Wednesday, March 6, 2024

102 - ലക്ഷ്മണ രേഖയാണ് ആദ്യത്തെ ലോക്ക്ഡൗണ്…!

ലക്ഷ്മണ രേഖയാണ് ആദ്യത്തെ ലോക്ക്ഡൗണ്…! 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-102. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 102

സുധീര്‍ നാഥ്

ലക്ഷമണ രേഖയാണ് ആദ്യത്തെ ലോക്ക്ഡൗണ്‍...!

കോവിഡ് കാലം ലോകത്ത് വലിയ മാറ്റങ്ങള്‍ വരുത്തി. കോവിഡ് രോഗം മൂലം ലോകമാകെ ജനങ്ങള്‍ ഭീതിയിലായിരുന്നു. ഇന്ത്യ ഉള്‍പ്പടെ എല്ലാ രാജ്യങ്ങളും, ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജനങ്ങള്‍ വീടിനുള്ളിലേയ്ക്ക് സ്വയം വലിഞ്ഞു. ഇന്ത്യയിലെ എല്ലാ വഴികളും വിജനമായി. ഫാക്റ്ററികള്‍ അടച്ചു. നിര്‍മ്മാണ മേഖല നിലച്ചു. തൊഴില്‍ നഷ്ടപ്പെട്ട പാവങ്ങളായ ദിവസ കൂലിക്കാര്‍ സ്വന്തം ഗ്രാമം ലക്ഷ്യമാക്കി നടന്നു. രാജ്യത്തിന്‍റെ എല്ലാ ഭാഗത്തും നമ്മള്‍ പാലായനം കണ്ടു. ഭീതിപ്പെടുത്തിയ കൊറോണ വൈറസ് പടര്‍ന്ന കാലത്ത് മനുഷ്യര്‍ പലതും പഠിച്ചു കൊണ്ടിരിക്കുന്നു. മനുഷ്യന്‍റെ ഉള്ളില്‍ ഒളിഞ്ഞു കിടന്ന പല നന്‍മകളും കോവിഡ് കാലത്ത് പുറത്തു വന്നതായി കാണാം.

ലോക്ഡൗണിന് സമാനമായ ഒന്നുതന്നെയാണ് ലക്ഷ്മണരേഖ. ഈ രേഖ മറികടക്കുന്നത് ആപത്തിനു കാരണമാകുമെന്നാണ് വിശ്വാസം. രാമായണത്തിലെ ആരണ്യകാണ്ഡത്തില്‍ പ്രദിപാദിക്കുന്ന ഒരു കഥയില്‍ നിന്നാണ് ഈ വാക്കിന്‍റെ ഉത്ഭവം. ശ്രീരാമന്‍റെ വനവാസക്കാലത്ത് സീതയെ കണ്ട് ആക്യഷ്ടനായ രാവണന്‍ മാരീചന്‍റെ സഹായത്താല്‍ പര്‍ണ്ണാശ്രമത്തില്‍ നിന്ന് ശ്രീരാമനെ അകറ്റുന്നു. പര്‍ണ്ണാശ്രമത്തില്‍ സീതയ്ക്ക് കൂട്ടായി നിന്ന ലക്ഷ്മണനെ അവിടെ നിന്ന് മാറ്റുന്നതിനായി മാരീചന്‍ ശ്രീരാമന്‍റെ ശബ്ദത്തില്‍ കരയുന്നു. ശ്രീരാമന്‍റെ കരച്ചില്‍ കേട്ട് വല്ല അപകടവും പറ്റിയോ എന്ന് പരിഭ്രമിച്ച സീത അനുജന്‍ ലക്ഷ്മണനോട് ശബ്ദം കേട്ടിടത്ത് ചെന്ന് അന്വേഷിക്കാന്‍ ആവശ്യപ്പെടുന്നു. പോകുന്നതിനു മുന്‍പ് ആശ്രമത്തിനു ചുറ്റും ഒരു രേഖ ലക്ഷമണന്‍ വരക്കുകയും സീതയോട് അതു മുറിച്ചു പുറത്തുകടക്കെരുതെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. ഈ രേഖ മറികടക്കാന്‍ പറ്റാതിരുന്ന വേഷപ്രച്ഛന്നനായ രാവണന്‍ തന്ത്രപരമായി സീതയെ ലക്ഷ്മണരേഖക്ക് പുറത്തിറക്കുകയും തട്ടിക്കൊണ്ടുപോവുകയും ചെയ്തു. ഇതാണ് രാമായണത്തിന് നിദാനം.

ഏതെങ്കിലും വ്യക്തിയോ സംഘടനകളോ അവരുടെ പ്രവര്‍ത്തനമേഖലയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നതിനെക്കുറിച്ച് പരാമര്‍ശിക്കാനാണ് ലക്ഷ്മണരേഖ എന്ന വാക്ക് ഇപ്പോള്‍ വളരെയധികം ഉപയോഗിക്കാറ്. കോവിഡിനെ തുടര്‍ന്ന് ലോകരാജ്യങ്ങളെല്ലാം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. 2020 മാര്‍ച്ച് 24ന് ഇന്ത്യയിലും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഈ അവസരത്തില്‍ സുധീര്‍ നാഥ് ഗള്‍ഫ് ഇന്ത്യയ്ക്കായി വരച്ച കാര്‍ട്ടൂണില്‍ ലക്ഷമണരേഖയാണ് ആദ്യത്തെ ലോക്ക്ഡൗണ്‍ എന്ന് അമീത്ത്ഷാ പ്രധാനമന്ത്രി മോദിയോട് പറയുന്നതാണ്. ശ്രീരാമനും, ലക്ഷമണനും, സീതയും കാര്‍ട്ടൂണിലുണ്ട്.

കാര്‍ട്ടൂണ്‍ കടപ്പാട്: ഗള്‍ഫ് ഇന്ത്യന്‍സ്

No comments:

Post a Comment