Thursday, March 28, 2024

137 - അമേഠിയിലെ ബൂത്ത് പിടുത്തം

അമേഠിയിലെ ബൂത്ത് പിടുത്തം 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-137. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 137

സുധീര്‍ നാഥ്

അമേഠിയിലെ ബൂത്ത് പിടുത്തം 

ഇലക്ഷന്‍ പോളിംഗ് ബൂത്തുകള്‍ പിടിച്ചടക്കുക എന്നുള്ള രീതി മുന്‍കാലങ്ങളില്‍ വ്യാപകമായി ഉണ്ടായിരുന്നു. മുന്‍കാലങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ മുന്‍നിര്‍ത്തിയായിരുന്നു പോളിംഗ് ബൂത്തുകള്‍ പിടിച്ചടക്കിയിരുന്നതെന്ന വിമര്‍ശനം സാധൂകരിക്കുന്ന ഒട്ടേറെ റിപ്പോര്‍ട്ടുകള്‍ രാജ്യത്തെ പല ഭാഗങ്ങളില്‍ നിന്നും വന്നിട്ടുണ്ട്. ഇപ്പോള്‍ ഇലക്ട്രിക് വോട്ടിംഗ് മെഷീനുകള്‍ ഉള്ളതുകൊണ്ട് അത് സാധിക്കുമോ എന്നുള്ള ചോദ്യവും ഉയരുന്നുണ്ട്. എന്നാല്‍ ഇലക്ട്രിക്ക് വോട്ടിംഗ് മെഷീനുകളില്‍ വ്യാപകമായി കൃത്രിമം നടത്തുവാന്‍ സാധിക്കും എന്നുള്ള ഒരു വിമര്‍ശനം വ്യാപകമായിട്ടുണ്ട് എന്നുള്ളത് മറച്ചുവയ്ക്കാന്‍ സാധിക്കില്ല. ഇപ്പോള്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള ബൂത്ത് പിടിച്ചടക്കലാണ് നടക്കുന്നത് എന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. അത് തെളിയിക്കാന്‍ സാധിച്ചിട്ടുമുണ്ട് എന്നത് ഞെട്ടലുണ്ടാക്കുന്ന ഒന്നാണ്. പക്ഷെ അത് പുറം ലോകത്തില്‍ വ്യാപകമാകാതെ ഇരിക്കുന്നു എന്നത് അപകടകരം തന്നെ. 

ഉത്തര്‍പ്രദേശിലെ ഫൈസാബാദ് മേഖലയിലെ ഒരു പ്രധാന പട്ടണമാണ് അമേഠി. 1980 മുതല്‍ നെഹ്രു-ഗാന്ധി കുടുംബത്തിന്‍റെ തിരഞ്ഞെടുപ്പ് മണ്ഡലമാണിത്. 1966 -ല്‍ രൂപീകൃതമായതിന് ശേഷം അമേഠി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒരു ശക്തികേന്ദ്രമാണ്. എന്നാല്‍ 2004 മുതല്‍ ഈ മണ്ഡലത്തിലെ എം.പി ആയിരുന്ന രാഹുല്‍ ഗാന്ധി 2019-ല്‍ ബി.ജെ.പി-യുടെ സ്മൃതി ഇറാനിയോട് പരാജയപ്പെട്ടതോടെ തുടര്‍ച്ചയായ കോണ്‍ഗ്രസിന്‍റെ വിജയം അവസാനിച്ചു. രാഹുലിന്‍റെ പിതാവ് രാജീവ് ഗാന്ധി അവിടെ മത്സരിക്കുന്ന അവസരത്തില്‍ പോലും ശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസിന്‍റെ ഉറച്ച സീറ്റ് എന്ന അമേഠിയുടെ ഖ്യാതി അന്നു മുതല്‍ തകരുന്ന കാഴ്ച്ചയാണ് രാഷ്ട്രീയ ഇന്ത്യ കണ്ടത്.

അമേഠിയില്‍ 1991 ല്‍ മത്സരിച്ച രാജീവ് ഗാന്ധിക്ക് പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ വിജയസാധ്യത കുറവായെന്ന സാഹചര്യമുണ്ടായി. അന്ന് സുരക്ഷാ ഉദ്യോഗസ്ഥരായ പോലീസുകാരുടെ സഹായത്താല്‍ പോളിംഗ് സ്റ്റേഷന്‍ പിടിച്ചടക്കി അനുകൂല വോട്ടുകള്‍ ബാലറ്റ് ബോക്സില്‍ നിറച്ചതായ പരാതിയും വന്നിരുന്നു. ഈയൊരു സാഹചര്യത്തില്‍ മുതിര്‍ന്ന കാര്‍ട്ടൂണിസ്റ്റ് മധു ഓമല്ലൂര്‍ വരച്ച ഒരു കാര്‍ട്ടൂണ്‍ ഏറെ ശ്രദ്ധേയമാണ്. കാര്‍ട്ടൂണിലെല്ലാം പോലീസുകാരാണ്. പോലീസുകാരെല്ലാം രാജീവ് ഗാന്ധിയാണ്. അമേഠി പോളിംഗ് ബൂത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരായി നില്‍ക്കുന്നതും കുട്ടയില്‍ ബാലറ്റ് ബോക്സിലേയ്ക്ക് അനുകൂല വോട്ടുകള്‍ ചൊരിയുന്നതും രാജീവ് ഗാന്ധി എന്ന പോലീസ് ഉദ്യോഗസ്ഥന്‍.

കാര്‍ട്ടൂണ്‍ കടപ്പാട്: ദേശാഭിമാനി

No comments:

Post a Comment