Thursday, March 28, 2024

128 - സപ്തകക്ഷി മുന്നണിയും, മുന്നണിയുടെ പിളര്‍പ്പും

സപ്തകക്ഷി മുന്നണിയും, മുന്നണിയുടെ പിളര്‍പ്പും 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-128. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.

രാഷ്ട്രീയ ഇടവഴി 128

സുധീര്‍ നാഥ്

സപ്തകക്ഷി മുന്നണിയും, മുന്നണിയുടെ പിളര്‍പ്പും. 

മുന്നണി രാഷ്ട്രീയത്തില്‍ സപ്തകക്ഷിമുന്നണിക്ക് 1വലിയ പ്രാധാന്യമുണ്ട് കേരള രാഷ്ട്രീയ ചരിത്രത്തില്‍. 1967ല്‍ രൂപം കൊണ്ടതാണ് കേരളത്തിലെ ഏഴ് രാഷ്ട്രീയ പാര്‍ട്ടികളുടെ സഖ്യമായ സപ്തകക്ഷിമുന്നണി. ഈ മുന്നണി 1967-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കുകയും രണ്ടാം ഇ.എം.എസ് മന്ത്രിസഭയ്ക്ക് രൂപം കൊടുക്കുകയും ചെയ്തു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) (സിപിഐഎം) ആണ് ഈ മുന്നണിക്കു നേതൃത്വം നല്‍കിയത്. സപ്തകക്ഷിമുന്നണി, തിരഞ്ഞെടുപ്പ് നടന്ന 133 മണ്ഡലങ്ങളില്‍ 117 മണ്ഡലങ്ങളില്‍ നാല് സ്വതന്ത്രര്‍ ഉള്‍പ്പെടെ വിജയിച്ചു. 1967 മാര്‍ച്ച് 6 ന് ഇ.എം.എസ്. നമ്പൂതിരിപ്പാട് (സി.പി.എം.) രണ്ടാം തവണ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്നാല്‍ ഭരണത്തിലേറി 30 മാസം പൂര്‍ത്തിയാകുന്നതിനുമുമ്പ് തന്നെ മുന്നണിയില്‍ ആഭ്യന്തര ഭിന്നതകള്‍ ഉയര്‍ന്നുവന്നു. 

ജര്‍മ്മനിയില്‍ ഒരു വിദേശയാത്രയ്ക്ക് പോയി മടങ്ങിയെത്തിയ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാട് 1969 ഒക്ടോബര്‍ 17ന് തന്‍റെ മന്ത്രിസഭയിലെ മന്ത്രിമാര്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കപ്പെട്ടതിന്‍റെ പേരില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സ്വന്തം മന്ത്രിസഭയിലെ മന്ത്രിമാര്‍ക്ക് എതിരെ സംശയപരമായ രീതിയില്‍ നടത്തിയ നടപടിയാണ് മുന്നണിയില്‍ ആഭ്യന്തര ഭിന്നതകള്‍ ഉണ്ടാകാന്‍ കാരണം. അധികാരമേറ്റ് 32 മാസത്തിനുശേഷം ഇ.എം.എസ്. സര്‍ക്കാര്‍ 1969 ഒക്ടോബര്‍ 24 ന് രാജിവച്ചു.

സപ്തകക്ഷി മുന്നണിയിലെ അഞ്ചു പാര്‍ട്ടികള്‍ പുതുതായി അടിയന്തിരമായി ഒരു മുന്നണി രൂപീകരിച്ചു. എംഎല്‍എപോലുമല്ലാത്ത സി എച്ച് അച്ച്യുതമേനോനെ മുഖ്യമന്ത്രിയാക്കി 1969 നവംബര്‍ 1ന് സത്യപ്രതിജ്ഞ ചെയ്യിച്ച് ഭരണം തുടരുകയും ആയിരുന്നു. കോണ്‍ഗ്രസ് പുറത്ത് നിന്ന് പിന്തുണയ്ക്കുകയായിരുന്നു. സിപിഐയുടെ നേത്യത്ത്വത്തില്‍ പുതുതായി രൂപം കൊണ്ട ഐക്യ മുന്നണിയില്‍ മുസ്ലീം ലീഗ്, എസ്.എസ്.പി, ഐ.എസ്.പി, ആര്‍.എസ്.പി, കേരള കോണ്‍ഗ്രസ്, തുടങ്ങിയ പാര്‍ട്ടികള്‍ ഉണ്ടായിരുന്നു. 

മുഖ്യമന്ത്രി സി. എച്ച് അച്ച്യുതമേനോന്‍ 1970ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടുകൂടി കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം ഉണ്ടായി. എതിര്‍ഭാഗത്തുള്ള ഇഎംഎസ് നമ്പൂതിരിപ്പാടിന്‍റെ നേതൃത്വത്തിലുള്ള സിപിഎം ഒരു തെരഞ്ഞെടുപ്പിന് തയ്യാറല്ലായിരുന്ന സമയത്തായിരുന്നു അത്. ഈ ഒരു സാഹചര്യത്തില്‍ പ്രമുഖ കാര്‍ട്ടൂണിസ്റ്റ് കെ എസ് പിള്ള വരച്ച ഒരു കാര്‍ട്ടൂണ്‍ ആണ് സരസന്‍ മാസികയുടെ മുഖചിത്രമായി പ്രസിദ്ധീകരിക്കപ്പെട്ടത്. അച്യുതമേനോന്‍ തെരഞ്ഞെടുപ്പ് എന്ന ഒരു കുട്ടിയെ ഉപയോഗിച്ച് ഇ.എം.എസിനെ മര്‍ദ്ദിക്കുവാന്‍ ശ്രമിക്കുന്നതാണ് കാര്‍ട്ടൂണ്‍. 1970ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.ഐ, ആര്‍.എസ്.പി, മുസ്ലിംലീഗ്, എസ്.എസ്.പി, ഐ.എസ്.പി, കേരള കോണ്‍ഗ്രസ്, തുടങ്ങിയ പാര്‍ട്ടികളുടെ മുന്നണിയും കോണ്‍ഗ്രസും ചേര്‍ന്ന സഖ്യം അധികാരത്തിലെത്തി. ആദ്യഘട്ടത്തില്‍ മന്ത്രിസഭയെ പുറത്തുനിന്നു പിന്തുണച്ച കോണ്‍ഗ്രസ് ഏതാനും മാസത്തിനകം മന്ത്രിസഭയില്‍ ചേര്‍ന്നു. 

കാര്‍ട്ടൂണ്‍ കടപ്പാട്: സരസന്‍

No comments:

Post a Comment