനങ്ങള്‍ രാജ്യത്തിന്‍റെ വികസനം നരേന്ദ്ര മോദിയിലൂടെ സാധ്യമാകുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ രാജ്യത്ത് വികസനത്തിനൊപ്പം ഹിന്ദു രാഷ്ട്രമാക്കുവാനുള്ള ശ്രമം പുരോഗമന ചിന്തയുള്ള ജനങ്ങളാല്‍ പരക്കെ അപലപിക്കപ്പെട്ടു. രാമക്ഷേത്രം നിര്‍മ്മിക്കുക എന്നുള്ള ലക്ഷ്യമാണ് തിരഞ്ഞെടുപ്പിന് മുന്‍പ് പ്രധാനമായി നടന്നത്. മതേതര ജനാധിപത്യ ഇന്ത്യയെ ഒരു മത രാഷ്ട്രമാക്കി മാറ്റുന്ന പ്രക്രിയയാണ് വ്യാപകമായി ഉണ്ടായത് എന്ന വിമര്‍ശനങ്ങള്‍ വ്യാപകമായി. 

വികസനപുരുഷന്‍ എന്നുള്ള രീതിയില്‍ വോട്ടര്‍മാരുടെ സമീപത്തേക്ക് വന്ന നരേന്ദ്ര മോദിയെയാണ് പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് കെ ഉണ്ണികൃഷ്ണന്‍ മാതൃഭൂമിക്ക് വേണ്ടി വരച്ച തന്‍റെ കാര്‍ട്ടൂണില്‍ ചിത്രീകരിച്ചത്. രണ്ട് കോളങ്ങളിലായിട്ട് ചിത്രീകരിച്ച ഈ കാര്‍ട്ടൂണില്‍ വികസനപുരുഷന്‍ എന്നുള്ള മേലങ്കി അണിഞ്ഞ നരേന്ദ്രമോദി ഭൂമി കുഴിക്കുകയാണ്. വലിയ വ്യവസായങ്ങള്‍ വരും എന്നുള്ള  പ്രതീക്ഷയില്‍ ജനങ്ങള്‍ കൗതുകത്തോടെ നോക്കി നില്‍ക്കുന്നു. എല്‍ കെ അദ്വാനി എന്താണ് നടക്കുന്നതെന്ന് കൗതുകത്തോടെ നോക്കിയിരിക്കുന്നു. എന്നാല്‍ വ്യവസായ സ്ഥാപനങ്ങള്‍ക്ക് പകരം രാംമന്ദിറുമായി വരുന്ന നരേന്ദ്ര മോദിയെയാണ് രണ്ടാം കോളത്തില്‍ കാര്‍ട്ടൂണിസ്റ്റ് ചിത്രീകരിച്ചിരിക്കുന്നത്. ഇത് കണ്ട് ഞെട്ടിയ വോട്ടറും രാംമന്ദിര്‍ എന്ന ശിലകം പൊക്കി വരുന്ന നരേന്ദ്ര മോദിയെ കണ്ട് ആഹ്ലാദിക്കുന്ന എല്‍ കെ അദ്വാനിയും ഉണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പലപ്പോഴും നിറവേറ്റാന്‍ സാധ്യതയില്ല. എന്നാല്‍ നരേന്ദ്രമോദി രാമക്ഷേത്രം എന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റിയിരിക്കുന്നു. ഈ കാര്‍ട്ടൂണിന്‍റെ മൂന്നാം ഭാഗമാണ് വര്‍ത്തമാനകാലത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നുള്ളത് ഈ കാര്‍ട്ടൂണ്‍ വിശേഷപ്പെട്ടതാകുന്നു. 

കാര്‍ട്ടൂണ്‍ കടപ്പാട് : മാതൃഭൂമി

Thursday, January 4, 2024

57 വല്ലതും കഴിച്ചോ…?

വല്ലതും കഴിച്ചോ…? 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-57. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 57

സുധീര്‍ നാഥ്

വല്ലതും കഴിച്ചോ...?

ലോകത്തെ ഞെട്ടിച്ച മഹാമാരിയായിരുന്നു കോവിഡ്. കോവിഡിനെ തുടര്‍ന്ന് ഉണ്ടായ ലോക് ഡൗണ്‍ രാജ്യ വ്യാപകമായി മാത്രമല്ല  ലോകം മുഴുവനും എല്ലാ സ്ഥാപനങ്ങളും അവരുടെ ജീവനക്കാരെ വീട്ടിലിരുന്നു ജോലി ചെയ്യാനായി പ്രേരിപ്പിച്ചു. ജനങ്ങള്‍ പുറത്ത് പോകാതെ വീട്ടിലിരുന്നു. വാഹനങ്ങള്‍ ഓടുന്നില്ല, കടകളും മാളുകളും അടച്ചിട്ടു, തീയേറ്ററുകള്‍ അടച്ചിട്ടു, വിവാഹ ജന്‍മദിന ആഘോഷങ്ങള്‍ നടക്കുന്നില്ല. പക്ഷെ രോഗം പടര്‍ന്ന് കയറുന്നു. ആശുപത്രികള്‍ പോലും സുരക്ഷിത ഇടമല്ലെന്ന് സംസാരമുണ്ടായി. ജനങ്ങള്‍ ജീവനില്‍ ഭയം തോന്നി പലായനം ചെയ്യുന്നു. ലോകത്ത് കോടി കണക്കിന് മനുഷ്യര്‍ക്ക് തൊഴില്‍  നഷ്ടപ്പെട്ടു. ഭക്ഷ്യ വസ്തുക്കള്‍ ലഭിക്കാന്‍ പ്രയാസമായി. ജോലി തുടര്‍ന്നവര്‍ക്ക് ശംമ്പളം വെട്ടി കുറച്ചു. ജനങ്ങള്‍ക്ക് വരുമാനം കുറഞ്ഞു. പട്ടിണി ലോകമെന്നും ഉണ്ടായി. ജനങ്ങള്‍ ഭക്ഷണത്തിനായി വീട്ടിനുള്ളിലിരുന്ന് ക്കൈകള്‍ നീട്ടി.

അര്‍ഹമായ കൈകളിലേക്ക് ഭക്ഷണം കൃത്യമായി എത്തണമെന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാരിന്‍റെ ആഹ്വാന പ്രകാരം കേരളത്തില്‍ എല്ലായിടത്തും കമ്മ്യൂണിറ്റി കിച്ചന്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ക്യാമ്പിലേയ്ക്കും വീടുകളിലേക്കുമായി ദിവസവും ലക്ഷകണക്കിന് ആളുകള്‍ക്കാണ് ഭക്ഷണം വിതരണം ചെയ്യ്തത്. അതിനായി സജ്ജരായ സന്നദ്ധ പ്രവര്‍ത്തകര്‍ നാട്ടില്‍ തന്നെയുണ്ടായി. ദിവസം കഴിയും തോറും ഭക്ഷണ ആവശ്യക്കാരുടെ എണ്ണം വര്‍ദ്ധിച്ചു. കേരളത്തില്‍ കമ്മ്യൂണിറ്റി കിച്ചന്‍ പ്രവര്‍ത്തനം സര്‍ക്കാര്‍ പിന്തുണയില്‍ വന്‍ വിജയമായി. അതിന് ഇടത്പക്ഷ പ്രവര്‍ത്തകരും, കമ്മ്യൂണിസ്റ്റ് യുവജന സംഘടനകളും മുന്‍നിരയില്‍ നിന്നത് ശ്രദ്ധേയമായിരുന്നു. ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ചിലവില്‍ ഭക്ഷ്യകിറ്റുകള്‍ സൗജന്യമായി വിതരണം ചെയ്തു. 

മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടാം വട്ടവും ജനവിധി തേടിയത് ഈ സാഹചര്യത്തിലായിരുന്നു. 2021 ല്‍ കേവിഡ് കാലത്ത് നടന്ന 15 ാം കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി 140ല്‍ 99 സീറ്റുകള്‍ നേടി വിജയിച്ചതിന് പിന്നില്‍ കോവിഡ് കാലത്തെ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ആരോഗ്യ പരിപാലന രംഗത്തും ഭക്ഷ്യ രംഗത്തും കേരള സര്‍ക്കാരിന്‍റെ ഇടപെടല്‍ ശ്ലാകനീയമായിരുന്നു. ലോക ശ്രദ്ധ വരെ നേടിയ പ്രവര്‍ത്തനമായിരുന്നു കേരള സര്‍ക്കാരിന്‍റേത് എന്ന കാര്യത്തില്‍ ലോക മാധ്യമങ്ങള്‍ തന്നെ സാക്ഷ്യം. തിരഞ്ഞെടുപ്പ് വിശകലനത്തിന് അതുകൊണ്ട് ഏറെ സമയം രാഷ്ട്രീയ നിരീക്ഷകര്‍ക്ക് വേണ്ടി വന്നില്ല.

തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാനും മാതൃഭൂമിയിലെ ചീഫ് റിപ്പോര്‍ട്ടറുമായ കെ. ഉണ്ണികൃഷ്ണന്‍ വരച്ച കാര്‍ട്ടൂണുണ്ട്. നീണ്ട ആരോപണ ലിസ്റ്റുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണ് ഒന്നാം കോളത്തില്‍. സ്വപ്ന, കടല്‍, സ്പീക്കര്‍, ജലീല്‍, പിന്‍ വാതില്‍ തുടങ്ങിയ ആരോപണങ്ങള്‍ ചെന്നിത്തല വിളിച്ചു പറയുന്നു. രണ്ടാം കോളത്തില്‍ വല്ലതും കിച്ചോ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വോട്ടര്‍മാരോട് ചോദിക്കുന്നു. മൂന്നാം കോളത്തില്‍ വോട്ടുമായി വോട്ടര്‍മാരോടൊപ്പം പിണറായി നീങ്ങുന്നു. തിരഞ്ഞെടുപ്പിന്‍റെ വിജയ വിശകലനമായി കാര്‍ട്ടൂണ്‍. ആയിരം വാക്കുകള്‍ക്ക് പറയുവാന്‍ കഴിയുന്നതിന് പകരമാണ് ഒരു കാര്‍ട്ടൂണ്‍ എന്നതിന് ലക്ഷണമൊത്ത ഉദാഹരണമായിരുന്നു ഈ കാര്‍ട്ടൂണ്‍. കാര്‍ട്ടൂണ്‍ ഏറ്റവും കൂടുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യപ്പെട്ടു. ഒട്ടേറെ അവാര്‍ഡുകളും ലഭിച്ചു. മാതൃഭൂമിയുടെ ഒന്നാം പേജില്‍ വരേണ്ടതായിരുന്നു ഈ കാര്‍ട്ടൂണെന്നും അകത്തെ പേജില്‍ വന്നത് തെറ്റായ തീരുമാനമായിരുന്നെന്നും പത്രാധിപരായ മനോജ് കെ ദാസ് ലേഖകനോട് പറഞ്ഞിട്ടുണ്ട്.

കാര്‍ട്ടൂണ്‍ കടപ്പാട്: മാതൃഭൂമി

26 സൂക്ഷിക്കുക, കേസ് കെട്ടുണ്ട്

സൂക്ഷിക്കുക, കേസ് കെട്ടുണ്ട് 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-26. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 26

സുധീര്‍ നാഥ്

സൂക്ഷിക്കുക, കേസ് കെട്ടുണ്ട്

ഒരു പാര്‍ട്ടി മാത്രമായി തിരഞ്ഞെടുപ്പിനെ നേരിട്ടിരുന്ന കാലം പോയിരിക്കുന്നു. രാഷ്ട്രീയ മുന്നണി സംവിധാനമാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സിപിഎം നയിക്കുന്ന ഇടത്പക്ഷ ജനാധിപത്യ മുന്നണി, കോണ്‍ഗ്രസ് നയിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി, ബിജെപി നയിക്കുന്ന എന്‍ഡിഎ എന്നിവരാണ് പ്രധാനമായും കേരളത്തിലെ മത്സര രംഗത്തുള്ളത്. കേരളത്തിലെ രാഷ്ട്രീയ മുന്നണികളുടെ ചരിത്രത്തിന് അന്‍പത് വര്‍ഷത്തിലേറെ പഴക്കമുണ്ട്. രാഷ്ട്രീയ കക്ഷികളുടെ കൂറുമാറ്റവും കൂടുമാറ്റവും വളരെ ശക്തമായി തന്നെ കേരള രാഷ്ട്രീയത്തില്‍ നടന്നിട്ടുണ്ട്. കേരള സംസ്ഥാന രൂപീകരണത്തിനു മുമ്പു തന്നെ സഖ്യകക്ഷി രാഷ്ട്രീയത്തിന്‍റെ അതിപ്രസരം കണ്ടുതുടങ്ങിയിരുന്നു. 1951 മുതലിങ്ങോട്ട് ചെറുതും വലുതുമായ സഖ്യക്ഷികളുടെ സാന്നിധ്യം കാണാം. കേരള രാഷ്ട്രീയത്തില്‍ എല്‍ഡിഎഫ് യുഡിഎഫ് മുന്നണി സമ്പ്രദായം വരുന്നത് 1970കളുടെ അവസാനത്തോടെയാണ്. 

ഓരോ തിരഞ്ഞെടുപ്പിലും പല രാഷ്ട്രീയ കക്ഷികളും എതിര്‍ മുന്നണിയില്‍ ചേക്കേറുന്ന കാഴ്ച്ച സര്‍വ്വസാധാരണമാണ്. വളരും തോറും പിളരുകയും, പിളരും തോറും വളരുകയും ചെയ്യുന്ന കേരള കോണ്‍ഗ്രസില്‍ നിന്നുള്ളവരാണ് ഏറ്റവും കൂടുതല്‍ മലക്കം മറിച്ചില്‍ നടത്തിയിട്ടുള്ളതെന്ന് തിരിച്ചറിയാന്‍ സാധിക്കും. അതിന് ശേഷം ജനതാ പാര്‍ട്ടിയായിരിക്കും എന്നാണ് രാഷ്ട്രീയ ചരിത്രം പറയുന്നത്.

ഇത്തരത്തില്‍ പലരും മുന്നണി മാറിയപ്പോള്‍ എത്രയോ കാര്‍ട്ടൂണുകള്‍ വന്നിരിക്കുന്നു. യുഡിഎഫിന്‍റെ ഭാഗമായിരുന്ന ബാലക്യഷ്ണപിള്ള, എല്‍ഡിഎഫില്‍ വന്നത് പിണറായി വിജയന്‍ കേരളം ഭരിക്കുന്ന അവസരത്തിലാണ്. മുന്നാക്ക സമുദായ ചെര്‍മാനായി അദ്ദേഹത്തെ നിയമിച്ച് എല്‍ഡിഎഫില്‍ കൊണ്ടു വന്ന അവസരത്തില്‍ മാത്യഭമിയില്‍ കെ. ഉണ്ണിക്യഷ്ണന്‍ ഒരു കാര്‍ട്ടൂണ്‍ വരച്ചു. ڇസൂക്ഷിച്ച് പിടിക്കണം, പഴയ കേസു കെട്ട് ഒക്കെഉള്ളതാ...ڈ എന്ന് എല്‍ഡിഎഫിലേയ്ക്ക് വരുന്ന ബാലക്യഷ്ണപിള്ള, പെട്ടിയും പ്രമാണവും ചുമന്ന് വരുന്ന വി.എസ്സിനോട് പറയുന്നതാണ് കാര്‍ട്ടൂണ്‍. എല്‍ഡിഎഫ് കാര്യസ്ഥനായി പിണറായി വിജയനും കാര്‍ട്ടൂണില്‍ കാണാം. 

കാര്‍ട്ടൂണ്‍ കടപ്പാട്: മാതൃഭൂമി