Showing posts with label A K Antony. Show all posts
Showing posts with label A K Antony. Show all posts

Saturday, April 13, 2024

147 - സോണിയാജീ… മാണിയാജീ…

സോണിയാജീ… മാണിയാജീ… 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-147. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 147

സുധീര്‍ നാഥ്

സോണിയാജീ... മാണിയാജീ...

കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായിരുന്ന കെ. എം. മാണി കേരള രാഷ്ട്രീയ ചരിത്രത്തിലെ പ്രധാന കഥാപാത്രമാണ്. വേറിട്ട ശരീര പ്രകൃതിയും കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് എളുപ്പം വഴങ്ങുന്ന അദ്ദേഹത്തിന്‍റെ ആയിരക്കണക്കിന് കാര്‍ട്ടണുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിലെ ധനകാര്യം, റവന്യൂ, നിയമം, ആഭ്യന്തരം എന്നീ കാബിനറ്റ് വകുപ്പുകളുടെ മന്ത്രിയായിരുന്നു അദ്ദേഹം. 1965 മുതല്‍ 2019 വരെ പാലാ നിയോജകമണ്ഡലത്തെ കേരള നിയമസഭയില്‍ പ്രതിനിധീകരിച്ച അദ്ദേഹം, ഏറ്റവും കൂടുതല്‍ കാലം (52 വര്‍ഷം) നിയമസഭാംഗമായിരുന്ന വ്യക്തിയാണ്. ഏറ്റവുമധികം തവണ (13 പ്രാവശ്യം) ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന റെക്കോര്‍ഡ് മാണിക്കാണ്. 11 തവണ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തും, ഏറ്റവും കൂടുതല്‍ തവണ (13) തവണ ഒരേ മണ്ഡലത്തില്‍ നിന്ന് ജയിച്ചതും, അടക്കം ഒട്ടേറെ റിക്കോഡുകള്‍ക്ക് ഉടമയായ കെ. എം. മാണി ഒരിക്കല്‍ പോലും പരാജയം അറിഞ്ഞിട്ടില്ല.

1980 മുതല്‍ 81 വരെ ഒരു വര്‍ഷക്കാലം ഇടതുപക്ഷ മുന്നണിയോടൊപ്പം ആയിരുന്നു കെ എം മാണിയെങ്കില്‍, ശേഷിച്ച എല്ലാ കാലവും കോണ്‍ഗ്രസിനോടൊപ്പം തന്നെയായിരുന്നു രാഷ്ട്രീയ പങ്കാളിത്തം. ഒട്ടേറെ തവണ കേരളത്തിലെ മന്ത്രിയാവുകയും ധനമന്ത്രിയും നിയമ മന്ത്രിയുമായ കെ. എം മാണിക്ക് ഒരുകാലത്ത് കേന്ദ്രമന്ത്രി സ്ഥാനം എന്ന സ്വപ്നം ഉണ്ടായി എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. സ്വപ്നം സാക്ഷാത്കാരത്തിനായി അദ്ദേഹം ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. കേന്ദ്രമന്ത്രിയാകുന്നതിനായി അദ്ദേഹം ഡല്‍ഹിയില്‍ പോയപ്പോള്‍ കേന്ദ്രമന്ത്രി ആയാല്‍ ധരിക്കേണ്ട വസ്ത്രങ്ങള്‍ പോലും ഇവിടെനിന്ന് തയ്യാറാക്കി കൊണ്ടുപോയിരുന്നു എന്ന് സംസാരവും വ്യാപകമായി ഉണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് കേന്ദ്രമന്ത്രി ആകുവാന്‍ സാധിച്ചില്ല. ലോക്സഭാ, രാജ്യസഭാ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് വേണ്ടത്ര പരിഗണന ലഭിച്ചില്ല എന്ന പരാതിയും കെ. എം. മാണി ഉന്നയിച്ചിരുന്നു.

കേന്ദ്രമന്ത്രി സ്ഥാനം എന്ന ആഗ്രഹം സാധിച്ചില്ല, തിരഞ്ഞെടുപ്പില്‍ പരിഗണന ലഭച്ചില്ല, എന്നീ വിഷയങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ട് പ്രസന്നന്‍ ആനിക്കാട് വരച്ച ഒരു കാര്‍ട്ടൂണ്‍ ശ്രദ്ധേയമാണ്. കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവ് സോണിയ ഗാന്ധി ഭക്ഷണം കഴിക്കാന്‍ തീന്‍മേശയുടെ കസേരയി ഇരിക്കുന്നു. അതിന്‍റെ താഴെ കേരള കോണ്‍ഗ്രസ് ചിഹ്നമായ രണ്ടിലയില്‍ എന്തെങ്കിലും ലഭിക്കുമെന്നുള്ള ഉദ്ദേശത്താല്‍ മകന്‍ ജോസ് കെ മാണിയോടൊപ്പം പ്രതീക്ഷകളോടെ ഇരിക്കുന്ന ഒരു ക്രിസ്തീയ സ്ത്രീയായി കെ. എം. മാണിയെ പ്രസന്നന്‍ ചിത്രീകരിച്ചിരിക്കുന്നു. സസ്യേതര വിഭവങ്ങളാണ് സോണിയ ഗാന്ധി കഴിക്കുവാന്‍ മേശപ്പുറത്ത് വെച്ചിരിക്കുന്നത്. സദ്യ ഒരുക്കുന്നതാകട്ടെ എ, കെ ആന്‍റണിയും ഉമ്മന്‍ചാണ്ടിയും. കോണ്‍ഗ്രസ് നേതാവായ ലീഡര്‍ കെ കരുണാകരന്‍ പൂച്ചയായി മീനുമായി പോകുന്ന ഒരു രംഗവും കാര്‍ട്ടൂണിന്‍റെ ഭാഗമാണ്. സോണിയ ഗാന്ധി, കെ. എം. മാണിയോട് പറയുകയാണ്: ഇനിം മീന്‍ വന്നാല്‍ പൂച്ചകൊണ്ടോയില്ലേല്‍... ചേടത്തിക്കാ... ഒറപ്പ്... സോണിയാ ഗാന്ധിയെ നോക്കി മാണി ഓര്‍മ്മിപ്പിക്കുന്നത് ചിരിക്ക് വക നല്‍കുന്നു: സോണിയാജീ... മാണിയാജി...

കാര്‍ട്ടൂണ്‍ കടപ്പാട്: പ്രസന്നന്‍ ആനിക്കാട്

Thursday, March 28, 2024

133 - വിഭാഗീയത വിഷയമാക്കിയ കാര്‍ട്ടൂണ്‍

വിഭാഗീയത വിഷയമാക്കിയ കാര്‍ട്ടൂണ്‍ 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-133. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 133

സുധീര്‍ നാഥ്

വിഭാഗിയത വിഷയമാക്കിയ കാര്‍ട്ടൂണ്‍ 

കേരളത്തിലെ രാഷ്ട്രീയ ചരിത്രങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ കാലങ്ങളായി എല്ലാ പാര്‍ട്ടികളിലും വിഭാഗിയത ഉണ്ടായിരുന്നു എന്ന് കാണാം. കോണ്‍ഗ്രസിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും ശക്തമായ വിഭാഗീയത പ്രവര്‍ത്തനം ഉണ്ടായിരുന്നു എന്നുതന്നെ പറയാം. കോണ്‍ഗ്രസിലെ വിഭാഗിയതയുടെ ഭാഗമായി കേരള കോണ്‍ഗ്രസ് ഉണ്ടായി. സിപിഐ(എം), സിപിഐ ഉണ്ടായതും വിഭാഗിയതയുടെ ഭാഗമായി തന്നെ എന്ന് വിലയിരുത്താം. പിന്നീട് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഉണ്ടായ വിഭാഗിയതയുടെ ഭാഗമായി ആന്‍റണി ഗ്രൂപ്പും, ഇന്ദിരാ ഗ്രൂപ്പും ഉണ്ടായി. എ, ഐ ഗ്രൂപ്പുകള്‍ എന്ന് പരസ്യമായി ജനങ്ങള്‍ പറയുവാന്‍ തുടങ്ങി. അത് പരസ്യമായി മാധ്യമങ്ങള്‍ വഴി സമൂഹമറിഞ്ഞതുമാണ്. സിപിഐ (എം)ലും വിഭാഗിയത പരസ്യമായി. വിഎസ് ഗ്രൂപ്പും പിണറായി ഗ്രൂപ്പും എന്ന് സമൂഹം അറിഞ്ഞു. 

തിരഞ്ഞെടുപ്പ് കാലത്ത് ഈ വിഭാഗീയത അതാത് പാര്‍ട്ടികളെ വല്ലാതെ ബാധിച്ചിട്ടുണ്ട് എന്നുള്ളതും സത്യമാണ്. ചില നേതാക്കള്‍ വിഭാഗീയതയുടെ പേരില്‍ ക്രൂശിക്കപ്പെടുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട് എന്നുള്ളത് രാഷ്ട്രീയ ചരിത്രത്തിന്‍റെ ഭാഗമാണ്. വിഭാഗീയത പ്രവര്‍ത്തനങ്ങള്‍ പഴയതിനേക്കാള്‍ ശക്തമായി ഇപ്പോഴും ഉണ്ട് എന്ന് പറയുന്നതില്‍ തെറ്റില്ല. കോണ്‍ഗ്രസില്‍ പരസ്യമായി ആരംഭിച്ച വിഭാഗീയത പിന്നീട് മറ്റു പാര്‍ട്ടികളിലേക്ക് പടര്‍ന്നു കയറുകയായിരുന്നു. ഇന്ന് ചെറിയ പാര്‍ട്ടികളില്‍ പോലും വിഭാഗീയത കാണുന്നു എന്നുള്ളത് മറച്ചുവയ്ക്കുവാന്‍ സാധിക്കില്ല. കാരണം ചെറിയ പാര്‍ട്ടികളിലെ വിഭാഗീയത പോലും ഇപ്പോള്‍ പരസ്യമായി മാധ്യമങ്ങളില്‍ വന്നിരിക്കുകയാണ്. 

കോണ്‍ഗ്രസിലെ വിഭാഗീയത ഒരുകാലത്ത് വളരെ ശക്തവും, അതിനു നേതൃത്വം കൊടുത്തവര്‍ ശക്തരുമായിരുന്നു എന്നത് കാരണം പല കാട്ടുണിലും വിഷയമായിട്ടുണ്ട്. ദേശാഭിമാനിയില്‍ എം എം മോനായി വരച്ച ഒരു കാര്‍ട്ടൂണ്‍ തെരഞ്ഞെടുപ്പ് കാലത്ത് ഓര്‍ത്തു പോകുന്നത് സ്വാഭാവികം. ചലചിത്രങ്ങള്‍ ഹിറ്റാകുന്നതിന്‍റെ ഭാഗമായി പോസ്റ്ററുകള്‍ ഇറങ്ങാറുണ്ട്. ഇതിന് സമാനമായി കോണ്‍ഗ്രസിലെ വിഭാഗിയതയുടെ ആഭ്യന്തര കലഹം മോനായി തന്‍റെ കാര്‍ട്ടൂണില്‍ വിഷയമാക്കിയിരിക്കുകയാണ്. കെ കരുണാകരനും, എ കെ ആന്‍റണിയുമാണ് കാര്‍ട്ടൂണിലെ പ്രധാന കഥാപാത്രങ്ങള്‍. കെപിസിസിയില്‍ ആഭ്യന്തര കലഹം എന്നാണ് ചിത്രത്തിന്‍റെ പേര്. ഗംഭീര സ്റ്റണ്ട് സെക്സ് ആക്ഷന്‍ ക്രൈം ഹൊറര്‍ ചിത്രം എന്നും പരസ്യവാചകം കാണാം. കെപിസിസി തീയറ്ററില്‍ നിന്ന് ഇടിയും, നിലവിളിയും ഉയരുന്നുണ്ട്. ഒരു ദുരന്ത കഥയുടെ ദയനീയമായ ആവിഷ്ക്കാരം എന്ന സൂചനയും പോസ്റ്ററില്‍ കാണാം. കളരിപ്പയറ്റിനെ അനുസ്മരിക്കുന്ന രീതിയിലാണ് രണ്ട് പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ കാര്‍ട്ടൂണില്‍.

കാര്‍ട്ടൂണ്‍ കടപ്പാട്: ദേശാഭിമാനി

Tuesday, March 19, 2024

122 - കെ കരുണാകരന്റെ മക്കളുടെ ഭാവി

കെ കരുണാകരന്റെ മക്കളുടെ ഭാവി

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-122. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 121

സുധീര്‍ നാഥ്

കെ കരുണാകരന്‍റെ മക്കളുടെ ഭാവി 

സ്വന്തം മക്കളെ രാഷ്ട്രീയത്തില്‍ ഇറക്കി അവരുടെ ഭാവി സുരക്ഷിതമാക്കണമെന്നാണ് ഒട്ടുമിക്ക രാഷ്ട്രീയ നേതാക്കളും ചിന്തിക്കുക സ്വാഭാവികം. പ്രമുഖരായ ചില രാഷ്ട്രീയ നേതാക്കളുടെ മക്കള്‍ പില്‍ക്കാലത്ത് രാഷ്ട്രീയ പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെടുന്നത് നാം കണ്ടതുമാണ്. അത്തരത്തില്‍ തന്നെയാണ് കേരളത്തിലെ മാത്രമല്ല, ദേശിയ തലത്തിലും കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയ തന്ത്രജ്ഞനായ കെ കരുണാകരന്‍ നടപ്പിലാക്കിയത്. തന്‍റെ മകനായ മുരളീധരനെയും മകളായ പത്മജയെയും കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ കൊണ്ടുവരുകയും പ്രമുഖ സ്ഥാനങ്ങള്‍ കൊടുക്കുവാന്‍ തന്‍റെ സ്വാധീനം പരമാവധി ഉപയോഗപ്പെടുത്തുകയും ചെയ്തതും നമ്മള്‍ കണ്ടതാണ്. കെ കരുണാകരന്‍റെ മകന്‍ മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കുവാന്‍ തീരുമാനിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതാവായ എ കെ ആന്‍റണി മൂത്രമൊഴിക്കാന്‍ പോയ സംഭവം കേരള രാഷ്ട്രീയത്തിലെ മായ്ച്ചു കളയുവാന്‍ കഴിയാത്ത ഒരു ഏടാണ്.

മക്കള്‍ രാഷ്ട്രീയം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അതിശക്തമായി വന്നുകൊണ്ടിരിക്കുന്നു എന്നുള്ളത് ജനാധിപത്യ രാഷ്ട്രത്തിന് ഒരിക്കലും യോജിച്ചതല്ല. എന്നാല്‍ രാഷ്ട്രീയക്കാരുടെ മക്കള്‍ രാഷ്ട്രീയത്തില്‍ വരാന്‍ പാടില്ല എന്നുള്ള നിലപാടും ശരിയുള്ളതല്ല. ജനങ്ങളിലേയ്ക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിച്ച് നേതാവായി വരുന്നതില്‍ ഒരു തെറ്റും പറയുവാനും സാധിക്കില്ല. അത്തരത്തില്‍ വന്ന പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ മക്കളും ഉണ്ട്. എന്നാല്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാതെ പിതാക്കന്മാരുടെ അനുഗ്രഹത്താല്‍ രാഷ്ട്രീയത്തില്‍ ഉന്നത സ്ഥാനം നേടുന്നത് അതാത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ദോഷം വരുത്തി വെച്ചിട്ടുണ്ട് എന്നുള്ളത് പില്‍ക്കാല രാഷ്ട്രീയ ചരിത്രം വ്യക്തമാക്കുന്നതാണ്. കോണ്‍ഗ്രസിന്‍റെ അധപതനത്തിനും ഇത് ഒരു കാരണമായി എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നതില്‍ കുറ്റം പറയുവാനും സാധിക്കില്ല.

കെ മുരളീധരന്‍ സ്ഥാനാര്‍ത്ഥിയായി പലതവണ ജയിച്ചിട്ടുണ്ടെങ്കിലും മകളായ പത്മജയ്ക്ക് തെരഞ്ഞെടുപ്പില്‍ ഒരിക്കല്‍പോലും ജയിക്കുവാന്‍ സാധിച്ചില്ല എന്നുള്ളതാണ് ചരിത്രം. 2001 ഏപ്രില്‍ 28ന് കേരള കൗമുദിയില്‍ ടി കെ സുജിത്ത് വരച്ച ഒരു കാര്‍ട്ടൂണ്‍ ഏറെ ശ്രദ്ധേയമാണ്. അക്കാലത്താണ് വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന സിനിമ പുറത്തിറങ്ങിയ സമയം കൂടിയാണ്. കെപിസിസി പ്രസിഡണ്ടായി കെ മുരളീധരന്‍ ഒരു സ്കൂട്ടറില്‍ പോകുന്നതും വീട്ടുമുറ്റത്ത് കളിച്ചിരിക്കുന്ന മകള്‍ പത്മജയെയും ആണ് കാര്‍ട്ടൂണില്‍ കാണുക. വീട്ടുമുറ്റത്ത് ചാരുകസേരയില്‍ ഇരിക്കുന്ന കെ കരുണാകരന്‍ മുറ്റത്ത് വന്നു നില്‍ക്കുന്ന എ കെ ആന്‍റണിയോട് പറയുകയാണ്: മോന്‍റെ കാര്യം രക്ഷപ്പെട്ടു. മോളെ എംപി കോഴ്സിന് വിടാനാണ് പ്ലാന്‍. പെന്‍ഷന്‍ ആകുമ്പോഴേക്കും കുട്ടികളെ നല്ല നിലയ്ക്ക് ആകാമല്ലോ... ഇതേസമയം സംഗമം സംഗമം ത്രിവേണി സംഗമം എന്ന പ്രശസ്തമായ പാട്ട് റേഡിയോയില്‍ നിന്ന് ഉയരുന്നുണ്ട്. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാനായി കുടുംബ സംഗമം പദ്ധതി ആവിഷ്കരിക്കും എന്ന് യുഡിഎഫ് പ്രകടനപത്രികയില്‍ ഉണ്ടായിരുന്നത് ഓര്‍മ്മപ്പെടുത്തി കൊണ്ടാണ് സുജിത്ത് കാര്‍ട്ടൂണ്‍ വരച്ചിരിക്കുന്നത്.

കാര്‍ട്ടൂണ്‍ കടപ്പാട്: കേരള കൗമുദി

Wednesday, March 6, 2024

103 - പ്ലസ് ടു വിവാദവും നായനാരും

പ്ലസ് ടു വിവാദവും നായനാരും 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-103. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.



Thursday, January 4, 2024

66 ക്രിസ്തുമസ് അപ്പൂപ്പനായി ലീഡറും

ക്രിസ്തുമസ് അപ്പൂപ്പനായി ലീഡറും 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-66. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 66

സുധീര്‍ നാഥ്

ക്രിസ്തുമസ് അപ്പൂപ്പനായി ലീഡറും

ക്രിസ്തുമസ് അപ്പൂപ്പന്‍റെ ഇന്നത്തെ രൂപം ഒരു കാര്‍ട്ടൂണിസ്റ്റിന്‍റെ ഭാവനയില്‍ രൂപം കൊണ്ടതാണ്. ജര്‍മനിയില്‍ ജനിച്ച് അമേരിക്കയില്‍ പ്രശസ്തനായ രാഷ്ട്രീയ കാര്‍ട്ടൂണിസ്റ്റ് തോമസ് നാസ്റ്റ് വരച്ചതാണ് ഇന്ന് ലോകം അംഗീകരിച്ച സാന്താക്ലോസ് രൂപം. 1863 ജനുവരി 3ലെ ഹാര്‍പ്പേസ് വീക്കിലിയിലാണ് അദ്ദേഹം ആദ്യമായി സാന്തയെ വരച്ചത്. നരച്ച മുടിയും താടിയും കൊഴുത്തുരുണ്ട ശരീര പ്രകൃതിയുള്ള തടിയനായ മനുഷ്യനാണ് ഇന്നത്തെ സാന്താക്ലോസ്. ചുവന്ന കുപ്പായവും കൂര്‍മ്പന്‍ തൊപ്പിയുമണിഞ്ഞ് മാനുകള്‍ വലിക്കുന്ന തെന്നുവണ്ടിയില്‍ പുഞ്ചിരിയോടെ വരുന്ന നരച്ചമുടിയും താടിയുമുള്ള തടിയന്‍ സാന്താക്ലോസ് ക്രിസ്തുമസ് ദിനങ്ങളിലെ വിശേഷ കഥാപാത്രമാണ്. ക്രിസ്മസ് നാളുകളില്‍ കുട്ടികള്‍ക്കുള്ള സമ്മാനങ്ങള്‍ വീടിന്‍റെ ചിമ്മിനിയിലൂടെ അദ്ദേഹം അകത്തേയ്ക്ക് ഇട്ടു കൊടുക്കുന്നുവെന്നാണ് സങ്കല്പം. ക്രിസ്മസ് ആഘോഷിക്കുന്ന എവിടേയും വളരെ പരിചിതനാണ് തോളില്‍ സഞ്ചിയുമായി വരുന്ന സാന്തക്ലോസ്. 

ലോകത്തെ കാര്‍ട്ടൂണുകളില്‍ മാത്രമല്ല മലയാള കാര്‍ട്ടൂണുകളിലും സാന്താക്ലോസ് എന്ന ക്രിസ്തുമസ് അപ്പൂപ്പന്‍റെ വേഷത്തില്‍ പലരുമെത്തി. ക്രിസ്തുമസ് കാലമായാല്‍ കാര്‍ട്ടൂണിസ്റ്റുകള്‍ സാന്താക്ലോസ് അഥവാ ക്രിസ്മസ് അപ്പൂപ്പനെ കഥാപാത്രമാക്കി കാര്‍ട്ടൂണ്‍ വരയ്ക്കുക ഒരു പതിവ് രീതി തന്നെയാണ്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ സാന്താക്ലോസ് കാര്‍ട്ടൂണുകള്‍ വരച്ചത് കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ ആയിരിക്കും. ഏറ്റവും കൂടുതല്‍ മലയാളികളായ രാഷ്ട്രീയ നേതാക്കളെ സാന്തായിയുടെ വേഷം കെട്ടിച്ചിട്ടു ഉണ്ടാവുക അദ്ദേഹം തന്നെയാണ്. അസാധുവിന് ശേഷം അദ്ദേഹം പ്രവര്‍ത്തിച്ച പത്രങ്ങളിലും അനുബന്ധ പ്രസിദ്ധീകരണങ്ങളിലും എല്ലാ വര്‍ഷവും ഡിസംബറില്‍ സാന്താക്ലോസിനെ വരയ്ക്കാറുണ്ട്.

യേശുദാസന്‍ പത്രാധിപത്യം വഹിച്ച അസാധു മാസികയുടെ 1981 ഡിസംബര്‍ ലക്കം കവറില്‍ വന്ന ഒരു സാന്താ കാര്‍ട്ടൂണ്‍ ഏറെ പ്രശസ്തമാണ്. ഡിസംബര്‍ ലക്കങ്ങളില്‍ എപ്പോഴും ക്രിസ്തുമസ് അപ്പൂപ്പനായി ഒരു നേതാവ് അസാധുവിന്‍റെ കവറില്‍ ഉണ്ടാകും. 1981 ല്‍ ലീഡര്‍ കെ. കരുണാകരനായിരുന്നു സാന്തയുടെ വേഷത്തില്‍. സാന്തയുടെ വേഷം അണിഞ്ഞ സമയം കേരളത്തില്‍ രാഷ്ട്രപതി ഭരണമായിരുന്നു. രാഷ്ട്രീയ രംഗം കത്തി കയറിയ കാലമാണ് അന്ന്. ലീഡറുടെ താടി പിടിച്ചു വലിച്ച് തീ കൊടുക്കാന്‍ ശ്രമിക്കുകയാണ് അന്നത്തെ സി.പി.എം നേതാവായ ഇ കെ നായനാര്‍. യുഡിഎഫിനോടൊപ്പം ഉണ്ടായ പി.ജെ ജോസഫ് ഹാപ്പി കെ മാസ് എന്ന് എഴുതിയ നക്ഷത്രവും ഉയര്‍ത്തിപ്പിടിച്ച് മുന്നില്‍ പോകുന്നു. കരുണാകരന് പിന്തുണയാണെന്നതിന്‍റെ സൂചനയാണ് ഹാപ്പി കെ മാസ് എന്ന് എഴുതിയ നക്ഷത്രം. കോണ്‍ഗ്രസ് നേതാവായ എ.കെ. ആന്‍റണി ചെണ്ടയും, മുസ്ലീം ലീഗ് നേതാവായ സി എച്ച് മുഹമ്മദ് കോയയും കേരള കോണ്‍ഗ്രസ് നേതാവായ കേരള കെഎം മാണിയും താളവുമായി ഒപ്പം ഉണ്ട്. ഡിസംബര്‍ 28ന് കെ. കരുണാകരന്‍ മുഖ്യമന്ത്രിയുമായത് കേരള രാഷ്ട്രീയ ചരിത്രം.

കാര്‍ട്ടൂണ്‍ കടപ്പാട്: അസാധു

19 മുന്‍ തൂക്കം

മുന്‍ തൂക്കം 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-19. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 19

സുധീര്‍ നാഥ്

മുന്‍തൂക്കം

ഒരാളുടെ ശക്തി കാണിക്കുന്നതിന് തൂക്കി നോക്കുന്ന ദ്യശ്യം ചിത്രീകരിക്കുന്ന പതിവ് കാര്‍ട്ടൂണിലുണ്ട്. ഈ പതിവ് ആദ്യ കാലത്ത് പല കാര്‍ട്ടൂണിസ്റ്റുകളും അവരുടെ കാര്‍ട്ടൂണുകളില്‍ വ്യാപകമായി ഉപയോഗിച്ചു വന്നിരുന്നു. കേരളത്തിലെ ഹൈന്ദവ ക്ഷേത്രങ്ങളില്‍ നടത്തി വരാറുള്ള ഒരു ചടങ്ങാണ് തുലാഭാരം. ഒരാളുടെ തൂക്കത്തിനു തുല്യമായി, ഏതെങ്കിലും ദ്രവ്യം, ക്ഷേത്രത്തിനു സമര്‍പ്പിക്കുന്നതിനെയാണ് തുലാഭാരമെന്നു പറയുന്നത്. പുരാണങ്ങളില്‍ പലയിടത്തും തുലാഭാരത്തെ പറ്റി പരാമര്‍ശിച്ചിട്ടുണ്ട്. അതില്‍ ഏറ്റവും പ്രസിദ്ധം ശ്രീകൃഷ്ണനു വേണ്ടി ഭാര്യ സത്യഭാമ നടത്തിയതായി പറയപ്പെടുന്നതാണ്.

കാര്‍ട്ടൂണിസ്റ്റ് റ്റോംസ് ബോബനും മോളിയും എന്ന കാര്‍ട്ടൂണിലൂടെയാണ് പ്രശസ്തന്‍. എന്നാല്‍ അദ്ദേഹം കുറേ രാഷ്ട്രീയ കാര്‍ട്ടൂണുകളും വരച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ജേഷ്ഠന്‍ പീറ്ററില്‍ നിന്നാണ് രാഷ്ട്രീയ കാര്‍ട്ടൂണ്‍ വരയ്ക്കുവാനുള്ള താത്പര്യം ഉണ്ടായത്. പീറ്റര്‍ ആദ്യ കാലങ്ങളില്‍ രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ വരയ്ക്കുമായിരുന്നു. റ്റോംസ് മലയാള മനോരമയിലും, തൊഴിലാളി പത്രത്തിലും രാഷ്ട്രീയ കാര്‍ട്ടൂണ്‍ വരച്ചിരുന്നു. മലയാള മനോരമയില്‍ നിന്ന് പിരിഞ്ഞ ശേഷം സ്വന്തമായി തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും റ്റോംസ് രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ വരച്ചിട്ടുണ്ട്. 

കോണ്‍ഗ്രസില്‍ എ ഗ്രൂപ്പും, ഐ ഗ്രൂപ്പും ശക്തമായ കാലത്ത് റ്റോംസ് വരച്ച ഒരു കാര്‍ട്ടൂണ്‍ തുലാഭാരവുമായി ബന്ധപ്പെട്ടതാണ്. കോണ്‍ഗ്രസ് രാഷ്ട്രീയ ചരിത്രത്തില്‍ എ ഗ്രൂപ്പും, ഐ ഗ്രൂപ്പും തമ്മിലുള്ള ബലാബലം മാറ്റി നിര്‍ത്താന്‍ സാധിക്കുന്നതല്ല. ഇരു വിഭാഗങ്ങളേയും പ്രതിനിധാനം ചെയ്യാന്‍ കെ. കരുണാകരനും, എ.കെ ആന്‍റണിയുമായിരുന്നു എന്നതും പകല്‍ പോലെ എല്ലാവര്‍ക്കും അറിവുള്ളതാണ്. എയും, ഐയും തുലാസിന്‍റെ രണ്ട് തട്ടില്‍. ഐ ഗ്രൂപ്പിന്‍റെ വശം കനം കൊണ്ട് താഴ്ന്ന് തന്നെ നില്‍ക്കുന്നു. അത് എന്തുകൊണ്ടെന്നത് റ്റോംസിന്‍റെ കാര്‍ട്ടൂണ്‍  കണ്ട് തന്നെ അറിയണം. കാര്‍ട്ടൂണിന്‍റെ നര്‍മ്മവും, വിമര്‍ശനവും അവിടെയാണ്.

കാര്‍ട്ടൂണ്‍ കടപ്പാട്: റ്റോംസ് കോമിക്സ്

04 രണ്ടേ രണ്ട് ഗ്രൂപ്പ് മാത്രം

രണ്ടേ രണ്ട് ഗ്രൂപ്പ് മാത്രം 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-4. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.

രാഷ്ട്രീയവും ഇടവഴി 04

സുധീര്‍ നാഥ്

രണ്ടേ രണ്ട് ഗ്രൂപ്പ് മാത്രം

കേരള രാഷ്ട്രീയത്തില്‍ ഇന്ന് എല്ലാ പാര്‍ട്ടികളിലും ഗ്രൂപ്പുകള്‍ ഉണ്ടെന്നത് പകല്‍ പോലെ എല്ലാവര്‍ക്കും അറിയാവുന്ന സത്യം. പക്ഷെ ആദ്യമായി കേരള രാഷ്ട്രീയത്തില്‍ പ്രശസ്തമായ ഗ്രൂപ്പുണ്ടായത് കോണ്‍ഗ്രസിലാണ്. കെ. കരുണാകരന്‍ നേത്യത്ത്വം കൊടുത്ത ഐ ഗ്രൂപ്പും, എ.കെ. ആന്‍റണി നേത്യത്ത്വം കൊടുത്ത എ ഗ്രൂപ്പും. ഇരു ഗ്രൂപ്പുകളും അവരുടെ പ്രവര്‍ത്തനം ശക്തമാക്കിയപ്പോള്‍ ചിലര്‍ ഗ്രൂപ്പുകളില്‍ നിന്ന് അകന്നു നിന്നു. സമദൂരം എന്ന് വേണമെങ്കില്‍ നമുക്കതിനെ വിശേഷിപ്പിക്കാം. ദിവസവും ഗ്രൂപ്പ് വാര്‍ത്തകളും, അതിനെ അടിസ്ഥാനപ്പെടുത്തി കാര്‍ട്ടൂണുകളും വന്നിരുന്നു. മലയാള മാധ്യമങ്ങള്‍ ഗ്രൂപ്പു കഥകള്‍ വാര്‍ത്തകളാക്കി ആഘോഷിക്കുന്ന കാലം. ഈ വാര്‍ത്തകളില്‍ പേരുവരാന്‍ എന്തെല്ലാം സര്‍ക്കസായിരുന്നു പല നേതാക്കളും കളിച്ചതെന്ന് പഴയ മാധ്യമപ്രവര്‍ത്തകര്‍ പറയും.

ഗള്‍ഫ് രാജ്യങ്ങളില്‍ കൂടുതല്‍ ആളുകള്‍ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നാണ്. കോഴിക്കോട് നിന്ന് ആദ്യമായി ഷാര്‍ജാ സര്‍വ്വീസ് ഇന്ത്യന്‍ എയര്‍ലൈന്‍സ് ആരംഭിച്ചത് വലിയ ആഘോഷമായിരുന്നു. വലിയൊരു ചടങ്ങും കോഴിക്കോട് വിമാന താവളത്തില്‍ ഒരുക്കിയിരുന്നു. മലപ്പുറം ജില്ലയിലാണ് കോഴിക്കോട് വിമാനതാവളം സ്ഥിതി ചെയ്യുന്നത് എന്നത് മറ്റൊരു കൗതുകമാണ്. അന്ന് പാര്‍ലമെന്‍റ് അംഗമായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പേര് ക്ഷണക്കത്തില്‍ ഉണ്ടായിരുന്നില്ല. താന്‍ കോണ്‍ഗ്രസിലെ ഏതെങ്കിലും ഒരു ഗ്രൂപ്പിന്‍റെ ഭാഗമല്ലാത്തതിനാലാണ് തഴയപ്പെട്ടതെന്നു മുല്ലപ്പള്ളി പരിഭവം രേഖപ്പെടുത്തി. അദ്ദഹമത് പരസ്യമായി പറയുകയും ചെയ്തു.

ഇത് വലിയ വാര്‍ത്തയായിപ്പോള്‍ കാര്‍ട്ടൂണിസ്റ്റ് ബി.എം. ഗഫൂര്‍ കാര്‍ട്ടൂണിസ്റ്റ് റ്റോംസ് പത്രാധിപരായ കുഞ്ചുകുറുപ്പ് മാസികയില്‍ ഒരു കാര്‍ട്ടൂണ്‍ വരച്ചു. ലീഡര്‍ കെ കരുണാകരന്‍റെ അടുത്ത് പരിഭവവുമായി മുല്ലപ്പള്ളി നില്‍ക്കുന്നു. ലീഡറിനോട് ചേര്‍ന്ന് മകന്‍ മുരളിയുണ്ട്. പിന്നില്‍ ഒരു ഇന്ത്യന്‍ എയര്‍ലൈന്‍സിന്‍റെ വലിയ വിമാനം. ഇന്ത്യന്‍ എയര്‍ലൈന്‍സിന്‍റെ ചുരുക്കമായ ഐ.എ. എന്ന് വിമാനത്തില്‍ എഴുതിയിട്ടുണ്ട്. കരുണാകരന്‍ മുല്ലപ്പള്ളിയെ ആശ്വസിപ്പിക്കുകയാണ്  ڇവിമാന കമ്പനിക്ക് പറ്റിയ അബദ്ധമായിരിക്കും. അവര്‍ക്ക്  ഐയും, എയും മാത്രമേ അറിയൂڈ 

എയര്‍ ഇന്ത്യയുടെ ചുരുക്കപ്പേരായ എ.ഐ എന്ന വാക്കുകളും, കോണ്‍ഗ്രസിലെ എ.ഐ ഗ്രൂപ്പുകളും മനസില്‍ കണ്ട് കരുണാകരന്‍ പറയുന്ന കമന്‍റ് വലിയ ചര്‍ച്ചയായി. കാര്‍ട്ടൂണ്‍ കണ്ടവരുടെ ഉള്ളില്‍ കരുണാകരന്‍റെ സ്വയസിദ്ധമായ കണ്ണിറുക്കി ചിരി മനസിലൂടെ ഓടിയിട്ടുണ്ടാകും. തീര്‍ച്ച...

കാര്‍ട്ടൂണ്‍ കടപ്പാട്: കുഞ്ചുകുറുപ്പ് മാസിക