Wednesday, March 6, 2024

114 - മുല്ലപ്പെരിയാര് ഡാമും ആശങ്കകളും

മുല്ലപ്പെരിയാര് ഡാമും ആശങ്കകളും 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-114. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 114

സുധീര്‍ നാഥ്

മുല്ലപ്പെരിയാര്‍ ഡാമും ആശങ്കകളും

മുല്ലപ്പെരിയാര്‍ ഡാം ഒരു വലിയ രാഷ്ട്രീയ ചര്‍ച്ചാവിഷയം ആണ് ഇപ്പോഴും. തമിഴ്നാടും കേരളവും അതിര്‍ത്തി പങ്കിടുന്ന കേരളത്തിലെ ഇടുക്കി ജില്ലയിലെ തമിഴ്നാട് അതിര്‍ത്തിയിലുള്ള അണക്കെട്ടാണ്, മുല്ലപ്പെരിയാര്‍. പീരുമേട് താലൂക്കില്‍, കുമിളി ഗ്രാമപഞ്ചായത്തിലെ ശിവഗിരി മലകളില്‍നിന്നുത്ഭവിക്കുന്ന വിവിധ പോഷകനദികള്‍ ചേര്‍ന്നുണ്ടാകുന്ന നദികളാണ് മുല്ലയാറും പെരിയാറും. മുല്ലയാര്‍ നദിക്കു കുറുകേ പണിതിരിക്കുന്ന അണക്കെട്ടാണ്, മുല്ലപ്പെരിയാര്‍ അണക്കെട്ട്. തേക്കടിയിലെ പെരിയാര്‍ വന്യജീവിസങ്കേതം ഈ അണക്കെട്ടിന്‍റെ ജലസംഭരണിക്ക് ചുറ്റുമായി സ്ഥിതിചെയ്യുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ശേഖരിക്കപ്പെട്ടിരിക്കുന്ന നിശ്ചിത അളവു വെള്ളം, തമിഴ്നാട്ടില്‍ ജലസേചനത്തിനും വൈദ്യുതി നിര്‍മ്മാണത്തിനുമാണ് ഉപയോഗിക്കുന്നത്. തമിഴ്നാടിലെ വൈഗ നദിയുടെ താഴ്വരയിലെ പ്രദേശങ്ങള്‍ക്ക് ജലസേചനത്തിനായി, പെരിയാര്‍ വൈഗൈ ജലസേചന പദ്ധതി പ്രകാരം വെള്ളം കൊണ്ടുപോകുന്നത്. അണക്കെട്ടില്‍നിന്നു പെന്‍സ്റ്റോക്ക് പൈപ്പുകള്‍വഴിയാണ് വെള്ളം തമിഴ്നാട്ടിലേക്കു കൊണ്ടുപോകുന്നത്.

ഏറെക്കാലങ്ങളായി രണ്ടു സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിന് വിഷയമായിരിക്കുകയാണ്. ജലനിരപ്പുയര്‍ത്തണമെന്നു തമിഴ്നാട് ആവശ്യപ്പെടുകയും എന്നാല്‍ ആ നടപടി അണക്കെട്ടിന്‍റെ സുരക്ഷയെ ബാധിക്കുമെന്നുപറഞ്ഞ്, കേരള സര്‍ക്കാര്‍ ഈ ആവശ്യത്തെ നിരാകരിക്കുകയും ചെയ്തു. 1961ലെ വെള്ളപ്പൊക്കത്തോടുകൂടെയാണ്, യഥാര്‍ത്ഥത്തില്‍ ഈ അണക്കെട്ടിന്‍റെ സുരക്ഷയെച്ചൊല്ലിയുള്ള വാദങ്ങളും എതിര്‍വാദങ്ങളും ഉയര്‍ന്നുവന്നത്. നിയമപരമായുള്ള പോരാട്ടങ്ങളിലെല്ലാം തമിഴ്നാടിനായിരുന്നു വിജയം. ഇന്ത്യന്‍ പരമോന്നതകോടതി 2006-ല്‍ നല്‍കിയ വിധിപ്രകാരം തമിഴ്നാടിന് കേരളം കൂടുതല്‍ജലം സംഭരിക്കാനുള്ള സൗകര്യം ചെയ്ത് കൊടുക്കണം. എന്നാല്‍ കേരളം ഇതിനെതിരേ നിയമസഭയില്‍ പാസ്സാക്കിയ ബില്‍ കോടതി ഭരണഘടനാ വിരുദ്ധമെന്ന് കാട്ടി, തടയുകയും ചെയ്തു.

മുല്ലപ്പെരിയാര്‍ ഡാമിന്‍റെ പഴക്കം അപകടപ്പെടുത്തുന്ന അവസ്ഥയിലേക്ക് എത്തും എന്നുള്ള കേരളത്തിന്‍റെ ആശങ്ക വലിയ ചര്‍ച്ചയാവുകയുണ്ടായി. അങ്ങനെ ഒട്ടേറെ ആശങ്കകള്‍ നിറഞ്ഞ സമയത്ത് ദേശീയ മാധ്യമങ്ങളിലും, കേരളത്തിലെ മാധ്യമങ്ങളിലും മുല്ലപ്പെരിയാര്‍ വിഷയം ഗൗരവമായി ചര്‍ച്ച ചെയ്തു. ഡാം എന്ന വാക്ക് ഉപയോഗിച്ച് പ്രമുഖ കാര്‍ട്ടൂണിസ്റ്റ് ഗോപീകൃഷ്ണന്‍ മാതൃഭൂമിയില്‍ വരച്ച കാര്‍ട്ടൂണ്‍ ശ്രദ്ധേയമായിരുന്നു. ഡാം എന്ന ഇംഗ്ലീഷ് പദത്തിന്‍റെ പ്രതിഫലനമായ മാഡ് മറ്റൊരു അര്‍ത്ഥമാണ് നല്‍കുന്നത്. തമിഴ്നാട് മുഖ്യമന്ത്രി എം.  കരുണാനിധിയും കേരള മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനും ആണ് കഥാപാത്രങ്ങള്‍. ശേഷം കാര്‍ട്ടൂണില്‍.

കാര്‍ട്ടൂണ്‍ കടപ്പാട് : മാതൃഭൂമി

No comments:

Post a Comment