Showing posts with label Sujith T K. Show all posts
Showing posts with label Sujith T K. Show all posts

Tuesday, March 19, 2024

122 - കെ കരുണാകരന്റെ മക്കളുടെ ഭാവി

കെ കരുണാകരന്റെ മക്കളുടെ ഭാവി

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-122. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 121

സുധീര്‍ നാഥ്

കെ കരുണാകരന്‍റെ മക്കളുടെ ഭാവി 

സ്വന്തം മക്കളെ രാഷ്ട്രീയത്തില്‍ ഇറക്കി അവരുടെ ഭാവി സുരക്ഷിതമാക്കണമെന്നാണ് ഒട്ടുമിക്ക രാഷ്ട്രീയ നേതാക്കളും ചിന്തിക്കുക സ്വാഭാവികം. പ്രമുഖരായ ചില രാഷ്ട്രീയ നേതാക്കളുടെ മക്കള്‍ പില്‍ക്കാലത്ത് രാഷ്ട്രീയ പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെടുന്നത് നാം കണ്ടതുമാണ്. അത്തരത്തില്‍ തന്നെയാണ് കേരളത്തിലെ മാത്രമല്ല, ദേശിയ തലത്തിലും കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയ തന്ത്രജ്ഞനായ കെ കരുണാകരന്‍ നടപ്പിലാക്കിയത്. തന്‍റെ മകനായ മുരളീധരനെയും മകളായ പത്മജയെയും കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ കൊണ്ടുവരുകയും പ്രമുഖ സ്ഥാനങ്ങള്‍ കൊടുക്കുവാന്‍ തന്‍റെ സ്വാധീനം പരമാവധി ഉപയോഗപ്പെടുത്തുകയും ചെയ്തതും നമ്മള്‍ കണ്ടതാണ്. കെ കരുണാകരന്‍റെ മകന്‍ മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കുവാന്‍ തീരുമാനിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതാവായ എ കെ ആന്‍റണി മൂത്രമൊഴിക്കാന്‍ പോയ സംഭവം കേരള രാഷ്ട്രീയത്തിലെ മായ്ച്ചു കളയുവാന്‍ കഴിയാത്ത ഒരു ഏടാണ്.

മക്കള്‍ രാഷ്ട്രീയം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അതിശക്തമായി വന്നുകൊണ്ടിരിക്കുന്നു എന്നുള്ളത് ജനാധിപത്യ രാഷ്ട്രത്തിന് ഒരിക്കലും യോജിച്ചതല്ല. എന്നാല്‍ രാഷ്ട്രീയക്കാരുടെ മക്കള്‍ രാഷ്ട്രീയത്തില്‍ വരാന്‍ പാടില്ല എന്നുള്ള നിലപാടും ശരിയുള്ളതല്ല. ജനങ്ങളിലേയ്ക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിച്ച് നേതാവായി വരുന്നതില്‍ ഒരു തെറ്റും പറയുവാനും സാധിക്കില്ല. അത്തരത്തില്‍ വന്ന പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ മക്കളും ഉണ്ട്. എന്നാല്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാതെ പിതാക്കന്മാരുടെ അനുഗ്രഹത്താല്‍ രാഷ്ട്രീയത്തില്‍ ഉന്നത സ്ഥാനം നേടുന്നത് അതാത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ദോഷം വരുത്തി വെച്ചിട്ടുണ്ട് എന്നുള്ളത് പില്‍ക്കാല രാഷ്ട്രീയ ചരിത്രം വ്യക്തമാക്കുന്നതാണ്. കോണ്‍ഗ്രസിന്‍റെ അധപതനത്തിനും ഇത് ഒരു കാരണമായി എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നതില്‍ കുറ്റം പറയുവാനും സാധിക്കില്ല.

കെ മുരളീധരന്‍ സ്ഥാനാര്‍ത്ഥിയായി പലതവണ ജയിച്ചിട്ടുണ്ടെങ്കിലും മകളായ പത്മജയ്ക്ക് തെരഞ്ഞെടുപ്പില്‍ ഒരിക്കല്‍പോലും ജയിക്കുവാന്‍ സാധിച്ചില്ല എന്നുള്ളതാണ് ചരിത്രം. 2001 ഏപ്രില്‍ 28ന് കേരള കൗമുദിയില്‍ ടി കെ സുജിത്ത് വരച്ച ഒരു കാര്‍ട്ടൂണ്‍ ഏറെ ശ്രദ്ധേയമാണ്. അക്കാലത്താണ് വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന സിനിമ പുറത്തിറങ്ങിയ സമയം കൂടിയാണ്. കെപിസിസി പ്രസിഡണ്ടായി കെ മുരളീധരന്‍ ഒരു സ്കൂട്ടറില്‍ പോകുന്നതും വീട്ടുമുറ്റത്ത് കളിച്ചിരിക്കുന്ന മകള്‍ പത്മജയെയും ആണ് കാര്‍ട്ടൂണില്‍ കാണുക. വീട്ടുമുറ്റത്ത് ചാരുകസേരയില്‍ ഇരിക്കുന്ന കെ കരുണാകരന്‍ മുറ്റത്ത് വന്നു നില്‍ക്കുന്ന എ കെ ആന്‍റണിയോട് പറയുകയാണ്: മോന്‍റെ കാര്യം രക്ഷപ്പെട്ടു. മോളെ എംപി കോഴ്സിന് വിടാനാണ് പ്ലാന്‍. പെന്‍ഷന്‍ ആകുമ്പോഴേക്കും കുട്ടികളെ നല്ല നിലയ്ക്ക് ആകാമല്ലോ... ഇതേസമയം സംഗമം സംഗമം ത്രിവേണി സംഗമം എന്ന പ്രശസ്തമായ പാട്ട് റേഡിയോയില്‍ നിന്ന് ഉയരുന്നുണ്ട്. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാനായി കുടുംബ സംഗമം പദ്ധതി ആവിഷ്കരിക്കും എന്ന് യുഡിഎഫ് പ്രകടനപത്രികയില്‍ ഉണ്ടായിരുന്നത് ഓര്‍മ്മപ്പെടുത്തി കൊണ്ടാണ് സുജിത്ത് കാര്‍ട്ടൂണ്‍ വരച്ചിരിക്കുന്നത്.

കാര്‍ട്ടൂണ്‍ കടപ്പാട്: കേരള കൗമുദി

Thursday, January 4, 2024

27 ആരുടെ നേട്ടം

ആരുടെ നേട്ടം 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-27. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 27

സുധീര്‍ നാഥ്

2007 മെയ് സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ കോലാഹലങ്ങളുണ്ടാക്കിയ കാലമായിരുന്നു. മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദന്‍ മൂന്നാറിലേക്ക് തന്‍റെ മൂന്ന് പൂച്ചകളെ അയച്ചത് ആയിടെയായിരുന്നു. മൂന്നാര്‍ ഓപ്പറേഷനും സ്മാര്‍ട്ട് സിറ്റി കരാര്‍ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചകളും മുഖ്യമന്ത്രിയുടെ പ്രതിച്ഛായ വാനോളം ഉയര്‍ത്തിയ നാളുകള്‍. 'മൂന്നാറിലും പരിസരപ്രദേശങ്ങളിലുമുള്ള അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനും, നിയമവിരുദ്ധ നിര്‍മ്മാണങ്ങള്‍ പൊളിച്ചുകളയുന്നതിനും' വേണ്ടിയായിരുന്നു പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ചത്.  പന്തീരായിരത്തോളം ഏക്കര്‍ കയ്യേറ്റം ഒഴിപ്പിച്ചെടുക്കുകയും നൂറോളം അനധികൃത നിര്‍മ്മിതികള്‍ പൊളിച്ചുകളയുകയും ചെയ്തു.  ആ ദൗത്യത്തിന് ജനങ്ങളും ഇന്ത്യയിലെ മാധ്യമങ്ങളും നല്‍കിയ പിന്തുണ ജനാധിപത്യ ഭരണകൂടങ്ങള്‍ക്കുള്ള ഒരു സൂചനയായിരുന്നു.  ഏലത്തോട്ടങ്ങള്‍ വെട്ടിമാറ്റി റിസോര്‍ട്ടുകള്‍ കൃഷി ചെയ്യുന്നത് എപ്രകാരമാണ് ഒരു ഭൂവിഭാഗത്തെ ബാധിക്കുന്നത് എന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു.  പക്ഷെ, ആ പ്രക്രിയക്ക് തുടര്‍ച്ചയുണ്ടായില്ല എന്നത് ഖേദകരമാണ്. മൂന്നാറിലെ ജനങ്ങള്‍ മാത്രമല്ല, കേരളമാകെ വിഎസിനെ ഓര്‍ക്കുന്നത് സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മിച്ച റിസോര്‍ട്ടുകള്‍ ഇടിച്ചു നിരത്തിയ, ഏക്കറുകണക്കിന് ഭൂമി തിരിച്ചുപിടിച്ച 2007ലെ ദൗത്യസംഘത്തിന് അനുമതി കൊടുത്തതിന്‍റെ പേരിലാണ്.

ഭൂപരിഷ്കരണ നിയമത്തിന്‍റെ സത്ത സംരക്ഷിക്കുന്നതിനും ഭൂസ്വാമിമാരെ നിലയ്ക്കു നിര്‍ത്തുന്നതിനും പരിസ്ഥിതി സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള സമാനതകളില്ലാത്ത മുന്നേറ്റമായിരുന്നു, അത്. പാര്‍ട്ടിയില്‍ നിന്നും മുന്നണിയില്‍ നിന്നുമുള്ള എതിര്‍പ്പുകള്‍ അവഗണിച്ച് മുഖ്യമന്ത്രി നടത്തിയ നീക്കങ്ങള്‍ മാധ്യമങ്ങളില്‍ വലിയ വലുപ്പത്തിലെ വാര്‍ത്തയായി. പത്രങ്ങളായ പത്രങ്ങളിലെല്ലാം ഈ വിഷയങ്ങളില്‍ കാര്‍ട്ടൂണുകള്‍ നിറഞ്ഞുനിന്നു. 

മൂന്നാറിലെ ഒഴിപ്പിക്കലും സ്മാര്‍ട്ട് സിറ്റി കരാറും മുഖ്യമന്ത്രിയുടെ മാത്രം നേട്ടമല്ല. ഇടതുമുന്നണിയുടെ തീരുമാനം മുഖ്യമന്ത്രി നടപ്പിയതേ ഉള്ളൂ എന്ന എല്‍.ഡി.എഫ് നേതാക്കളുടെ അവകാശവാദത്തെക്കുറിച്ച് കേരള കൗമുദിയില്‍ ടി. കെ. സുജിത്ത് വരച്ച കാര്‍ട്ടൂണ്‍ ശ്രദ്ധേയമായിരുന്നു. ڇആരുടെ നേട്ടം?ڈ എന്ന തലക്കെട്ടില്‍ വന്ന ഈ കാര്‍ട്ടൂണ്‍, മികച്ച കാര്‍ട്ടൂണിനുള്ള ആ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്‍റെ മാധ്യമ അവാര്‍ഡും കേരളലളിതകലാ അക്കാദമി ഓണറബിള്‍ മെന്‍ഷന്‍ അവാര്‍ഡും നേടി. 

കാര്‍ട്ടൂണ്‍ കടപ്പാട്: കേരള കൗമുദി