Showing posts with label EMS Namboothirippad. Show all posts
Showing posts with label EMS Namboothirippad. Show all posts

Saturday, March 30, 2024

139 - വോട്ടുകള്‍ യാചിക്കുന്ന സ്ഥാനാര്‍ത്ഥികള്‍

വോട്ടുകള്‍ യാചിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-139. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.

രാഷ്ട്രീയ ഇടവഴി 139

സുധീര്‍ നാഥ്

വോട്ടുകള്‍ യാചിക്കുന്ന സ്ഥാനാര്‍ത്ഥികള്‍

നമ്മുടെ ഒരു വോട്ടിന്‍റെ വില എത്രയാണെന്ന് എപ്പോഴെങ്കിലും നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ഒരു വോട്ടിന്‍റെ വില ഇന്നുവരെ കണക്കാക്കപ്പെട്ടിട്ടില്ല എന്നാണ് പറയുവാന്‍ പറ്റൂ. തിരഞ്ഞെടുപ്പ് കാലത്ത് വോട്ട് ചോദിക്കുന്നത് സര്‍വ്വസാധാരണമാണ്. അത് കാലങ്ങളായി നടക്കുന്ന ഒരു കാര്യമാണ്. അന്നായിരിക്കും വോട്ട് ചെയ്യുന്ന പൊതുജനം രാജാവിനെ പോലെ കഴിയുക. സ്ഥാനാര്‍ത്ഥികള്‍ യാചകരെ പോലെ വോട്ടര്‍മാര്‍ക്ക് മുന്നില്‍ നില്‍ക്കുന്നതും തിരഞ്ഞെടുപ്പ് കാലത്ത് തന്നെയാണ്. ഒരു വോട്ടിന്‍റെ വില അത്ര വലുതാണ് എന്ന് നമ്മുടെ ജനാധിപത്യ മതേതര രാജ്യം ലോകത്തിനു മുന്നില്‍ കാണിച്ചുതന്നിട്ടുള്ളതാണ്. ഇതിന്‍റെ ചുവടുപിടിച്ചാണ് മറ്റു പല രാജ്യങ്ങളും തിരഞ്ഞെടുപ്പ് നടത്തുന്നതും, വോട്ടിങ്ങിലൂടെ അവരുടെ ഭരണാധികാരികളെ തിരഞ്ഞെടുക്കുന്നതും. 

ഇന്ത്യന്‍ ഭരണഘടന ഓരോ പൗരനും അനുവധിച്ചു തന്നിട്ടുള്ള മൗലീകാവകാശമാണ് വോട്ട്. ആര്‍ക്ക് വോട്ട് ചെയ്യണമെന്ന ബോധവും, വോട്ടിങ്ങ് പ്രക്രിയ രഹസ്യമായിരിക്കുമെന്നതും ഓരോ പൗരനും വിശ്വാസമുണ്ട്. അതുകൊണ്ടാണ് ഓരോ വേട്ടറുടെ വിശ്വാസം പിടിച്ചു പറ്റാന്‍ നേതാക്കള്‍ പെടാപാട് പെടുന്നത്. വോട്ടര്‍മാര്‍ ഇപ്പോള്‍ പാര്‍ട്ടി നോക്കിയല്ല വോട്ടുകള്‍ ചെയ്യുന്നത്. അവര്‍ സ്വയം സ്ഥാനാര്‍ത്ഥികളെ സൂക്ഷമനിരീക്ഷണത്തിന് വിധേയമാക്കാറുണ്ട്. അതുകൊണ്ട് തന്നെ സ്ഥാനാര്‍ത്ഥികള്‍ക്ക് യോഗ്യതയുണ്ടെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ഉറപ്പ് വരുത്തേണ്ടത് കാലത്തിന്‍റെ ആവശ്യമാണ്.

ഒരു വോട്ടര്‍ക്ക് മുന്നില്‍ വോട്ടിനായി യാചിച്ചു നില്‍ക്കുന്ന നേതാക്കന്മാരുടെ രസകരമായ കാര്‍ട്ടൂണ്‍ മാതൃഭൂമിക്ക് വേണ്ടി ബി. എം. ഗഫൂര്‍ വരച്ചത് ശ്രദ്ധേയമാണ്. കാര്‍ട്ടൂണില്‍ ദേവിയിലാലും, രാജീവ് ഗാന്ധിയും, ചന്ദ്രശേഖറും, വി. പി. സിങ്ങും, എല്‍. കെ. അഡ്വാനിയും എം ടി രാമറാവുമെല്ലാം ഉണ്ട് എന്നുള്ളത് കൗതുകകരം തന്നെ. എല്ലാവരും വോട്ടര്‍നോട് വോട്ടുകള്‍ യാചിക്കുന്നതായാണ് കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിരിക്കുന്നത്. 

കാര്‍ട്ടൂണ്‍ കടപ്പാട്: മാതൃഭൂമി


Thursday, March 28, 2024

128 - സപ്തകക്ഷി മുന്നണിയും, മുന്നണിയുടെ പിളര്‍പ്പും

സപ്തകക്ഷി മുന്നണിയും, മുന്നണിയുടെ പിളര്‍പ്പും 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-128. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.

രാഷ്ട്രീയ ഇടവഴി 128

സുധീര്‍ നാഥ്

സപ്തകക്ഷി മുന്നണിയും, മുന്നണിയുടെ പിളര്‍പ്പും. 

മുന്നണി രാഷ്ട്രീയത്തില്‍ സപ്തകക്ഷിമുന്നണിക്ക് 1വലിയ പ്രാധാന്യമുണ്ട് കേരള രാഷ്ട്രീയ ചരിത്രത്തില്‍. 1967ല്‍ രൂപം കൊണ്ടതാണ് കേരളത്തിലെ ഏഴ് രാഷ്ട്രീയ പാര്‍ട്ടികളുടെ സഖ്യമായ സപ്തകക്ഷിമുന്നണി. ഈ മുന്നണി 1967-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കുകയും രണ്ടാം ഇ.എം.എസ് മന്ത്രിസഭയ്ക്ക് രൂപം കൊടുക്കുകയും ചെയ്തു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) (സിപിഐഎം) ആണ് ഈ മുന്നണിക്കു നേതൃത്വം നല്‍കിയത്. സപ്തകക്ഷിമുന്നണി, തിരഞ്ഞെടുപ്പ് നടന്ന 133 മണ്ഡലങ്ങളില്‍ 117 മണ്ഡലങ്ങളില്‍ നാല് സ്വതന്ത്രര്‍ ഉള്‍പ്പെടെ വിജയിച്ചു. 1967 മാര്‍ച്ച് 6 ന് ഇ.എം.എസ്. നമ്പൂതിരിപ്പാട് (സി.പി.എം.) രണ്ടാം തവണ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്നാല്‍ ഭരണത്തിലേറി 30 മാസം പൂര്‍ത്തിയാകുന്നതിനുമുമ്പ് തന്നെ മുന്നണിയില്‍ ആഭ്യന്തര ഭിന്നതകള്‍ ഉയര്‍ന്നുവന്നു. 

ജര്‍മ്മനിയില്‍ ഒരു വിദേശയാത്രയ്ക്ക് പോയി മടങ്ങിയെത്തിയ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാട് 1969 ഒക്ടോബര്‍ 17ന് തന്‍റെ മന്ത്രിസഭയിലെ മന്ത്രിമാര്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കപ്പെട്ടതിന്‍റെ പേരില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സ്വന്തം മന്ത്രിസഭയിലെ മന്ത്രിമാര്‍ക്ക് എതിരെ സംശയപരമായ രീതിയില്‍ നടത്തിയ നടപടിയാണ് മുന്നണിയില്‍ ആഭ്യന്തര ഭിന്നതകള്‍ ഉണ്ടാകാന്‍ കാരണം. അധികാരമേറ്റ് 32 മാസത്തിനുശേഷം ഇ.എം.എസ്. സര്‍ക്കാര്‍ 1969 ഒക്ടോബര്‍ 24 ന് രാജിവച്ചു.

സപ്തകക്ഷി മുന്നണിയിലെ അഞ്ചു പാര്‍ട്ടികള്‍ പുതുതായി അടിയന്തിരമായി ഒരു മുന്നണി രൂപീകരിച്ചു. എംഎല്‍എപോലുമല്ലാത്ത സി എച്ച് അച്ച്യുതമേനോനെ മുഖ്യമന്ത്രിയാക്കി 1969 നവംബര്‍ 1ന് സത്യപ്രതിജ്ഞ ചെയ്യിച്ച് ഭരണം തുടരുകയും ആയിരുന്നു. കോണ്‍ഗ്രസ് പുറത്ത് നിന്ന് പിന്തുണയ്ക്കുകയായിരുന്നു. സിപിഐയുടെ നേത്യത്ത്വത്തില്‍ പുതുതായി രൂപം കൊണ്ട ഐക്യ മുന്നണിയില്‍ മുസ്ലീം ലീഗ്, എസ്.എസ്.പി, ഐ.എസ്.പി, ആര്‍.എസ്.പി, കേരള കോണ്‍ഗ്രസ്, തുടങ്ങിയ പാര്‍ട്ടികള്‍ ഉണ്ടായിരുന്നു. 

മുഖ്യമന്ത്രി സി. എച്ച് അച്ച്യുതമേനോന്‍ 1970ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടുകൂടി കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം ഉണ്ടായി. എതിര്‍ഭാഗത്തുള്ള ഇഎംഎസ് നമ്പൂതിരിപ്പാടിന്‍റെ നേതൃത്വത്തിലുള്ള സിപിഎം ഒരു തെരഞ്ഞെടുപ്പിന് തയ്യാറല്ലായിരുന്ന സമയത്തായിരുന്നു അത്. ഈ ഒരു സാഹചര്യത്തില്‍ പ്രമുഖ കാര്‍ട്ടൂണിസ്റ്റ് കെ എസ് പിള്ള വരച്ച ഒരു കാര്‍ട്ടൂണ്‍ ആണ് സരസന്‍ മാസികയുടെ മുഖചിത്രമായി പ്രസിദ്ധീകരിക്കപ്പെട്ടത്. അച്യുതമേനോന്‍ തെരഞ്ഞെടുപ്പ് എന്ന ഒരു കുട്ടിയെ ഉപയോഗിച്ച് ഇ.എം.എസിനെ മര്‍ദ്ദിക്കുവാന്‍ ശ്രമിക്കുന്നതാണ് കാര്‍ട്ടൂണ്‍. 1970ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.ഐ, ആര്‍.എസ്.പി, മുസ്ലിംലീഗ്, എസ്.എസ്.പി, ഐ.എസ്.പി, കേരള കോണ്‍ഗ്രസ്, തുടങ്ങിയ പാര്‍ട്ടികളുടെ മുന്നണിയും കോണ്‍ഗ്രസും ചേര്‍ന്ന സഖ്യം അധികാരത്തിലെത്തി. ആദ്യഘട്ടത്തില്‍ മന്ത്രിസഭയെ പുറത്തുനിന്നു പിന്തുണച്ച കോണ്‍ഗ്രസ് ഏതാനും മാസത്തിനകം മന്ത്രിസഭയില്‍ ചേര്‍ന്നു. 

കാര്‍ട്ടൂണ്‍ കടപ്പാട്: സരസന്‍

Friday, January 19, 2024

85 ഇന്ത്യയും ചൈനയും, നെഹ്‌റുവും ഇഎംഎസും

ഇന്ത്യയും ചൈനയും, നെഹ്‌റുവും ഇഎംഎസും 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-85. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.

രാഷ്ട്രീയ ഇടവഴി 85

സുധീര്‍ നാഥ്

ഇന്ത്യയും ചൈനയും, നെഹ്റുവും ഇ.എം.എസും

1914ല്‍ ബ്രിട്ടിഷ് ടിബറ്റന്‍ പ്രതിനിധികള്‍ ഒപ്പിട്ട സിംല കണ്‍വന്‍ഷന്‍ പ്രകാരമാണ് ഇന്ത്യ  ചൈന അതിര്‍ത്തിയായി മക്മഹോന്‍ രേഖ നിശ്ചയിക്കുന്നത്. എന്നാല്‍ ഈ അതിര്‍ത്തി ചൈനയ്ക്ക് സ്വീകാര്യമല്ല. ലഡാക്ക് ഭാഗത്ത്, കാരക്കോറം മലനിരകളുടെ ജലപാതനിര അതിര്‍ത്തിയായി അംഗീകരിക്കണമെന്നാണ് ചൈനീസ് നിലപാട്. എന്നാല്‍ കുന്‍ലുന്‍ മലനിരകളുടെ ജലപാതനിരയാകണം അതിര്‍ത്തിയെന്നാണ് ഇന്ത്യന്‍ നിലപാട്. ഈ തര്‍ക്കത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. 

ഇന്ത്യ ചൈനാ യുദ്ധത്തിന് അതിര്‍ത്തി തര്‍ക്കം മാത്രമായിരുന്നില്ല കാരണം. 1959ല്‍ ടിബറ്റന്‍ ജനത നടത്തിയ സ്വാതന്ത്ര്യ പോരാട്ടത്തെ ചൈന അടിച്ചമര്‍ത്തിയതിനെ തുടര്‍ന്ന് ടിബറ്റിന്‍റെ ആത്മീയ നേതാവ് ദലൈലാമ അനുയായികളോടൊപ്പം ഇന്ത്യയിലേക്ക് അഭയാര്‍ഥികളായി എത്തി. ഇന്ത്യ അവര്‍ക്ക് രാഷ്ട്രീയ അഭയം നല്‍കി. ഇത് ചൈനയെ പ്രകോപിപ്പിക്കുകയും 1954 ലെ സൗഹൃദ കരാര്‍ കാറ്റില്‍ പറത്തി ഇന്ത്യയെ കടന്നാക്രമിക്കാന്‍ കാരണയായി. 1962ലെ ഇന്ത്യ ചൈനാ യുദ്ധത്തിലാണ് അത് അവസാനിച്ചത്. ഇന്നും ഇന്ത്യ ചൈനാ ബന്ധങ്ങളില്‍ അവിശ്വാസം നിഴലിക്കുന്നുണ്ട് എന്നത് വര്‍ത്തമാന കാലത്തെ സാക്ഷ്യം.

1960 ആഗസ്റ്റ് 28ലെ ശങ്ക്സ്േ വീക്കിലിയുടെ ലക്കത്തില്‍ ഒ വി വിജയന്‍ വരച്ച ഒരു കാര്‍ട്ടൂണ്‍ ഇന്ത്യ ചൈനാ വിഷയമായിരുന്നു. അന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒന്നായിരുന്നു. സി.പി.ഐ നേതാവായ ഇ.എം.എസ് ഇന്ത്യയുടെ രാഷ്ട്രീയ നിലപാടിനെ വിമര്‍ശിക്കുകയാണ്. സി.പി.ഐയ്ക്ക് നെഹ്റുവിനെ പോലെ സോവിയറ്റ് നയങ്ങളോടാണ് താത്പര്യം. എന്നാല്‍ സി.പി.ഐ നേതാവായ ഇ.എംഎസ് സോവിയറ്റ് നയങ്ങളെ അനുകൂലിക്കുന്നില്ല എന്ന അര്‍ത്ഥത്തിലാണ് നെഹ്റുവിന്‍റെ നിഴലിന് ഒരു വളവ് സംഭവിക്കുന്നത്. ചൈനീസ് നയങ്ങളിലേയ്ക്ക് നടന്നു നീങ്ങുന്ന ഇ.എം.എസിനെ കാര്‍ട്ടൂണില്‍ കാണാം. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചെയര്‍മാനായിരുന്ന മാവോ സേ തുങ്ങിനേയും കാര്‍ട്ടൂണില്‍ കാണാം. രണ്ട് വര്‍ഷം കഴിഞ്ഞ് 'നാം നമ്മുടേതെന്നും ചൈനക്കാര്‍ അവരുടേതെന്നും അവകാശപ്പെടുന്ന പ്രദേശം" എന്ന ഇ എം എസിന്‍റെ 1962ലെ ഒരു പരാമര്‍ശം ഏറെ പ്രശസ്തവുമായി. 1962ലെ ഇന്ത്യ ചൈനാ യുദ്ധവും മറക്കുവാന്‍ പറ്റില്ലല്ലോ. 1964ല്‍ സി.പി.ഐ. പിളര്‍ന്ന് സി.പി.ഐ.എം രൂപം കൊണ്ടതും ചരിത്രം.

കാര്‍ട്ടൂണ്‍ കടപ്പാട്: ശങ്ക്സ്േ വീക്കിലി


83 പി ജെ ജോസഫിന്റെ മസിലും, നക്ഷത്രവും

പി ജെ ജോസഫിന്റെ മസിലും, നക്ഷത്രവും 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-83. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 83

സുധീര്‍ നാഥ്

പി ജെ ജോസഫിന്‍റെ മസിലും, നക്ഷത്രവും

കേരള കോണ്‍ഗ്രസിനെ കേന്ദ്രമാക്കി കേരള രാഷ്ട്രീയത്തില്‍ ഒരു ചൊല്ല് തന്നെ ഉണ്ട്. വളരും തോറും പിളരുകയും, പിളരും തോറും വളരുകയും ചെയ്യുന്ന പാര്‍ട്ടി എന്നാണത്. നിരന്തരമുള്ള പിളര്‍പ്പുകളെ കുറിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് കെ. എം മാണി നല്‍കിയ മറുപടിയാണിത്. പിന്നീടത് കേരളാ കോണ്‍ഗ്രസിനെ കുറിച്ചുള്ള നാട്ടുചൊല്ലായി മാറിയത് ചരിത്രം. പി ടി ചാക്കോയുടെ മരണത്തെ തുടര്‍ന്ന് 1964ല്‍ തിരുനക്കര മൈതാനത്താണ് കേരള കോണ്‍ഗ്രസ് പിറവിയെടുത്തത്. കെ. എം. ജോര്‍ജും ബാലക്യഷ്ണപിള്ളയും ചേര്‍ന്ന് രൂപം കൊടുത്ത കേരളാ കോണ്‍ഗ്രസിന്‍റെ ചരിത്രം പരിശോധിച്ചാല്‍ പിളര്‍പ്പുകളുടെ നീണ്ട നിര കാണാം.

1978ല്‍ എ കെ ആന്‍റണി മുഖ്യമന്ത്രിയായിരിക്കുന്ന കാലത്ത് പി. ജെ. ജോസഫിന് ഇടത് പക്ഷത്തോട്ട് ഒരു ചായ്വുള്ളതായി വാര്‍ത്ത പരന്നു. ഒരു പിളര്‍പ്പിന്‍റെ സൂചന. രാഷ്ട്രീയ രംഗത്ത് അത് വലിയ ചര്‍ച്ചയായി. കടുത്ത കതോലിക്ക മതവിശ്വാസിയായ പി. ജെ. ജോസഫ് കമ്മ്യൂണിസ്റ്റുകാരോട് കൂട്ടുകൂടുമോ? അരിവാള്‍ ചുറ്റിക നക്ഷത്രത്തെ പുണരുമോ? റസ്റ്റ് ഹൗസുകളില്‍ മാറി മാറി ചില രഹസ്യചര്‍ച്ചകളും നടന്നെന്ന വാര്‍ത്ത പുറത്തുവന്നു. അവസാനം ഈ ചലനങ്ങളില്‍ ചില്ലറ സത്യങ്ങള്‍ ഉണ്ടെന്നു തോന്നത്തക്ക രീതിയില്‍ ഒരു പത്രപ്രസ്താവന ഇ എം.എസിന്‍റേതായി പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. അടുത്ത പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ പി.ജെ ജോസഫിനു ശക്തിയുണ്ടെന്ന് തെളിയിച്ചാല്‍ ഇടതുമുന്നണിയില്‍ എടുക്കുന്ന കാര്യം ആലോചിക്കാം. 

1989 നവംബര്‍ ഒമ്പത് മലയാള മനോരമയില്‍ കാ+ട്ടൂണിസ്റ്റ് യേശുദാസന്‍ ഒരു കാര്‍ട്ടൂണ്‍ ഈ വിഷയത്തില്‍ വരച്ചു. കാര്‍ട്ടൂണില്‍ പി ജെ ജോസഫ് വലതു കൈയില്‍ മസില്‍ പിടിച്ചുയര്‍ത്തുന്ന രംഗം. അരിവാളും ചുറ്റികയും മസിലിന്‍റെ രൂപത്തില്‍ കൈയില്‍ പൊങ്ങിവരുന്നു. മടങ്ങി നില്‍ക്കുന്ന കൈത്തണ്ടയില്‍ ഇ എം.എസ് തള്ളുന്നതാണ് രംഗം. അദ്ദേഹം പറയുന്ന വാചകവും ശ്രദ്ധേയം ڇപോരാ നക്ഷത്രം കൂടി വരണംڈ അതിന് ഇരട്ടി അര്‍ഥം -അരിവാള്‍ ചുറ്റികയോടൊപ്പമുള്ള നക്ഷത്രം തെളിയണം. -രണ്ടാമത്തെ അര്‍ഥം സ്വന്തം സ്റ്റാര്‍ തെളിയണം. ഈ കാര്‍ട്ടൂണ്‍ വളരെയേറെ ശ്രദ്ധിക്കപ്പെ;തും ചര്‍ച്ച ചെയ്യപ്പെട്ടതുമായി മാറി. 

കാര്‍ട്ടൂണ്‍ കടപ്പാട് : മലയാള മനോരമ

Thursday, January 4, 2024

60 ആന കാര്‍ട്ടൂണ്‍…

ആന കാര്‍ട്ടൂണ്‍… 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-60. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.

രാഷ്ട്രീയ ഇടവഴി 60

സുധീര്‍ നാഥ്

ആന കാര്‍ട്ടൂണ്‍...

ആന എന്നത് ഭൂമിയിലെ ഏറ്റവും വലിയ മൃഗമായി പരിഗണിക്കപ്പെടുന്നുണ്ട്. ഒപ്പം ശക്തിയുടെ പ്രതീകവുമാണ്. വലിയ കാര്യങ്ങള്‍ക്ക് ആനക്കാര്യം എന്നും നമ്മള്‍ പ്രയോഗിക്കാറുണ്ട്. കാര്‍ട്ടൂണില്‍ ആനകള്‍ പലപ്പോഴും കഥാപാത്രമായി വരാറുണ്ട്. മഹാത്മാഗാന്ധിയെ എത്രയോ തവണയാണ് ആനയായി ചിത്രീകരിച്ചിരിക്കുന്നത്. അത് ലോകത്തിലെ പല രാജ്യങ്ങളിലേയും, ബ്രിട്ടീഷ് കാര്‍ട്ടൂണിസ്റ്റുകള്‍ അടക്കം ഇന്ത്യയിലെ കാര്‍ട്ടൂണിസ്റ്റുകളും മഹാത്മാഗാന്ധിയെ ആനയായി ചിത്രീകരിച്ചിട്ടുണ്ട്. കാര്‍ട്ടൂണിസ്റ്റ് അബുവിന്‍റെ ഗാന്ധിയെ ആനയെ ഉള്ള കാര്‍ട്ടൂണ്‍ അതിപ്രശസ്തമാണല്ലോ...? മെലിഞ്ഞ ശരീരപ്രകൃതിയുള്ള മഹാത്മാഗാന്ധിയെ ആനയായി ചിത്രീകരിച്ചിരിക്കുന്നത് അദ്ദേഹത്തിന്‍റെ ജനസ്വാധീനമായ ശക്തിയെ സമൂഹത്തിലേക്ക് മനസ്സിലാക്കുവാന്‍ വേണ്ടിയാണ്.

1957 ഏപ്രില്‍ അഞ്ചിന് ഇ.എം.എസ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇത് ചിലര്‍ക്ക് അവിശ്വസനീയമായിരുന്നു. അവര്‍ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ താഴെ ഇറക്കാന്‍ വിമോചന സമരത്തിന് തുടക്കമിട്ടു. വിമോചനസമരത്തിലേക്കു നയിച്ച രാഷ്ട്രീയ നീക്കങ്ങള്‍ക്കും, ജനമനസിനെ തയ്യാറാക്കിയതിലും പത്രമാധ്യമങ്ങള്‍ വഹിച്ച പങ്ക് വ്യക്തമായിരുന്നു. സര്‍ക്കാരിനെതിരായ സാമുദായിക വികാരം വളര്‍ത്തുന്നതിന് വാര്‍ത്തകള്‍ പലതും സ്യഷ്ടിച്ചു. പളളികളില്‍ പോലീസ് കയറിയെന്നും തിരച്ചില്‍ നടത്തിയെന്നുമൊക്കെയുള്ള അസത്യവും ഊഹാപോഹങ്ങളും നിറഞ്ഞ വാര്‍ത്തകള്‍ അക്കാലത്ത് പത്രങ്ങളില്‍ സാധാരണയായിരുന്നു. പോലീസ് ഏതുനിമിഷവും ആള്‍ത്താരയില്‍ കയറിയേക്കും, എന്ന വ്യാജ വാര്‍ത്തകള്‍ വരെ പത്രങ്ങളില്‍ വന്നിരുന്നു. സര്‍ക്കാരിനെ താഴെയിറക്കണം എന്ന നിര്‍ബന്ധബുദ്ധിയോടെ പ്രധാനമന്ത്രി നെഹ്റുവിന്‍റെ സന്ദര്‍ശന ദിവസങ്ങളില്‍ മലയാള പത്രങ്ങള്‍ ഇംഗ്ലീഷില്‍ മുഖപ്രസംഗം എഴുതുവാനും തുനിഞ്ഞു. ഇംഗ്ലീഷിലെ ലേഖനങ്ങള്‍ നെഹ്റു നേരിട്ട് വായിച്ചു മനസ്സിലാക്കട്ടെ എന്നതായിരുന്നു ഇതിന്‍റെ ഉദ്ദേശം. 

1958 ഒക്ടോബര്‍ 31ന് കാര്‍ട്ടൂണിസ്റ്റ് റ്റോംസ് മലയാള മനോരമയില്‍ വരച്ച ഒരു കാര്‍ട്ടൂണുണ്ട്. ആറ്റം എന്ന പേരിലാണ് റ്റോംസ് കാര്‍ട്ടൂണ്‍ വരച്ചിരുന്നത്. ഇഎംഎസ് മന്ത്രിസഭ അധികാരത്തിലെത്തിയപ്പോള്‍ തുടങ്ങിയ വിമോചന സമരത്തിന്‍റെ പ്രാരംഭ ഘട്ടത്തില്‍ വരയ്ക്കപ്പെട്ട കാര്‍ട്ടൂണാണ് ഇത്. ഇടത്പക്ഷത്തിനെ ആക്രമിക്കുന്ന വലത്പക്ഷ അനുഭാവമുള്ള  മാധ്യമങ്ങളും, മാധ്യമ പ്രവര്‍ത്തകരും, കാര്‍ട്ടൂണിസ്റ്റുകളും മാത്രമാണ് അക്കാലത്ത് ഉണ്ടായിരുന്നത്. 

കാര്‍ട്ടൂണിസ്റ്റ് റ്റോംസിന്‍റെ കാര്‍ട്ടൂണില്‍ ആനയെ പ്രതിനിധീകരിക്കുന്നത് ഇന്ത്യയാണ്. ഇന്ത്യയുടെ വാലാണ് കേരളം എന്നാണ് കാര്‍ട്ടൂണില്‍ പറയുന്നത്. ആനയുടെ വാലില്‍ കേരളത്തില്‍ കേരളസംസ്ഥാനത്തിലെ ആദ്യത്തെ മന്ത്രിസഭക്കെതിരായി 1959-ല്‍ ആരംഭിച്ച രാഷ്ട്രീയ പ്രക്ഷോഭമായ വിമോചനസമരത്തില്‍ ക്രിസ്തീയര്‍ക്കൊപ്പം നായര്‍ സര്‍വ്വീസ് സൊസൈറ്റിയും കൂടിയിരുന്നു. വിമോചന സമരം ഔദ്യോഗികമായി തുടങ്ങും മുന്‍പ് തന്നെ അതിന് സാഹചര്യങ്ങള്‍ ഒരുക്കിയ കൂട്ടത്തില്‍ വരയ്ക്കപ്പെട്ടതാണ് ഈ കാര്‍ട്ടൂണ്‍. ആനപ്പാപ്പാനായി നെഹ്റുവിനെയും ആനയുടെ വാലായ കേരളത്തില്‍ കടിച്ചു തൂങ്ങി നില്‍ക്കുന്ന ഇഎംഎസ് നമ്പൂതിരിപ്പാടിനെയും കാര്‍ട്ടൂണില്‍ കാണാം.

കാര്‍ട്ടൂണ്‍ കടപ്പാട്: മലയാള മനോരമ


51 ഞങ്ങള്‍ ഭരിക്കും, കണ്ടോളൂ…

ഞങ്ങള്‍ ഭരിക്കും, കണ്ടോളൂ… 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-51. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 51

സുധീര്‍ നാഥ്

ഞങ്ങള്‍ ഭരിക്കും, കണ്ടോളൂ...

ബാലറ്റിലൂടെ തിരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ താഴെ ഇറക്കുക എന്ന ഉദ്ദേശത്തോടെ കേരളത്തില്‍ വിമോചന സമരം തുടങ്ങി. കേരള സംസ്ഥാനത്തിലെ ആദ്യത്തെ മന്ത്രിസഭക്കെതിരായി 1959-ല്‍ ആരംഭിച്ച രാഷ്ട്രീയ പ്രക്ഷോഭമായിരുന്നു വിമോചനസമരം. 1957 ഏപ്രില്‍ അഞ്ചിന് ഇ.എം. എസ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അദ്ദേഹത്തോടൊപ്പം, ടി.വി. തോമസ്, സി. അച്യുതമേനോന്‍, കെ.സി. ജോര്‍ജ്ജ്, ജോസഫ് മുണ്ടശ്ശേരി, ഡോ. എ.ആര്‍. മേനോന്‍, കെ.പി. ഗോപാലന്‍, വി.ആര്‍. കൃഷ്ണയ്യര്‍, ടി.എ. മജീദ്, പി.കെ. ചാത്തന്‍, കെ.ആര്‍. ഗൗരിയമ്മ എന്നിവരും മന്ത്രിമാരായി. 

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരളത്തിലെ വിജയം പ്രധാനമന്ത്രിയായിരുന്ന നെഹ്രു ഒഴികെ ആര്‍ക്കും ഉള്‍കൊള്ളാന്‍ കഴിഞ്ഞില്ല. കേരളത്തിലെ അന്നത്തെ ഗവര്‍ണ്ണര്‍ രാമകൃഷ്ണറാവു മുന്‍കാലത്ത് കോണ്‍ഗ്രസ്സ് നേതാവും മുഖ്യമന്ത്രിയും കൂടിയായിരുന്നു. കമ്യൂണിസ്റ്റ് ആശയങ്ങളെ അദ്ദേഹം മാനസികമായി എതിര്‍ത്തിരുന്നു. കേരളത്തിലെ ക്രൈസ്തവസമൂഹത്തിന് കമ്യൂണിസ്റ്റ് മുന്നേറ്റം അംഗീകരിക്കാന്‍ പ്രയാസമായിരുന്നു. ഭാരതത്തിന്‍റെ ഭാവിയ്ക്കുമേല്‍ പതിച്ചേക്കാവുന്ന ഏറ്റവും വലിയ ദുരന്തമായിട്ടാണ് അവര്‍ അന്നേവരെ കമ്യൂണിസ്റ്റ് ആശയങ്ങളെ കണ്ടിരുന്നതും മറ്റുള്ളവരെ ബോധവല്‍ക്കരിച്ചിരുന്നതും. എന്തുവിലകൊടുത്തും കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ ഇല്ലാതാക്കുന്നതിനായി ശ്രമം തുടങ്ങി. സിറോ മലബാര്‍ കത്തോലിക്കാ സഭ, മന്നത്തു പത്മനാഭന്‍റെ നേതൃത്വത്തില്‍ നായര്‍ സര്‍വ്വീസ് സൊസൈറ്റി(എന്‍.എസ്.എസ്), മുസ്ലീം ലീഗ് എന്നിവ ചേര്‍ന്ന് കേരള സര്‍ക്കാരിനെതിരെ വിമോചന സമരം തുടങ്ങി.

കോണ്‍ഗ്രസ് പ്രസിഡന്‍റായിരുന്ന ഇന്ദിരാഗാന്ധിയുടെ താത്പര്യത്തിന്‍റെ ഭാഗമായി ഗവര്‍ണ്ണര്‍ രാമകൃഷ്ണറാവു കേരളത്തിലെ വിമോചന സമരകാലത്തെ ക്രമസമാധാന തകര്‍ച്ച ചൂണ്ടി കാട്ടി റിപ്പോര്‍ട്ട് നല്‍കി. അങ്ങിനെ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്‍റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് മന്ത്രിസഭക്കെതിരെ നടന്ന വിമോചന സമര പ്രക്ഷോഭം 1959-ല്‍ മന്ത്രിസഭയുടെ പുറത്താക്കലില്‍ കലാശിച്ചു. 

1959 ജൂലൈ 1ന് കാര്‍ട്ടൂണിസ്റ്റ് റ്റോംസ് മലയാള മനോരമയില്‍ വരച്ച ഒരു കാര്‍ട്ടൂണുണ്ട്. ആറ്റം എന്ന പേരിലാണ് കെ. എസ് പിള്ളയുടെ ശൈലിയില്‍ റ്റോംസ് കാര്‍ട്ടൂണ്‍ വരച്ചിരുന്നത്. 1957ല്‍ കേരളത്തില്‍ 28 ദിനപത്രങ്ങളും ഡസന്‍ കണക്കിന് വാരികകളും മാസികകളും ഉണ്ടായിരുന്നു. മുഖ്യമന്ത്രിയായ ഇ.എം.എസ് തോണിയിലെ മുഖ്യ തുഴക്കാരനായി തുഞ്ചത്ത് തന്നെ ഉണ്ട്. മന്ത്രിസഭാ അംഗങ്ങള്‍ തുഴക്കാരുമാണ്. തോണി പക്ഷെ വെള്ളം ഇല്ലാതെ ചെളിയില്‍ പതിഞ്ഞിരിക്കുകയാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ അനുകൂലിക്കുന്ന മാധ്യമങ്ങളും നോട്ടീസും മറ്റും ചേര്‍ത്ത് കാറ്റിന്‍റെ ശക്തിയില്‍ തോണി മുന്നോട്ട് പോകാന്‍ വലിയ പായ് ഒരുക്കിയിട്ടുണ്ട്. എ.കെ.ജിയും, അജയഘോഷും, എം.എന്‍. ഗോവിന്ദന്‍ നായരും ഉൂതുന്നുമുണ്ട്. വെള്ളവും കാറ്റുമില്ലെങ്കിലും 1962 വരെ ഞങ്ങള്‍ ഭരിക്കുമെന്ന് മുഖ്യമന്ത്രി ഇ.എം.എസ് പറയുന്നതാണ് കാര്‍ട്ടൂണ്‍. 

കാര്‍ട്ടൂണ്‍ കടപ്പാട്: മലയാള മനോരമ

48 കര്‍ഷകരുടെ അമരാവതി സമരം

കര്‍ഷകരുടെ അമരാവതി സമരം 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-48. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 48

സുധീര്‍ നാഥ്

കര്‍ഷകരുടെ അമരാവതി സമരം

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കര്‍ഷക സമരത്തിന് വലിയ പ്രാധാന്യമുണ്ട്. ഇപ്പോള്‍ ഡല്‍ഹി അതിര്‍ത്തികളില്‍ നടക്കുന്ന കര്‍ഷക സമരം ദേശീയ രാഷ്ട്രീയത്തിലെ സമവാക്യങ്ങളെ ബാധിക്കും എന്ന നിരീക്ഷണമുണ്ട്. 1988ല്‍ ഇന്ത്യന്‍ പാര്‍ലമെന്‍റിനോട് ചേര്‍ന്നുള്ള ബോട്ട് ക്ലബ് മൈതാനിയില്‍ ഒരു കര്‍ഷക സമരം നടന്നിരുന്നു. 1988ലെ കര്‍ഷക സമരത്തിനു പിന്നാലെ നടന്ന തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ രാഷ്ട്രീയ രംഗത്തിന് വലിയ മാറ്റമുണ്ടായി. കോണ്‍ഗ്രസിനും രാജീവ് ഗാന്ധിക്കും രാഷ്ട്രീയ തിരിച്ചടിയേറ്റു. 1989ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ സീറ്റ് നേട്ടം 195 ആയി കുറഞ്ഞു. 30 വര്‍ഷത്തിലേറെ ബംഗാള്‍ ഭരിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തകര്‍ന്നത് നന്ദീഗ്രാമിലെ കര്‍ഷകര്‍ തുടക്കം കുറിച്ച സമരമാണ്.

1961 മെയ് 2 ന് ഇടുക്കി ജലസേചന പദ്ധതി പ്രദേശങ്ങളില്‍ നിന്ന് പദ്ധതിയുടെ ആവശ്യാര്‍ത്ഥം പ്രദേശത്തുള്ള കര്‍ഷകരുടെ വീടുകള്‍ തീവച്ച് നശിപ്പിച്ച് ബലം പ്രയോഗിച്ച് 40 മൈല്‍ അകലെയുള്ള അമരാവതിയില്‍ ഇറക്കി വിട്ടു. ഒഴിപ്പിക്കപ്പെടുന്ന കര്‍ഷക കുടുംബങ്ങള്‍ക്ക് ഓരോ ഏക്കര്‍ ഭൂമി വീതം പകരം നല്കുന്നതിന് ആദ്യ കേരള മന്ത്രിസഭാ കാലത്ത് ചുരുളി ചീനാല്‍ പ്രദേശത്ത് ആവശ്യമായ സ്ഥലം കരുതിയിരുന്നെങ്കിലും അതുനല്‍കാതെയാണ് അമരാവതിയിലേക്ക് കുടിയിറക്കിയത്. പൊതുജനമനസാക്ഷിയെ പിടിച്ചുലച്ച ഈ സംഭവത്തെ തുടര്‍ന്ന് എ.കെ.ജിയുടെ നേതൃത്വത്തിലുള്ള കര്‍ഷകസംഘം നടത്തിയ അമരാവതി സമരം ചരിത്രപ്രസിദ്ധമാണ്. എ.കെ.ജി 1961 ജൂണ്‍ 6 ന് നിരാഹാരസമരം ആരംഭിച്ചു. ലോക് സഭയിലെ പ്ര തിപക്ഷ നേതാവായിരുന്ന എ.കെ. ഗോപാലന്‍ നിരാഹാരമാരംഭിച്ചതോടെ അമരാവതി സമരം ദേശീയ ശ്രദ്ധയുമാകര്‍ഷിച്ചു. അമരാവതി സമരത്തിന് ബഹുജന പിന്തുണ ഏറിയതോടെ സര്‍ക്കാര്‍ മുട്ടുമടക്കുകയും സമരം വിജയിക്കുകയുമുണ്ടായി.

വലതുപക്ഷ മാധ്യമങ്ങള്‍ സമരത്തിനെതിരെ ശക്തമായ പ്രചരണം നടത്തി. ദീപിക പത്രത്തില്‍ കാര്‍ട്ടൂണിസ്റ്റ് കെ.എസ്. പിള്ള ഒരു വട്ടത്തിനുള്ളില്‍ എസ്സ് എന്ന് ഒപ്പിട്ട് വരച്ച ഒരു കാര്‍ട്ടൂണുണ്ട്. കര്‍ഷകരില്ലാ കര്‍ഷക സമരം എന്ന ശീര്‍ഷകത്തില്‍ ഒന്നാം പേജില്‍ തന്നെയായിരുന്നു കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. എ.കെ.ജി, ഇ.എം.എസ്, ടി.വി. തോമസ്, കെ.ആര്‍. ഗൗരിയമ്മ, എം.എന്‍. ഗോവിന്ദന്‍ നായര്‍ എന്നിവരും കാര്‍ട്ടൂണില്‍ കഥാപാത്രമാണ്. 

കാര്‍ട്ടൂണ്‍ കടപ്പാട്: ദീപിക

46 കൂട്ടുകക്ഷി മുന്നണി

കൂട്ടുകക്ഷി മുന്നണി 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-46. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.

രാഷ്ട്രീയ ഇടവഴി 46

സുധീര്‍ നാഥ്

കൂട്ടുകക്ഷി മുന്നണി

വ്യത്യസ്ഥ ആശയങ്ങളും, ആഗ്രഹങ്ങളും കൊണ്ടു നടക്കുന്നവരാണ് എല്ലാ രാഷ്ട്രീയ നേതാക്കളും എന്ന കാര്യത്തില്‍ സംശയമില്ല. വ്യത്യസ്ഥ സ്വഭാവക്കാരായ നേതാക്കളെ പോലെ തന്നെയാണ് ഘടകകക്ഷികളും. ഇവരെ ഒരുമിച്ച് കൊണ്ടു പോകുക എന്നത് പണിപ്പെട്ട പരിപാടിയാണ്. വ്യത്യസ്ഥമായ അഭിപ്രായങ്ങളെ ഒരുമിപ്പിക്കുക എന്നത് മികച്ച നയതന്ത്ര ഇടപെടല്‍ തന്നെയാണ്. ഇതില്‍ വിജയിച്ച പലരും കേരളത്തിലെ പല രാഷ്ട്രീയ പാര്‍ട്ടി നേത്യത്ത്വത്തിലും ഉണ്ട്.

കൂട്ടുകക്ഷി മന്ത്രിസഭ എന്നുള്ളത് ഇന്ന് രാജ്യവ്യാപകമായി എല്ലാ സംസ്ഥാനങ്ങളിലും പരീക്ഷിച്ചു വരുന്ന ഒന്നാണ്. ഒറ്റക്കക്ഷി ഭരണം എന്നുള്ളത് നമ്മുടെ രാജ്യത്ത് വിദൂര സ്വപ്നമായി തന്നെ മാറിയിരിക്കുന്നു. കേന്ദ്രത്തിലും സമാനമായ സ്ഥിതിവിശേഷമാണ് ഇപ്പോള്‍ നിലവിലുള്ളത്. ഒറ്റ കക്ഷി ഭരിക്കുന്ന ഒരു സംസ്ഥാനമോ രാജ്യമോ നമുക്ക് അടുത്തകാലത്തൊന്നും സ്വപ്നം കാണുവാന്‍ സാധിക്കുകയില്ല. രാജ്യത്ത് ഒട്ടേറെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ട്.

ഇഎംഎസിന്‍റെ മന്ത്രിസഭ ഒരു കൂട്ടുകക്ഷി മന്ത്രിസഭയായിരുന്നല്ലോ. കൂട്ടുകക്ഷി മന്ത്രിസഭ എന്നാത് കാട്ടിലെ അവസ്ഥ തന്നെയാണെന്ന് വിമര്‍ശനപരമായി നോക്കിയാല്‍ കാണുവാന്‍ സാധിക്കുക. ഒരു കാര്‍ട്ടൂണിസ്റ്റ് മനസ്സിലേക്ക് ഈ രംഗം വന്നാല്‍ അത്ഭുതപ്പെടേണ്ടതില്ലല്ലോ. മലയാള കാര്‍ട്ടൂണ്‍ ജനകീയമാക്കിയ കെഎസ് പിള്ള ദേശബന്ധു പത്രത്തില്‍ വരച്ച ഒരു കാര്‍ട്ടൂണ്‍ ഉണ്ട്. ഘടകകക്ഷികളായ സിംഹങ്ങള്‍ക്ക് നടുവില്‍ ഇരിക്കുന്ന മുഖ്യമന്ത്രി ഇഎംഎസിനെയാണ് കെ എസ് പിള്ള കാര്‍ട്ടൂണില്‍ ചിത്രീകരിക്കുന്നത്. കെ ചന്ദ്രശേഖരന്‍, എന്‍ ശ്രീകണ്‍ഠന്‍ നായര്‍ മുസ്ലീം ലീഖ് നേതാവ് തുടങ്ങിവരാണ് സിംഹങ്ങളായി ചിത്രീകരിച്ചിരിക്കുന്നത്. ഒരു കോഡിനേഷന്‍ കമ്മിറ്റി യോഗത്തെ അടിസ്ഥാനപ്പെടുത്തിയാണ് കാര്‍ട്ടൂണ്‍ വരച്ചിരിക്കുന്നത്. അനിഷ്ട സംഭവങ്ങള്‍ ഒന്നുമില്ലാതെ യോഗം അവസാനിച്ചു എന്നും കാര്‍ട്ടൂണില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 

കാര്‍ട്ടൂണ്‍ കടപ്പാട്: ദേശബന്ധു


23 കേരം തിങ്ങും കേരള നാട്ടില്‍…

കേരം തിങ്ങും കേരള നാട്ടില്‍… 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-23. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 23

സുധീര്‍ നാഥ്

കേരം തിങ്ങും കേരള നാട്ടില്‍...

1987ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ മുഴങ്ങി കേട്ട ഒരു മുദ്രാവാക്യമാണ് ڇകേരം തിങ്ങും കേരള നാട്ടില്‍ കെ.ആര്‍. ഗൗരി ഭരിച്ചീടും.ڈ പാര്‍ട്ടി തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഭൂരിപക്ഷം ഇടത് പക്ഷത്തിന് കിട്ടിയപ്പോള്‍ മുഖ്യമന്ത്രിയായത് മുതിര്‍ന്ന നേതാവ് ഇ.കെ. നായനാരായിരുന്നു. അവര്‍ മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിച്ചിരുന്നു എന്നത് സത്യവുമാണ്. അക്കാലത്ത് പാര്‍ട്ടി സെക്രട്ടറി വി.എസ്. അച്ച്യുതാനന്ദനായിരുന്നു. 1987ല്‍ തന്നെ മുഖ്യമന്ത്രിയാക്കാഞ്ഞത് ഇ.എം.എസ്സിന്‍റെ ജാതി സ്പര്‍ധ കൊണ്ടാണെന്നും, നായനാര്‍ മേല്‍ ജാതിക്കാരനായതു കൊണ്ടാണ് എന്നും സഖാവ് കെ.ആര്‍. ഗൗരിയമ്മ ആരോപിച്ചിരുന്നു. പാര്‍ട്ടിയുമായി മാനസികമായി അവര്‍ ഏറെ അകലുകയും പാര്‍ട്ടി സെക്രട്ടറി വി.എസ്സ് മുതല്‍ പ്രമുഖ നേതാക്കള്‍ക്കെതിരെ ഗൗരിയമ്മ വിമര്‍ശനം ഉയര്‍ത്തി. 

കെ.ആര്‍. ഗൗരിയമ്മയെ അതിനിശിതമായി വിമര്‍ശിച്ച് ചിന്ത വാരികയില്‍ ഇ.എം.എസ്. എഴുതിയത് വലിയ ചര്‍ച്ചയായിരുന്നു. ഗൗരിയമ്മയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നു എന്ന സംസാരം വ്യാപകമായ കാലത്താണ് ഇങ്ങനെ ഒരു ലേഖനം വന്നത്. ഇ.എം.എസ്. ലേഖനം എഴുതിയതിന് പിന്നാലെ പല പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാക്കളും ഗൗരിയമ്മയെ പരസ്യമായി വിമര്‍ശിക്കാന്‍ തുടങ്ങി. 1994ല്‍ കെ.ആര്‍. ഗൗരിയമ്മയെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. അവര്‍ ജനാധിപത്യ സംരക്ഷണ സമിതി (ജെഎസ്എസ്) എന്ന പാര്‍ട്ടി രൂപീകരിച്ചു. വലതുപക്ഷത്തോടൊപ്പം ചേര്‍ന്ന് മന്ത്രിയായി. 2014ല്‍ അവര്‍ വീണ്ടും ഇടത്പക്ഷത്തിന്‍റെ ഭാഗമായി മരണം വരെ തുടര്‍ന്നു.

ചിന്ത വാരികയില്‍ പാര്‍ട്ടിയുടെ താത്വികാചാര്യനായ ഇ.എം.എസ്. എഴുതിയത് കാര്‍ട്ടൂണിന് പലരും വിഷയമാക്കി. ഗൗരിയമ്മയോടുള്ള പാര്‍ട്ടിയുടെ സമീപനവും കാര്‍ട്ടൂണിന് വിഷയമായി. കാര്‍ട്ടൂണിസ്റ്റ് ജയിംസ് മംഗളത്തില്‍ അക്കാലത്ത് വരച്ച ഒരു കാര്‍ട്ടൂണുണ്ട്. ഇ.കെ. നായനാരുടെ സഹായത്താല്‍ ചിന്ത വാരികയില്‍ പൊതിഞ്ഞ് ഗൗരിയമ്മയെ ഇഎംഎസ് പിഴിയുകയാണ്. അന്ന് പാര്‍ട്ടി സെക്രട്ടറിയും, ഗൗരിയമ്മ പക്ഷക്കാരനുമായ വി.എസ്സ് കണ്ണുകള്‍ രണ്ടും പൊത്തി പിടിക്കുന്നതായിരുന്നു കാര്‍ട്ടൂണ്‍.

കാര്‍ട്ടൂണ്‍ കടപ്പാട്: മംഗളം

15 - 1960 ലെ ഇഎംഎസ്സിന്റെ ഒറ്റയ്ക്കുള്ള പോരാട്ടം

1960 ലെ ഇഎംഎസ്സിന്റെ ഒറ്റയ്ക്കുള്ള പോരാട്ടം 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-15. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയവും കാര്‍ട്ടൂണും

സുധീര്‍ നാഥ്

1960ലെ ഇഎംഎസ്സിന്‍റെ ഒറ്റയ്ക്കുള്ള പോരാട്ടം. 

നമ്മുടെ സംഗീത സാഗരത്തില്‍ വാദ്യങ്ങള്‍ വിശേഷപ്പെട്ടതാണ്. തന്ത്രി വാദ്യങ്ങള്‍, കാറ്റുവാദ്യങ്ങള്‍ (സുഷിരവാദ്യങ്ങള്‍), തോലുവാദ്യങ്ങള്‍ ഇങ്ങനെ വാദ്യങ്ങള്‍ തന്നെ വേര്‍തിരിക്കാം. ഈ വാദ്യങ്ങള്‍ സമന്വയിപ്പിച്ച് കച്ചേരികളും നടക്കാറുണ്ട്. ഓരോ വാദ്യോപകരണങ്ങള്‍ അതാതു മേഖലയില്‍ പ്രഗത്ഭരായവര്‍ ഒരേ സമയം അവതരിപ്പിച്ച് ഒരു കച്ചേരി അവതരിപ്പിക്കുന്നു എന്ന് കരുതുക. അത് ആസ്വദിക്കാന്‍ സമൂഹത്തിന് വലിയ താത്പര്യവുമാണ്. താളത്തിന്‍റേയും നാദത്തിന്‍റേയും നാടാണല്ലോ കേരളം. 

1956ല്‍ ഐക്യ കേരളം രൂപം കൊണ്ടു. 1957ല്‍ ബാലറ്റിലൂടെ ആദ്യ സര്‍ക്കാര്‍ കേരളത്തില്‍ അധികാരമേറ്റു. അത് കമ്മ്യൂണിസ്റ്റ് സര്‍ക്കാരായിരുന്നു. ഇ.എം.എസ്. നമ്പൂതിരിപ്പാടായിരുന്നു മുഖ്യമന്ത്രി. കേരളത്തിലെ ക്രിസ്ത്യാനികളേയും, നായന്‍മാരേയും സംഘടിപ്പിച്ച് വിമോചന സമരം പ്രഖ്യാപിച്ച് ഇ.എം.എസ്. സര്‍ക്കാരിനെതിരെ വലിയ പ്രക്ഷോഭം തന്നെ കോണ്‍ഗ്രസ് നടത്തി. അത് വിജയിച്ചു. ഇ.എം.എസ്. സര്‍ക്കാരിനെ പിരിച്ച് വിട്ട് 1959ല്‍ രാഷ്ട്രപതി ഭരണം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 

1960ല്‍ നടന്ന കേരളത്തിലെ രണ്ടാം നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇ.എം.എസിന്‍റെ നേത്യത്ത്വത്തില്‍ സി.പി.ഐ ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചു. ഈ ഒരു സാഹചര്യത്തില്‍ സരസന്‍ കാര്‍ട്ടൂണ്‍ ഹാസ്യ മാസികയുടെ കവര്‍ കാര്‍ട്ടൂണിസ്റ്റ് കെ.എസ്. പിള്ള വരച്ചത് ശ്രദ്ധേയമായിരുന്നു. വ്യത്യസ്ഥ വാദ്യ ഉപകരണങ്ങള്‍ ഇ.എം.എസ്. ഒറ്റയ്ക്ക് ക്കൈകാര്യം ചെയ്യുന്നതാണ് കാട്ടൂണ്‍. സരസന്‍റെ ഈ ലക്കം വ്യാപകമായി വിറ്റു പോകാന്‍ കവറില്‍ വന്ന കാര്‍ട്ടൂണ്‍ കാരണമായി. നാടു നീളെ സരസന്‍റെ കവര്‍ പോസ്റ്ററുകളായി ഉപയോഗിക്കുകയുണ്ടായി. 

കാര്‍ട്ടൂണ്‍ കടപ്പാട്: സരസന്‍ 

05 ഇന്നല്ലെങ്കില്‍ എന്നാണ് ഇഎംഎസ് മരിക്കേണ്ടത്…?

ഇന്നല്ലെങ്കില്‍ എന്നാണ് ഇഎംഎസ് മരിക്കേണ്ടത്…? 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-5. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 05

സുധീര്‍ നാഥ്

ഇന്നല്ലെങ്കില്‍ എന്നാണ് ഇഎംഎസ് മരിക്കേണ്ടത്...?

കാര്‍ട്ടൂണ്‍ ചിരിപ്പിക്കുന്ന കല മാത്രമാകരുത് ചിന്തിപ്പിക്കുന്നതു കൂടിയാകണമെന്ന് ഒരു പക്ഷമുണ്ട്. വിമര്‍ശന കലയാണ് കാര്‍ട്ടൂണ്‍ എന്ന് പറയുന്ന അവസരത്തില്‍ തന്നെ അത് തിരുത്തല്‍ ശക്തികൂടിയാകണം. നേരിലേയ്ക്കുള്ള ചൂണ്ടു പലകയാകണം കാര്‍ട്ടൂണുകള്‍. വരയ്ക്കപ്പെടുന്നവര്‍ക്ക് കൂടി ആസ്വാദ്യമാകണം കാര്‍ട്ടൂണുകള്‍ എന്നും പറയാറുണ്ടല്ലോ...? മരണം പോലും കാര്‍ട്ടൂണിന് വിഷയമാകണം എന്ന് പറയുന്നവരും ഉണ്ട്. അത്തരം ഒരു കാര്‍ട്ടൂണ്‍ വിഷയമാക്കുകയാണ് ഇവിടെ. 

എത്രയോ മഹാന്മാരുടെ മരണങ്ങള്‍ കാര്‍ട്ടൂണിന് വിഷയമായിട്ടുണ്ട്. ശങ്കര്‍, എന്‍.വി. കൃഷ്ണ വാര്യര്‍, സി. അച്ചുതമേനോന്‍, ലളിതാംബിക അന്തര്‍ജനം, ഒ.വി. വിജയന്‍, അരവിന്ദന്‍, ബാലന്‍ കെ നായര്‍ തുടങ്ങി നിരവധി പേരുടെ മരണങ്ങള്‍ കാര്‍ട്ടൂണില്‍ വിഷയമായി വന്നിട്ടുണ്ട്. 

1998 മാര്‍ച്ച് 19ന് ഇ.എം.എസ്. അന്തരിച്ചു. അന്ന് തന്നെയാണ് അടല്‍ ബിഹാരി വാജ്പേയുടെ നേത്യത്വത്തില്‍ കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരം ഏല്‍ക്കുന്നതും. പുറത്തിറങ്ങിയ എല്ലാ പത്രങ്ങളിലും ഒന്നാം പേജില്‍ രണ്ട് പ്രധാന വാര്‍ത്തകളാണ് ഉണ്ടായിരുന്നത്. ഒന്ന്-ഇ.എം.എസിന്‍റെ മരണം.- കേരളം കരഞ്ഞു. ഒരാഴ്ചത്തെ ദു:ഖാചരണം. രണ്ടാമത്തെ വാര്‍ത്ത- കേന്ദ്രത്തില്‍ ബി.ജെ.പി അധികാരമേറ്റു. ഇ.എം.എസിന്‍റെ പ്രസ്ഥാനവും, കക്ഷിഭേദമെന്യേ ബഹുജനങ്ങളും വിതുമ്പുമ്പോള്‍ ചിരിക്കുന്നതെങ്ങനെ? ചിരിപ്പിക്കുന്നതെങ്ങിനെ? എന്നാല്‍, ഇ.എം.എസിന്‍റെ മരണമാണ് കുങ്കുമം വാരികയിലെ സാക്ഷി എന്ന പംക്തിയില്‍ പി.വി. ക്യഷ്ണന്‍ വിഷയമാക്കിയിരുന്നത്.

രണ്ട് വാര്‍ത്തകളെ ഇഷ്ടം പോലെ പരസ്പരം കലര്‍ത്തി വായിച്ചേക്കാം. എന്നാല്‍ കാര്‍ട്ടൂണിസ്റ്റ് പി.വി. ക്യഷ്ണന്‍ രണ്ട് വാര്‍ത്തകളും സമന്വയിപ്പിച്ച് വരച്ച കാര്‍ട്ടൂണ്‍ ഒരുപക്ഷെ അദ്ദേഹം വരച്ചു കൂട്ടിയ കാര്‍ട്ടൂണുകളില്‍ നിന്നും വേറിട്ട് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ഈ കാര്‍ട്ടൂണ്‍ വായനക്കാരെ ചിരിപ്പിക്കില്ല. പക്ഷെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ആശയങ്ങളെ മുറുകെ പിടിച്ച് പ്രവര്‍ത്തിച്ച കമ്മ്യൂണിസ്റ്റ് നേതാവായ ഇ.എം.എസ്. താന്‍ എതിര്‍ത്ത ആശയത്തിന്‍റെ പ്രതിനിധികളായ ബി.ജെ.പി. കേന്ദ്രത്തില്‍  അധികാരമേറ്റ ദിവസം തന്നെ മരണപ്പെടുന്നു. ഇത് ഒരുപക്ഷെ യാഥര്‍ശ്ചികമായിരിക്കും. ഇന്നല്ലെങ്കില്‍ പിന്നെ എന്നാണ് ഇ.എം.എസ് മരിക്കേണ്ടത് എന്ന് സാക്ഷി ചോദിക്കുന്നതാണ് കാര്‍ട്ടൂണ്‍. ആയിരം വാക്കുകളില്‍ എഴുതേണ്ട ലേഖനത്തെക്കാള്‍ പകരം നില്‍ക്കുന്നതാണ് ഈ കാര്‍ട്ടൂണ്‍. 

കാര്‍ട്ടൂണ്‍ കടപ്പാട്: കുങ്കുമം വാരിക

02 മന്നത്തിന്റെ കുതിര

മന്നത്തിന്റെ കുതിര 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-2. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 02

സുധീര്‍ നാഥ്

മന്നത്തിന്‍റെ കുതിര

1956ല്‍ കേരള സംസ്ഥാനം രൂപം കൊണ്ടു. 1957ല്‍ ബാലറ്റിലൂടെ ഇ.എം.എസ്. നമ്പൂതിരിപാടിന്‍റെ നേത്യത്ത്വത്തില്‍ മന്ത്രിസഭ അധികാരത്തിലേറി. 847 ദിവസമാണ് ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലുണ്ടായത്. 1957 ഫെബ്രുവരി 25ന് നടന്ന തിരഞ്ഞെടുപ്പില്‍ 126 സീറ്റുകളാണ് ഉണ്ടായിരുന്നത്.  അന്ന് തിരഞ്ഞെടുപ്പില്‍ 406 പേരാണ് മത്സരിച്ചത്. 60 സീറ്റുകള്‍ ലഭിച്ച് ഏറ്റവും വലിയ ഒറ്റകക്ഷിയായ  കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് അധികാരത്തില്‍ എത്തിയത്.  കാസര്‍ഗോഡ് മഞ്ചേശ്വരത്ത് മത്സരത്തിനിറങ്ങിയ എം. ഉമേഷ് റാവു എതിരില്ലാതെ സ്വതന്ത്രനായി വിജയിച്ചു. ആദ്യ തിരഞ്ഞെടുപ്പില്‍ മത്സരിച്ച 9 വനിതകളില്‍ 6 പേരും വിജയിച്ച് നിയമസഭയിലെത്തി.

കേരളത്തിന്‍റെ ആദ്യ മുഖ്യമന്ത്രിയായ ഇ.എം.എസിനെതിരെ പ്രതിപക്ഷനിരയില്‍ നിന്ന് ശക്തമായ നീക്കമുണ്ടായി. സര്‍ക്കാരിനെ താഴെ ഇറക്കാന്‍ വിമോചന സമരത്തിന് തുടക്കമിട്ടു. ക്രിസ്തീയ വിശ്വാസികളും, നായര്‍ സമുദായവുമായിരുന്നു വിമോചന സമരത്തിന് നേത്യത്ത്വം കൊടുത്തത്. 1959ല്‍ നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ (എന്‍.എസ്.എസ്.) നേതാവായ മന്നത്ത് പത്മനാഭന്‍ ഒരു പ്രഖ്യാപനം നടത്തി. ڇഈ യാഗാശ്വത്തെ പുത്തന്‍കച്ചേരിയില്‍ കൊണ്ടുകെട്ടുന്നത് വരെ എനിക്ക് വിശ്രമമില്ല. ڇ തന്‍റെ പടക്കുതിരയെ സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാടിന്‍റെ കസേരയുടെ കാലില്‍ കെട്ടും എന്നാണ് പറഞ്ഞതിന്‍റെ ചുരുക്കം. ഇത് വിഷയമാക്കി മുഖ്യമന്ത്രി ഇ.എം.എസിന്‍റെ കസേര തന്‍റെ പടക്കുതിരപ്പുറത്ത് വന്ന് മന്നത്ത് പത്മനാഭന്‍ തെറിപ്പിക്കുന്ന കാര്‍ട്ടൂണ്‍ കെ.എസ്. പിള്ള എന്‍.എസ്.എസ്. അനുകൂലവും, കമ്മ്യൂണിസ്റ്റ് വിരോധവുമുള്ള ദേശബന്ധുവില്‍ വരച്ചു. ഈഴവ സമുദായത്തിന്‍റെ പത്രമായ കേരള കൗമുദിയുടെ പിന്തുണ സര്‍ക്കാരിനുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ സഹായിയായി കൗമുദി പത്രാധിപര്‍ കെ. സുകുമാരനേയും കാര്‍ട്ടൂണില്‍ ചിത്രീകരിച്ചു. ഈഴവ സമുദായ നേതാവും കെ.പി.സി.സി. പ്രസിഡന്‍റായ ആര്‍. ശങ്കര്‍ പക്ഷെ വിമോചന സമരത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.

കെ.എസ്. പിള്ള വരച്ച മന്നത്തിന്‍റെ കുതിര സെക്രട്ടേറിയറ്റില്‍ എന്ന കാര്‍ട്ടൂണ്‍ പോസ്റ്ററായി നാടുനീളേ പ്രദര്‍ശിപ്പിക്കപ്പെട്ടു. ഇത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ചെറുതൊന്നുമല്ല ചൊടിപ്പിച്ചത്. ആദ്യകാലങ്ങളില്‍ കേരളത്തിലെ മിക്ക മാധ്യമ പ്രവര്‍ത്തകരും കാര്‍ട്ടൂണിസ്റ്റുകളും വലതുപക്ഷ ചിന്തയുള്ളവരായിരുന്നു. കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ക്ക് എതിരായുള്ള കാര്‍ട്ടൂണുകള്‍ മാത്രമേ പത്രങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ടുള്ളൂ. മലയാള രാഷ്ട്രീയ കാര്‍ട്ടൂണ്‍ രംഗത്ത് അന്ന് വരെ വലതുപക്ഷ അനുഭാവമുള്ള കാര്‍ട്ടൂണിസ്റ്റുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. യേശുദാസന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ ജനയുഗത്തില്‍ ജോലി തേടി വന്ന സമയമായിരുന്നു അത്. ചെുപ്പക്കാരനായ യേശുദാസിനെ കൊണ്ട് തൊട്ടുപിറ്റേന്ന് കുതിരയെത്തന്നെ വിഷയമാക്കി ജനയുഗത്തില്‍ 'പടത്തലവന്‍റെ പടപ്പുറപ്പാട്' എന്ന തലക്കെട്ടില്‍ ഒരു കാര്‍ട്ടൂണ്‍ വരപ്പിച്ചു. മന്നത്ത് പത്മനാഭന്‍ ഒരു മരകുതിരയുടെ പുറത്ത് കയറി നിന്ന് ചാട്ടവാര്‍ വീശുന്നതായിരുന്നു കാര്‍ട്ടൂണ്‍. അത് ജനയുഗത്തിന്‍റെ ആദ്യ പേജിലും മറ്റു ഭാഷകളിലെ കമ്മ്യൂണിസ്റ്റ് പ്രസിദ്ധീകരണങ്ങളിലും അച്ചടിച്ചുവന്നു. അത് വളരെയേറെ ചര്‍ച്ചാവിഷയമായി. വിമോചനസമരകാലത്ത് ജാഥകളില്‍ 'കണ്ടോടാ കണ്ടോടാ മരക്കുതിരയെ കണ്ടോടാ' എന്ന മുദ്രാവാക്യം മുഴങ്ങിക്കേട്ടു. പക്ഷെ, വിമോചന സമരം വിജയിക്കുകയും, ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ പിരിച്ചു വിടുകയും ഉണ്ടായത് ചരിത്രം. വിമോചന സമരവും, ഈ രണ്ട് കാര്‍ട്ടൂണും അങ്ങിനെ ചരിത്രത്തിന്‍റെ ഭാഗമായി. 

കാര്‍ട്ടൂണ്‍ കടപ്പാട്: ദേശബന്ധു, ജനയുഗം